തെരഞ്ഞെടുപ്പ് ബോണ്ട്: കൂടുതൽ സമയം ചോദിച്ച എസ്.ബി.ഐയുടെ ഹരജി ഇന്ന് പരിഗണിക്കും
text_fieldsന്യൂഡൽഹി: ഇലക്ടറൽ ബോണ്ടുകളുടെ വിശദാംശങ്ങൾ സമർപ്പിക്കാനുള്ള സമയം ജൂൺ 30 വരെ നീട്ടണമെന്ന എസ്.ബി.ഐയുടെ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി.ആർ. ഗവായ്, ജെ.ബി. പർദീവാല, മനോജ് മിശ്ര എന്നിവർ അംഗങ്ങളുമായ ബെഞ്ചാണ് കേസ് പരിഗണിക്കുക. വിവരങ്ങൾ ആറിനകം നൽകണമെന്ന സുപ്രീംകോടതി വിധി ബോധപൂർവം അവഗണിച്ചുവെന്നു കാണിച്ച് എസ്.ബി.ഐക്കെതിരെ നൽകിയ കോടതിയലക്ഷ്യ ഹരജിയും ഇതോടൊപ്പം അഞ്ചംഗ ബെഞ്ച് പരിഗണിക്കും.
സുപ്രീംകോടതി റദ്ദാക്കിയ ഇലക്ടറൽ ബോണ്ടുകളുടെ വിശദാംശങ്ങൾ സമർപ്പിക്കാനുള്ള സമയം ജൂൺ 30 വരെ നീട്ടണമെന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആവശ്യം. ഓരോ പാർട്ടിയും ഇലക്ടറൽ ബോണ്ടുകൾ വഴി സമാഹരിച്ച തുകയുടെ വിശദാംശങ്ങൾ എസ്.ബി.ഐ മാർച്ച് ആറിനകം തെരഞ്ഞെടുപ്പ് കമീഷന് സമർപ്പിക്കണമെന്നായിരുന്നു പരമോന്നത കോടതി നിർദേശം. തീയതി ജൂൺ 30 വരെ നീട്ടാനാവശ്യപ്പെട്ട് മാർച്ച് നാലിനാണ് എസ്.ബി.ഐ കോടതിയിലെത്തിയത്.
എസ്.ബി.ഐയുടെ നിലപാടിനെതിരെ പ്രതിപക്ഷ കക്ഷികൾ രൂക്ഷ വിമർശനമുന്നയിച്ചിരുന്നു. വിവരങ്ങൾ സമർപ്പിക്കുന്നത് ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നത് വരെ നീട്ടിക്കൊണ്ടുപോകാനാണ് എസ്.ബി.ഐ നീക്കമെന്നാണ് പ്രധാന വിമർശനം.
2019 ഏപ്രിൽ 12 മുതൽ 2024 ഫെബ്രുവരി 15 വരെ 22,217 ബോണ്ടുകൾ വിതരണം ചെയ്തുവെന്നും ഇവയുടെ വിവരങ്ങൾ മുദ്രവെച്ച കവറുകളിൽ മുംബൈയിലെ പ്രധാന ശാഖയിലാണെന്നും ബാങ്ക് കോടതിയിൽ അറിയിച്ചിരുന്നു. ഇവ ഡീകോഡ് ചെയ്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സമയപരിധി അപര്യാപ്തമാണെന്നാണ് എസ്.ബി.ഐയുടെ അവകാശവാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.