സമീർ വാങ്കഡെയുടെ ജാതി സർട്ടിഫിക്കറ്റ് ശരിയെന്ന് പട്ടിക ജാതി കമീഷൻ
text_fieldsമുംബൈ: ആര്യൻ ഖാൻ മയക്കുമരുന്ന് കേസിൽ വിവാദ നായകനായി മാറിയ നാർകോട്ടിക്ക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) പശ്ചിമ മേഖല ഡയറക്ടർ സമീർ വാങ്കഡെ, ദേശീയ പട്ടിക ജാതി കമീഷൻ ഉപാധ്യക്ഷൻ അരുൺ ഹൽദറെ സന്ദർശിച്ചു. മുസ്ലിമായ സമീർ വാങ്കഡെ വ്യാജ പട്ടിക ജാതി സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് െഎ.ആർ.എസ് നേടിയതെന്ന് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് പരസ്യമായി ആരോപിക്കുകയും അന്വേഷണം ആവശ്യപ്പെട്ട്കമീഷന് എഴുതുകയും ചെയ്തിരുന്നു. സമീർ വാങ്കഡെയും കമീഷനെ സമീപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് എഴു ദിവസത്തിനകം മറുപടി ആവശ്യപ്പെട്ട് കമീഷൻ വെള്ളിയാഴ്ച മഹാരാഷ്ട്ര സർക്കാറിന് നോട്ടീസും അയച്ചിരുന്നു. ഇതിനു പിന്നാലെയാണ് സമീർ-ഹൽദർ കൂടിക്കാഴ്ച.
സമീർ സമർപ്പിച്ച ജാതി സർട്ടിഫിക്കറ്റ് പ്രഥമദൃഷ്ട്യാ യഥാർഥമാണെന്നും സമീർ മതം മാറിയിട്ടില്ലെന്ന് മനസ്സിലാകുന്നതായും അരുൺ ഹൽദർ പറഞ്ഞു. സമീർ ദാവൂദ് വാങ്കഡെ എന്ന പേരിലുള്ള, മുസ്ലിമെന്ന് അടയാളപ്പെടുത്തിയ ജനന സർട്ടിഫിക്കറ്റും ആദ്യ വിവാഹത്തിെൻറ സർട്ടിഫിക്കറ്റും പുറത്തുവിട്ടാണ് നവാബ് മാലിക് സമീർ വാങ്കഡെക്കെതിരെ ആരോപണമുന്നയിച്ചത്. സമീറും കുടുംബവും മുസ്ലിംകളായിരുന്നുവെന്ന് ആദ്യ ഭാര്യയുടെ പിതാവും മുസ്ലിമായതിനാലാണ് നിക്കാഹ് ചെയ്തു കൊടുത്തതെന്ന് ഖാദിയും പറഞ്ഞിരുന്നു.
എന്നാൽ, മുസ്ലിമായ മാതാവിെൻറ ആഗ്രഹപ്രകാരമാണ് നിക്കാഹ് നടത്തിയതെന്നാണ് സമീറിെൻറ മറുപടി. ആര്യൻ ഖാൻ അറസ്റ്റിലായതിന് പിന്നാലെ മാലിക് നിരന്തരം വെളിപ്പെടുത്തലുകളുമായി രംഗത്തുവന്നതോടെ സമീർ വാങ്കഡെയും എൻ.സി.ബിയും പ്രതിരോധത്തിലാണ്. ആര്യനെ വിട്ടയക്കാൻ ഷാറൂഖിനോട് പണമാവശ്യപ്പെട്ടെന്ന കോഴക്കേസിൽ അന്വേഷണവും നേരിടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.