ഐ.എ.എസ്-ഐ.പി.എസ് പോര്: രോഹിണി സിന്ധൂരിക്കെതിരായ പോസ്റ്റുകൾ നീക്കാൻ ഡി. രൂപക്ക് സുപ്രീംകോടതി നിർദേശം
text_fieldsന്യൂഡൽഹി: കർണാടകയിലെ ഐ.എ.എസ്-ഐ.പി.എസ് ഉദ്യോഗസ്ഥമാർ തമ്മിലുള്ള പോരിൽ ഇടപെട്ട് സുപ്രീംകോടതി. ഐ.എ.എസ് ഉദ്യോഗസ്ഥ രോഹിണി സിന്ദൂരിക്കെതിരെ ഡി. രൂപ സമൂഹമാധ്യമങ്ങളിലിട്ട പോസ്റ്റുകൾ ഡിലീറ്റ് ചെയ്യാൻ കോടതി വാക്കാൽ നിർദേശിച്ചു. തനിക്കെതിരെ രോഹിണി സിന്ദൂരി ഫയൽ ചെയ്ത മാനനഷ്ടക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രൂപ സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
പോസ്റ്റുകൾ ഡിലീറ്റ് ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ രോഹിണിക്കെതിരായ എല്ലാ കമന്‍റുകളും പിൻവലിക്കുന്നുവെന്ന് കാട്ടി പുതിയൊരു പോസ്റ്റ് ഇടണമെന്ന് ജസ്റ്റിസുമാരായ അഭയ് എസ്. ഓഖ, പങ്കജ് മിത്തൽ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
ഈ വർഷമാദ്യമാണ് കർണാടകയിലെ രണ്ട് ഉന്നതോദ്യോഗസ്ഥരും തമ്മിൽ രൂക്ഷമായ പോര് തുടങ്ങിയത്. കർണാടക ദേവസ്വം കമ്മീഷണറായിരുന്നു രോഹിണി സിന്ദൂരി. കരകൗശല വികസന കോർപറേഷന്‍ മാനേജിങ് ഡയറക്ടറായിരുന്നു ഡി. രൂപ. പരസ്പരം ആരോപണമുന്നയിച്ച് നടത്തിയ പോരിനൊടുവിൽ ഇരുവരെയും സ്ഥലംമാറ്റിയിരുന്നു. പിന്നീട്, രോഹിണി സിന്ദൂരിയെ കർണാടക ഗസറ്റീർ ഡിപ്പാർട്മെന്റിന്റെ ചീഫ് എഡിറ്ററായും ഡി. രൂപയെ ഇന്റേണൽ സെക്യൂരിറ്റി വകുപ്പിൽ ഐ.ജിയായും പുനർനിയമിച്ചിരുന്നു.
ഇരുവരും തമ്മിലുള്ള വിദ്വേഷമാണ് പരസ്യമായ ആരോപണങ്ങളിലേക്ക് നയിച്ചത്. രോഹിണി സിന്ദൂരിയുടെ ഏതാനും സ്വകാര്യ ചിത്രങ്ങൾ രൂപ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരുന്നു. പുരുഷ ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് വാട്സ് ആപ്പിലൂടെ അയച്ചുകൊടുത്ത ഫോട്ടോകളാണെന്ന് പറഞ്ഞാണ് രൂപ ഇവ പങ്കുവെച്ചത്. ചിത്രങ്ങൾ മറ്റു പല കാര്യങ്ങളും തുറന്നുകാട്ടുന്നുണ്ട് എന്ന അടിക്കുറിപ്പോടെയായിരുന്നു പോസ്റ്റ്. രോഹിണി അഴിമതിക്കാരിയാണെന്നതടക്കം നിരവധി ആരോപണങ്ങളാണ് ഡി. രൂപ ഫേസ്ബുക്കിലൂടെയും മറ്റും ഉന്നയിച്ചത്.
എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും താൻ സമൂഹമാധ്യമങ്ങളിലും വാട്സ് ആപ്പ് സ്റ്റാറ്റസായും പങ്കുവെച്ച ചിത്രങ്ങളുടെ സ്ക്രീൻഷോട്ടാണ് രൂപ ഇപ്പോൾ പ്രചരിപ്പിക്കുന്നതെന്നും ആർക്കാണ് ചിത്രങ്ങൾ അയച്ചുകൊടുത്തത് എന്ന കാര്യം പരസ്യമാക്കണമെന്നും രോഹിണി പ്രതികരിച്ചു. തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്ന രൂപക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയിരുന്നു.
തുടർന്ന് രോഹിണി സിന്ദൂരി മാനനഷ്ടക്കേസ് ഫയൽ ചെയ്തു. താൻ നേരിട്ട അപമാനത്തിനും മാനസിക പ്രയാസത്തിനും നഷ്ടപരിഹാരമായി ഡി. രൂപ ഒരു കോടി രൂപ നൽകണമെന്നും നിരുപാധികമായി മാപ്പ് എഴുതി നൽകണമെന്നുമായിരുന്നു ആവശ്യം. ഈ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഡി. രൂപ സുപ്രീംകോടതിയിൽ ഹരജി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.