മഅ്ദനിക്ക് ജാമ്യം അനുവദിച്ചത് ജാഗ്രതയോടെ- സുപ്രീംകോടതി
text_fieldsന്യൂഡൽഹി: പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചത് വളരെ ജാഗ്രതയോടെയായിരുന്നുവെന്നും അതുകൊണ്ടാണ് ജാമ്യത്തിന് ഉപാധികൾ വെച്ചതെന്നും ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ച്.
ഇന്ത്യൻ മുജാഹിദീൻ, സിമി തുടങ്ങിയവയുമായി ബന്ധപ്പെട്ട വ്യക്തിയാണ് മഅ്ദനിയെന്നും നിരോധിക്കപ്പെട്ട കേരളത്തിലെ ഒരു പാർട്ടിയുടെ സ്ഥാപകനാണെന്നും കേരളത്തിൽ പോകാൻ മഅ്ദനിക്ക് ഇളവ് നൽകരുതെന്നും കർണാടക സർക്കാർ വാദിച്ചപ്പോഴാണ് ജസ്റ്റിസ് ബേല എം. ത്രിവേദി കൂടി അടങ്ങുന്ന സുപ്രീംകോടതി ബെഞ്ചിന്റെ അഭിപ്രായ പ്രകടനം. അപേക്ഷക്ക് മറുപടി നൽകാൻ കർണാടകയോട് ആവശ്യപ്പെട്ട് വീണ്ടും പരിഗണിക്കാനായി കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റി.
ചികിത്സക്കായി കേരളത്തിൽ പോകാനും വിചാരണ കഴിയുന്നതു വരെ അവിടെ കഴിയാനും ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ടാണ് മഅ്ദനി സുപ്രീംകോടതിയെ സമീപിച്ചത്. മഅ്ദനിയുടെ അവസ്ഥ കാണണമെന്ന് കപിൽ സിബൽ കോടതിയോട് പറഞ്ഞു.
കാല് മുറിച്ചുമാറ്റിയതു മൂലം ചലനത്തിന് പരിമിതിയുള്ളയാളാണ് അദ്ദേഹം. ആശങ്കയുണ്ടെങ്കിൽ ഒരു മാസമെങ്കിലും കേരളത്തിലേക്ക് അയക്കാൻ കോടതി കനിയണം. അതിനുശേഷം എന്ത് എന്ന് പിന്നീട് നോക്കാം. കേരളത്തിൽ നിരീക്ഷണത്തിലാക്കിക്കോളൂ എന്നും സിബൽ തുടർന്നു.
അന്തിമ വാദം ദിവസവും തുടരുകയാണെന്ന് കർണാടക സർക്കാറിന്റെ അഭിഭാഷകൻ വാദിച്ചപ്പോൾ ഇന്നും അന്തിമ വാദം തുടരുകയാണോ എന്ന് ജസ്റ്റിസ് അജയ് രസ്തോഗി തിരിച്ചുചോദിച്ചു. ഇതിനിടയിൽ ഇടപെട്ട മഅ്ദനിയുടെ അഭിഭാഷകൻ കപിൽ സിബൽ മൂന്ന് മാസമായി കർണാടകയുടെ പബ്ലിക് പ്രോസിക്യൂട്ടർ ഇത് തന്നെ വാദിച്ചുകൊണ്ടിരിക്കുകയാണെന്ന് കുറ്റപ്പെടുത്തി.
മഅ്ദനിയുടെ പിതാവ് മരിച്ചുവെന്നും മാതാവ് രോഗശയ്യയിലാണെന്നും സിബൽ ബോധിപ്പിച്ചപ്പോൾ കേരളത്തിൽ പോയി അവരെ സന്ദർശിച്ച് ബംഗളൂരുവിലേക്ക് തിരിച്ചുപോകാനാണോ ആവശ്യപ്പെടുന്നതെന്ന് ജസ്റ്റിസ് ബേല എം. ത്രിവേദി ചോദിച്ചു. അല്ലെന്നും എട്ടു വർഷമായി അദ്ദേഹം ജാമ്യത്തിലാണെന്നും ഈ എട്ടുവർഷം ഒന്നും ചെയ്തിട്ടില്ലെന്നും സിബൽ മറുപടി നൽകി.
ഇതുകേട്ട് ജസ്റ്റിസ് രസ്തോഗി ഇത്രയും നാളായി ജാമ്യവ്യവസ്ഥകളുടെ ലംഘനമുണ്ടായിട്ടുണ്ടോ എന്ന് കർണാടക അഭിഭാഷകനോട് ചോദിച്ചു. ആ ഘട്ടത്തിലാണ് ഇന്ത്യൻ മുജാഹിദീൻ, സിമി തുടങ്ങിയവയുമായി ബന്ധപ്പെട്ട വ്യക്തിയാണ് മഅ്ദനിയെന്നും നിരോധിക്കപ്പെട്ട കേരളത്തിലെ ഒരു പാർട്ടിയുടെ സ്ഥാപകനാണെന്നുമാണ് കർണാടക ബോധിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.