പോപുലർ ഫ്രണ്ടിനെ മൂന്നു മാസത്തിനകം നിരോധിച്ചേക്കുമെന്ന് തമിഴ്നാട് ബി.ജെ.പി
text_fieldsചെന്നൈ: കേരളത്തിലെ വർഗീയ കൊലപാതക- സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പോപുലർ ഫ്രണ്ടിനെ മൂന്നു മാസത്തിനകം കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചേക്കുമെന്നും ഇതിൽ പ്രകോപിതരായി അക്രമസംഭവങ്ങൾ അരങ്ങേറുമെന്നും തീവ്ര ഹിന്ദുത്വ നിലപാടുള്ള നേതാക്കളും പ്രവർത്തകരും ഇവരുടെ ലക്ഷ്യമാവുമെന്നും തമിഴ്നാട് ബി.ജെ.പി അധ്യക്ഷൻ കെ. അണ്ണാമലൈ.
സംഘടനയെ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട രഹസ്യാന്വേഷണ ഏജൻസികളുടെ ശിപാർശ കേന്ദ്ര സർക്കാറിെൻറ പരിഗണനയിലാണെന്ന് അണ്ണാമലൈ വിഡിയോ സന്ദേശത്തിൽ പറയുന്നു. തമിഴ്നാട്ടിലും പ്രതിഷേധവും തിരിച്ചടികളും ഉണ്ടായേക്കാം. കോയമ്പത്തൂർ, കന്യാകുമാരി, വെല്ലൂർ തുടങ്ങിയ സ്ഥലങ്ങളിലെ പ്രവർത്തകരാണ് കൂടുതൽ ജാഗ്രത പുലർത്തേണ്ടത്. ഒരു പാർട്ടി പ്രവർത്തകന്റെ ജീവൻപോലും അപകടത്തിലാവരുത്. അതത് മേഖലകളിലെ ഹൈന്ദവ മുഖമായി അറിയപ്പെടുന്നവരുടെ പട്ടിക സംസ്ഥാന നേതൃത്വത്തിന് ഉടൻ അയച്ചുതരണം. -വിഡിയോയിൽ പറയുന്നു. അതിനിടെ, അണ്ണാമലൈക്കെതിരെ പോപുലർ ഫ്രണ്ട് തമിഴ്നാട് സെക്രട്ടറി നാഗൂർ മീരാൻ ഡി.ജി.പിക്ക് പരാതി നൽകി. അണ്ണാമലൈയുടെ വിവാദ ശബ്ദസന്ദേശം മതവിദ്വേഷം പ്രചരിപ്പിക്കുന്നതാണെന്നും കേസ് രജിസ്റ്റർ ചെയ്യണമെന്നുമാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.