രാമക്ഷേത്ര നിർമാണത്തിന് നാളെ തുടക്കം
text_fieldsഅയോധ്യ: അയോധ്യയിലെ രാമക്ഷേത്ര നിർമാണം തറക്കല്ലിടൽ കർമത്തോടെ ബുധനാഴ്ച ആരംഭിക്കും. രാമജന്മ ഭൂമിയിലെ കുബർ തില പ്രത്യേക പീഠത്തിൽ രാവിലെ എട്ടിന് നടക്കുന്ന ശിവ പ്രാർഥനയോടെയാവും തുടക്കം. ലങ്ക ആക്രമിക്കുന്നതിനുമുമ്പ് ശ്രീരാമൻ ശിവനെ വിളിച്ച് പ്രാർഥിച്ച രീതി പിന്തുടർന്നാണിതെന്ന് ശ്രീ രാം ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് മേധാവി നൃത്യ ഗോപാൽ ദാസിെൻറ വക്താവ് മഹന്ത് കമൽ നയൻ ദാസ് അറിയിച്ചു. മഹന്ത് നൃത്യ ഗോപാൽ ദാസിെൻറ കാർമികത്വത്തിലായിരിക്കും ചടങ്ങുകൾ.
കഴിഞ്ഞ നവംബറിൽ സുപ്രീംകോടതി വിധിയിലൂടെയാണ് അയോധ്യയിലെ തർക്കഭൂമി രാമക്ഷേത്ര നിർമാണത്തിന് ലഭിച്ചത്. ഭൂമി രാമക്ഷേത്രത്തിന് നൽകണമെന്നും പകരം പള്ളി നിർമിക്കാൻ അഞ്ച് ഏക്കർ ഭൂമി അയോധ്യയിൽതന്നെ നൽകണമെന്നുമായിരുന്നു വിധി. തുടർന്ന് ഇവിടെ താൽക്കാലികമായി കെട്ടിയുയർത്തിയ ക്ഷേത്രത്തിൽ പൂജിച്ചിരുന്ന രാം ലല്ല വിഗ്രഹം മാർച്ചിൽ ആചാരാഘോഷങ്ങളോടെ പുതിയ സ്ഥലത്തേക്ക് മാറ്റി പ്രതിഷ്ഠിച്ചു. മേയിൽ പ്രദേശം നികത്തി വെടിപ്പാക്കുന്ന പ്രവൃത്തി ആരംഭിച്ചു.
16ാം നൂറ്റാണ്ടിൽ പണിത ബാബരി മസ്ജിദ്, രാമക്ഷേത്രം നിലനിന്നിരുന്ന സ്ഥലത്താണെന്ന് ആരോപിച്ച് 1992ൽ സംഘ് പരിവാർ കർസേവകർ തകർക്കുകയായിരുന്നു. മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട കേസിലെ വിചാരണ ലഖ്നോവിലെ പ്രത്യേക കോടതിയിൽ തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.