മഹാരാഷ്ട്രയിൽ ആഞ്ഞുവീശി മഹായുതി സഖ്യം; അമ്പരന്ന് മഹാവികാസ്; കൃത്രിമം നടന്നെന്ന് സഞ്ജയ് റാവുത്ത്
text_fieldsമുംബൈ: രാഷ്ട്രീയ നിരീക്ഷകരെയെല്ലാം അമ്പരപ്പിക്കുന്ന ഫലമാണ് മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലേത്. ബി.ജെ.പി സഖ്യമായ മഹായുതി വലിയ ഭൂരിപക്ഷവുമായി വീണ്ടും അധികാരത്തിലേക്ക് തിരിച്ചെത്തുന്നു. വോട്ടെണ്ണൽ പകുതി പിന്നിടുമ്പോൾ കേവല ഭൂരിപക്ഷമായ 145 സീറ്റുകളും കടന്ന് 217 സീറ്റുകളിൽ മുന്നേറുകയാണ് മഹായുതി.
എം.വി.എ സഖ്യത്തിന്‍റെ ലീഡ് 57ൽ ഒതുങ്ങി. 15 സീറ്റുകളിൽ മറ്റുള്ളവരും ലീഡ് ചെയ്യുകയാണ്. 288 സീറ്റുകളാണ് സംസ്ഥാനത്തുള്ളത്. ബി.ജെ.പിയുടെ കരുത്തിലാണ് മഹായുതി സഖ്യം കുതിക്കുന്നത്. 125 സീറ്റുകളിലാണ് ബി.ജെ.പി ലീഡ് ചെയ്യുന്നത്. ശിവസേന ഏക്‌നാഥ് ഷിൻഡേ വിഭാഗം 54 സീറ്റുകളിലും എന്‍.സി.പി (അജിത് പവാര്‍) 35 സീറ്റുകളിലും മുന്നേറ്റം തുടരുകയാണ്. ഏറെ പ്രതീക്ഷയോടെയാണ് ഇത്തവണ കോൺഗ്രസിന്‍റെ നേതൃത്വത്തിൽ മഹാവികാസ് അഘാഡി പ്രചാരണം നടത്തിയത്.
കോണ്‍ഗ്രസ് 22 സീറ്റുകളിലും ശിവസേന ഉദ്ധവ് താക്കറെ വിഭാഗം 20 സീറ്റുകളിലും എന്‍.സി.പി (ശരദ് പവാര്‍) 12 സീറ്റുകളിലും മാത്രമാണ് ലീഡ് ചെയ്യുന്നത്. ബി.ജെ.പിയുടെ ദേവേന്ദ്ര ഫട്നാവിസ്, മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ എന്നിവരെല്ലാം ലീഡ് ചെയ്യുകയാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രകടനം നിയമസഭാ തെരഞ്ഞെടുപ്പിലും ആവർത്തിക്കാമെന്ന പ്രതീക്ഷയിൽ വലിയ പ്രചാരണമാണ് മഹാവികാസ് അഘാഡി സഖ്യം സംസ്ഥാനത്തുടനീളം നടത്തിയത്.
എന്നാൽ, അതൊന്നും വോട്ടായില്ല. അതിനിടെ തെരഞ്ഞെടുപ്പ് ഫലത്തിൽ സംശയം പ്രകടിപ്പിച്ച് ശിവസേന ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റാവുത്ത് രംഗത്തെത്തി. ഭരണകക്ഷിയായ മഹായുതി സഖ്യം തെരഞ്ഞെടുപ്പ് ഫലത്തിൽ കൃത്രിമം കാണിച്ചെന്ന് അദ്ദേഹം ആരോപിച്ചു.
‘അവർ കൃത്രമം കാണിച്ചിട്ടുണ്ട്; ഞങ്ങളുടെ ഏതാനും സീറ്റുകൾ അവർ തട്ടിയെടുത്തു. ഇത് പൊതുജനങ്ങളുടെ തീരുമാനമല്ല. ഈ ഫലത്തോട് പൊതുജനം യോജിക്കില്ല. ശിവസേന (ഉദ്ധവ്) വെറും 20 സീറ്റുകളിൽ ലീഡ് ചെയ്യുന്നുവെന്നത് തന്നെ സംശയം ജനിപ്പിക്കുന്നു. ഷിൻഡേക്ക് 60 സീറ്റും അജിത് പവാറിന് 40 സീറ്റും ബി.ജെ.പിക്ക് 125 സീറ്റും ലഭിക്കുമോ? ഈ സംസ്ഥാനത്തെ ജനങ്ങൾ സത്യസന്ധരാണ്’ -സഞ്ജയ് റാവുത്ത് പ്രതികരിച്ചു.
എന്നാൽ, റാവുത്തിനെതിരെ ബി.ജെ.പി നേതാവ് പ്രവീൺ ദരേകർ രംഗത്തെത്തി. പൊതുജനത്തിന്‍റെ വിശ്വാസമാണ് തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിലെയും സംസ്ഥാനത്തെയും ബി.ജെ.പി സർക്കാറിനു കീഴിൽ മഹാരാഷ്ട്ര വലിയ അഭിവൃദ്ധി നേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.