ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിലെ ഭാരത് ജോഡോ യാത്രയിൽ രാഹുലിന് കരുത്തായി പ്രിയങ്കയും
text_fieldsകന്ദ്വ: ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിൽ പര്യടനം തുടരുന്ന ഭാരത് ജോഡോ യാത്രയിൽ രാഹൽ ഗാന്ധിക്കൊപ്പം പ്രിയങ്കയും അണിചേർന്നു. സെപ്റ്റംബർ ഏഴിനാണ് യാത്ര തുടങ്ങിയത്. മഹാരാഷ്ട്രയിലെ യാത്ര അവസാനിച്ച ശേഷമാണ് ഇന്നലെ മധ്യപ്രദേശിലേക്ക് കടന്നത്. കന്ദ്വയിലെ ബോർഗണിൽ നിന്നാണ് ഇന്ന് യാത്ര ആരംഭിച്ചത്.
ഞങ്ങളൊമിച്ച് നടക്കുമ്പോൾ ഉറച്ച കാൽവെപ്പുകളുണ്ടാകുന്നുവെന്ന കാപ്ഷനോടെയാണ് കോൺഗ്രസ് രാഹുലിന്റെയും പ്രിയങ്കയുടെയും ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കെുവെച്ചത്.
യാത്ര ഖാർഗണിലേക്ക് പോകുന്നതിന് മുമ്പ് ഗോത്ര ഐക്കണും സ്വാതന്ത്ര്യ സമര പോരാളിയുമായ താന്തിയ ഭീലിന്റെ ജൻമനാട് കോൺഗ്രസ് സന്ദർശിച്ചു. ഗോത്ര വിഭാഗത്തെ കൂടെ നിർത്താനുള്ള കോൺഗ്രസിന്റെ ശ്രമത്തിന് തടയിടാൻ ബി.ജെ.പി ഇന്നലെ തന്നെ പണി തുടങ്ങി. ഭരണ കക്ഷി പാർട്ടിയായ ബി.ജെ.പി ജൻജാതിയ ഗൗരവ് യാത്ര എന്ന പരിപാടി താന്തിയ ഭീലിന്റെ ജൻമസ്ഥലത്തു നിന്ന് ഇന്നലെ ആരംഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാനും നാല് മന്ത്രിമാരും യാത്രാരംഭത്തിൽ പങ്കെടുത്തിരുന്നു.
കഴിഞ്ഞ ദിവസം രാഹുൽ ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശം ഉന്നയിച്ചിരുന്നു. മധ്യപ്രദേശിലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ച് കമൽ നാഥിന്റെ നേതൃത്വത്തിൽ സർക്കാറുണ്ടാക്കി. ആ സർക്കാറിനെ വീഴ്ത്താൻ ബി.ജെ.പി കൈക്കൂലി നൽകി എം.എൽ.എമാരെ വാങ്ങി എന്നായിരുന്നു രാഹുലിന്റെ വിമർശനം.
കേന്ദ്ര സർക്കാറിന് കീഴിൽ എല്ലാ ജനാധിപത്യ സംവിധാനങ്ങളും അടച്ചുപൂട്ടേണ്ടി വന്നതിനാലാണ് കോൺഗ്രസ് ഭാരത് ജോഡോ യാത്ര നടത്താൻ നിർബന്ധിതരായത്. ലോക് സഭ, തെരഞ്ഞെടുപ്പ് രീതികൾ, പത്ര മാധ്യമങ്ങൾ എല്ലാം പൂട്ടേണ്ടി വന്നു. എല്ലാ സ്ഥാപനങ്ങളെയും ബി.ജെ.പി /ആർ.എസ്.എസ് വളഞ്ഞ് അവരുടെ ആളുകളെ നിറച്ചു. ജുഡീഷ്യറി പോലും സമ്മർദത്തിലാണ്. അങ്ങനെയാണ് ഇതിന് ഒരു വഴി മാത്രമേയുള്ളുവെന്ന് ഞങ്ങൾ ചിന്തിച്ചത്. റോഡിലേക്കിറങ്ങുക, ആളുകളെ ചേർത്ത് നിർത്തുക, കർഷകരെയും തൊഴിലാളികളെയും ചെറുകിട വ്യാപാരികളെയും കേൾക്കുക, അവരോടൊപ്പം ചേരുക - രാഹുൽ പറഞ്ഞു.
കന്യാകുമാരിയിൽ നിന്ന് കശ്മീർ വരെയുള്ള 3570 കിലോ മീറ്റർ യാത്രയിൽ മധ്യപ്രദേശിൽ അഞ്ച് ലോക്സഭാ മണ്ഡലങ്ങളിലൂടെയും 26 നിയമസഭാ മണ്ഡലങ്ങളിലൂടെയും കടന്നുപോയി. ഇതിൽ ഭൂരിഭാഗവും ബി.ജെ.പിയുടെ നേതൃത്വത്തിലുള്ളതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.