വ്യാജ ഏറ്റുമുട്ടൽ കേസ് വിചാരണ ചെയ്ത ജഡ്ജിയുടെ മരണം ദുരൂഹമെന്ന് ബന്ധുക്കൾ
text_fieldsന്യൂഡൽഹി: സൊഹ്റാബുദ്ദീൻ ശൈഖ് വ്യാജ ഏറ്റുമുട്ടൽ കേസിെൻറ വിചാരണ നടത്തിയ ജഡ്ജിയുടെ മരണത്തിൽ ദുരൂഹത ചൂണ്ടിക്കാട്ടി മൂന്നു വർഷത്തിനു ശേഷം ബന്ധുക്കളുടെ വെളിപ്പെടുത്തൽ. മുംബൈ സി.ബി.െഎ പ്രത്യേക കോടതി ജഡ്ജി ബ്രിജ്ഗോപാൽ ഹർകിഷൻ ലോയയുടെ (48) മരണത്തിലെ അസ്വാഭാവികതകൾ അക്കമിട്ടു നിരത്തുന്ന ബന്ധുമൊഴികൾ ‘കാരവൻ’ ഇംഗ്ലീഷ് മാസികയാണ് പുറത്തുവിട്ടത്.
ബി.ജെ.പി പ്രസിഡൻറും ഗുജറാത്ത് മുൻ ആഭ്യന്തര സഹമന്ത്രിയുമായ അമിത്ഷാ പ്രധാന പ്രതികളിൽ ഒരാളായ കേസാണിത്. ദുഃസ്വാധീനം ഉണ്ടാകുമെന്ന് കണ്ടതിനെ തുടർന്ന് സുപ്രീംകോടതി ഗുജറാത്തിൽനിന്ന് മഹാരാഷ്ട്രയിലേക്ക് മാറ്റിയ കേസുമാണ്.
2014 ഡിസംബർ ഒന്നിനാണ് ബ്രിജ്ഗോപാലിെൻറ മരണം. സഹ ജഡ്ജിയായ സപ്ന ജോഷിയുടെ മകളുടെ വിവാഹത്തിൽ പെങ്കടുക്കാൻ നാഗ്പുരിലെത്തിയ അദ്ദേഹം ഹൃദയസ്തംഭനം മൂലം മരിച്ചുവെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ, അദ്ദേഹത്തെ ആശുപത്രിയിൽ കൊണ്ടുപോയ രീതി, പോസ്റ്റുമോർട്ടം, മൃതദേഹം നാട്ടിലെത്തിച്ചത്, മൃതദേഹത്തിൽ കണ്ട ചോരപ്പാടുകൾ എന്നിവയെല്ലാം ബന്ധുക്കളിൽ സംശയം ഉയർത്തുന്നു. അതേസമയം, ഭാര്യയും മക്കളും നിശ്ശബ്ദത തുടരുകയാണ്.
നവംബർ 30ന് ബ്രിജ്ഗോപാൽ നാഗ്പുരിലെ രവിഭവൻ ഗവ. െഗസ്റ്റ് ഹൗസിലാണ് മറ്റ് ഏതാനും ജഡ്ജിമാർക്കൊപ്പം തങ്ങിയത്. സുരക്ഷയും വാഹന സൗകര്യവുമുള്ള െഗസ്റ്റ് ഹൗസിൽനിന്ന് അർധരാത്രിക്കു ശേഷം അദ്ദേഹത്തെ തൊട്ടടുത്ത ആശുപത്രിയിൽ കൊണ്ടുേപായത് ഒാേട്ടാറിക്ഷയിലാണ്. രണ്ടു കിലോമീറ്റർ ദൂരെയാണ് ഒാേട്ടാസ്റ്റാൻഡ്. ആദ്യമെത്തിച്ച ആശുപത്രിയിൽ ഇ.സി.ജി സംവിധാനം കേടായതിെൻറ പേരിൽ മറ്റൊരു ആശുപത്രിയിലേക്കു മാറ്റി. അതിനെല്ലാമൊടുവിൽ ഡിസംബർ ഒന്നിനു രാവിലെ മരണവിവരം ബന്ധുക്കളെ അറിയിക്കുകയായിരുന്നു.
പോസ്റ്റുമോർട്ടം വേഗത്തിലാക്കാനും മൃതദേഹം സ്വദേശമായ ലാത്തൂരിൽ എത്തിക്കാനും പൊലീസിനേക്കാൾ ഇടപെട്ടത് ആർ.എസ്.എസ് പ്രവർത്തകനായ ഇൗശ്വർ ബഹേതിയാണെന്ന് മരുമകൾ നൂപുർ ബാലപ്രസാദ് ബിയാനി ഒാർക്കുന്നു. വിവാഹത്തിൽ പെങ്കടുക്കാൻ ബ്രിജ്ഗോപാലിനെ നിർബന്ധിച്ച സഹപ്രവർത്തകർ ആരും നാട്ടിലേക്ക് ചെന്നില്ല. ഡ്രൈവർ മാത്രമാണ് മൃതദേഹേത്താടൊപ്പം ആംബുലൻസിൽ ഉണ്ടായിരുന്നത്.
മൃതദേഹത്തിലും ഷർട്ടിലുമായി ഇടത്തെ തോൾ മുതൽ അരക്കെട്ടുവരെ ചോരപ്പാടുകൾ ഉണ്ടായിരുന്നു. തലക്ക് പരിക്കുണ്ടായിരുന്നു. കണ്ണട കഴുത്തിനു താഴെ മൃതദേഹത്തിന് അടിയിലാണ് കിടന്നത്. പാൻറ്സിെൻറ ബെൽറ്റ് വിപരീത ദിശയിലാണ് കെട്ടിയിരുന്നത്. മരണസമയം രേഖകളിൽ പലവിധത്തിലാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഒപ്പിട്ടു വാങ്ങിയത് ഒരു ബന്ധുവിെൻറ പേരുപറഞ്ഞാണ്. എന്നാൽ, നാഗ്പുരിൽ തങ്ങൾക്ക് അങ്ങനെയൊരു ബന്ധു ഇല്ലെന്ന് കുടുംബാംഗങ്ങൾ ആണയിടുന്നു. വീണ്ടും പോസ്റ്റുമോർട്ടം നടത്തണമെന്ന ആവശ്യം ആരും ചെവിെക്കാണ്ടില്ല. ‘അത്തരം ആളുകളിൽനിന്ന് സുരക്ഷിതനായി നിൽക്കുക’ എന്നൊരു എസ്.എം.എസ് സന്ദേശം മൊബൈലിൽ ഉണ്ടായിരുന്നുവെന്നും മരുമകൾ ഒാർക്കുന്നു.
2012ലാണ് സൊഹ്റാബുദ്ദീൻ ശൈഖ് പൊലീസ് ഏറ്റുമുട്ടൽ കൊലക്കേസ് സുപ്രീംകോടതി ഗുജറാത്തിനു പുറത്തേക്ക് മാറ്റിയത്. വിചാരണ തുടക്കം മുതൽ അവസാനം വരെ ഒരേ ജഡ്ജി കേൾക്കണമെന്നും നിർദേശിച്ചിരുന്നു. അതിനു വിരുദ്ധമായി ആദ്യ ജഡ്ജി ഉൽപതിനെ 2014ൽ സ്ഥലംമാറ്റി. അമിത് ഷാ കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദേശിച്ച തീയതിക്കു തലേന്നായിരുന്നു ഇത്. അമിത് ഷാ കോടതിയിൽ ഹാജരാകാത്തത് എന്തുകൊണ്ടാണെന്ന ചോദ്യം ജഡ്ജി ബ്രിജ്ഗോപാലും ഉന്നയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.