പാചകവാതക വിലവർധന: വിമാനയാത്രക്കിടെ സ്മൃതി ഇറാനിയെ നേരിട്ട് മഹിളാ കോൺഗ്രസ് നേതാവ്
text_fieldsന്യൂഡൽഹി: പാചക വാതക വിലവർധനവിനെ ചൊല്ലി ബി.ജെ.പി നേതാവും കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രിയുമായ സ്മൃതി ഇറാനിയുമായി ദേശീയ മഹിളാ കോൺഗ്രസ് ആക്ടിങ് പ്രസിഡന്‍റ് നെറ്റ ഡിസൂസ വിമാനയാത്രക്കിടയിൽ നേർക്കുനേർ. യു.പി.എ ഭരണകാലത്ത് പാചക വാതക വിലവർധനവിനെതിരെ ഗ്യാസ് സിലിണ്ടറേന്തി സമരം നയിച്ച സ്മൃതി ഇറാനിയെ ഡൽഹി - ഗുവാഹത്തി വിമാനത്തിൽ കണ്ട നേരത്താണ് നെറ്റ ഡിസൂസ അതേ വിഷയവുമായി നേരിട്ടത്.
നെറ്റ വീഡിയോയിൽ പകർത്തിയ സംഭാഷണം പിന്നീട് ട്വിറ്ററിൽ പങ്കുവെച്ചു. മോദിയുടെ മന്ത്രി സ്മൃതി ഇറാനിയെ ഗുവാഹത്തിയിലേക്കുള്ള വഴിയിൽ മുഖാമുഖം കണ്ടു എന്നു പറഞ്ഞാണ് നെറ്റ ഡിസൂസ വീഡിയോ പങ്കുവെച്ചത്. പാചകവാതകത്തിന്‍റെ സഹിക്കാനാവാത്ത വിലയെ കുറിച്ച് ചോദിച്ചപ്പോൾ വാക്സിനെയും റേഷനെയും പാവങ്ങളെയുമാണ് അവർ കുറ്റപ്പെടുത്തിയത് എന്ന് നെറ്റ ട്വീറ്റ് ചെയ്തു.
യാത്രക്കാർ ഇറങ്ങികൊണ്ടിരിക്കുന്ന നേരത്താണ് സ്മൃതിയെ നെറ്റ ചോദ്യവുമായി നേരിട്ടത്. നെറ്റ തന്റെ വഴി മുടക്കുകയാണെന്ന് സ്മൃതി ആദ്യം പരാതിപ്പെട്ടുവെങ്കിലും നെറ്റ അവർക്കൊപ്പം നടന്ന് പാചക വാതകം ഇല്ലാത്ത സ്റ്റൗവിനെ കുറിച്ച് ചോദ്യം തുടർന്നു.
നെറ്റ മൊബൈലിൽ പകർത്തുന്നത് കണ്ട് സ്മൃതിയും സംഭാഷണം മൊബൈലിൽ പകർത്തി. ദയവ് ചെയ്ത് കള്ളം പറയരുത് എന്ന് സ്മൃതി മറുപടി പറയുന്നുണ്ടായിരുന്നു. തന്നെ തടഞ്ഞുനിർത്തി സംസാരിക്കുകയാണെന്ന് സ്മൃതി പരാതിപ്പെടുന്നതും വീഡിയോയിൽ കേൾക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.