വിജയ്യുടെ രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങൾക്ക് പിന്നാലെ പുതിയ തീരുമാനം പ്രഖ്യാപിച്ച് ആരാധക സംഘടന; നിർണായക നീക്കമെന്ന് വിലയിരുത്തൽ
text_fieldsചെന്നൈ: നടൻ വിജയ്യുടെ രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങൾക്കിടെ യോഗം ചേർന്ന് ആരാധക കൂട്ടായ്മ. ദളപതി വിജയ് മക്കൾ ഇയക്കത്തിന്‍റെ യോഗമാണ് നടന്നത്. യോഗത്തിൽ വിജയ് പങ്കെടുത്തില്ല. യോഗത്തിൽ നിർണായകമായ ചില തീരുമാനങ്ങൾ കൈക്കൊണ്ടതായി തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
യോഗത്തിൽ എടുത്ത സുപ്രധാന തീരുമാനം സൗജന്യ നിയമോപദേശ കേന്ദ്രങ്ങൾ തുടങ്ങുക എന്നതാണ്. അഭിഭാഷകർ കൂടിയുള്ള യോഗത്തിലാണ് പുതിയ നീക്കം. വിജയ്യുടെ നിർദേശപ്രകാരമാണ് സൗജന്യ നിയമോപദേശ കേന്ദ്രങ്ങൾ തുടങ്ങാനുള്ള തീരുമാനം ഇന്നത്തെ യോഗത്തിലെടുത്തതെന്ന് ദളപതി വിജയ് മക്കൾ ഇയക്കം ഭാരവാഹികൾ വ്യക്തമാക്കി.
ഭാവിയിലെ വോട്ടര്‍മാരെ ഒപ്പം നിർത്താൻ കാമരാജ് മാതൃകയിലുള്ള പദ്ധതികളാണ് ദളപതി വിജയ് മക്കൾ ഇയക്കം ആവിഷ്കരിക്കുന്നത്. കഴിഞ്ഞ മാസം ചേർന്ന ദളപതി വിജയ് മക്കൾ ഇയക്കം യോഗത്തിൽ കര്‍ഷകരെ ലക്ഷ്യം വച്ചുള്ള പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചിരിന്നു. ആരാധക കൂട്ടായ്മ മുഖേന കർഷകർക്ക് ആടുകളെയും പശുക്കളെയും നൽകാനാണ് പദ്ധതി. തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലും പദ്ധതി നടപ്പാക്കാനാണ് അന്ന് തീരുമാനിച്ചത്. ഒരോ മണ്ഡലത്തില്‍ നിന്നും വിജയ് സംഘടനാ ഭാരവാഹികള്‍ അര്‍ഹരായ കര്‍ഷകരെ കണ്ടെത്തണം എന്ന് ആദ്യം തന്നെ വിജയ് നിര്‍ദേശിച്ചിരുന്നു.
നിര്‍ധന കുട്ടികൾക്ക് സായാഹ്ന ക്ലാസ്സ് തുടങ്ങാനുള്ള നീക്കവും ആരാധക സംഘടന നേരത്തെ ആരംഭിച്ചിരുന്നു. നിര്‍ധന കുടുംബങ്ങളിലെ കുട്ടികൾക്കായി എല്ലാ മണ്ഡലങ്ങളിലും വിജയ് മക്കൾ ഇയക്കം സായാഹ്നക്ലാസ്സുകൾ തുടങ്ങും. 234 നിയോജക മണ്ഡലങ്ങളിലെ 10, 12 ക്ലാസ്സുകളില്‍ ഉന്നതവിജയം നേടിയവരെ 12 മണിക്കൂര്‍ നീണ്ടുനിന്ന ചടങ്ങിൽ ആദരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കങ്ങളുമായി വിജയ് മക്കൾ ഇയക്കം മുന്നോട്ട് പോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.