ആവശ്യപ്പെട്ട സീറ്റ് നൽകാനാവില്ലെന്ന് അമിത് ഷായോട് എ.ഡി.എം.കെ
text_fieldsചെന്നൈ: പ്രതീക്ഷിച്ചത്ര സീറ്റുകൾ ലഭിക്കില്ലെന്ന് വന്നതോടെ അണ്ണാ ഡി.എം.കെ സഖ്യത്തിലെ ഘടകകക്ഷികളായ ബി.ജെ.പിക്കും വിജയ്കാന്തിെൻറ ഡി.എം.ഡി.കെക്കും അസംതൃപ്തി. ഡി.എം.ഡി.കെ മുന്നണിവിട്ട് പുറത്തുപോയേക്കുമെന്നും സൂചനയുണ്ട്. സംസ്ഥാനത്ത് വിജയ സാധ്യതയുള്ള 60 നിയോജക മണ്ഡലങ്ങളുടെ പട്ടിക തമിഴ്നാട് ബി.ജെ.പി നേതൃത്വം അണ്ണാ ഡി.എം.കെക്ക് കൈമാറിയിരുന്നു. ഇതിൽ 33 നിയമസഭ സീറ്റുകളും ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കന്യാകുമാരി ലോക്സഭ മണ്ഡലവും അനുവദിക്കണമെന്നായിരുന്നു ആവശ്യം.
എന്നാൽ, വോട്ടിങ് ശതമാനത്തിെൻറ അടിസ്ഥാനത്തിൽ മുന്നണിയിെല ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായ പാട്ടാളി മക്കൾ കക്ഷി(പി.എം.കെ)ക്ക് 23 സീറ്റ് മാത്രമാണ് നൽകിയതെന്നും അതിൽ കുറവ് സീറ്റുകൾ മാത്രമെ അനുവദിക്കാൻ കഴിയൂവെന്നും മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഉപമുഖ്യമന്ത്രി ഒ. പന്നീർശെൽവം എന്നിവർ ആഭ്യന്തരമന്ത്രി അമിത് ഷായെ അറിയിച്ചിട്ടുണ്ട്. ഞായറാഴ്ച രാത്രി ചെന്നൈയിലെ ഹോട്ടലിൽ ഷായുമായി നടന്ന ചർച്ച പുലർച്ച ഒന്നുവരെ നീണ്ടു. പരമാവധി 20 സീറ്റ് നൽകാമെന്നറിയിച്ച നേതാക്കൾ ശശികല വിഭാഗത്തെ മുന്നണിയിലുൾപ്പെടുത്തണമെന്ന നിർദേശവും തള്ളി. ഇതോടെ കടുത്ത അതൃപ്തിയിലാണ് ബി.ജെ.പി തമിഴക നേതൃത്വം.
ഏറിയാൽ 15 സീറ്റ് നൽകാമെന്ന വാഗ്ദാനം ഡി.എം.ഡി.കെയും അംഗീകരിച്ചില്ല. കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളിൽ ഡി.എം.ഡി.കെയുടെ വോട്ടിങ് ശതമാനം കുറഞ്ഞുവരുന്നതും വിജയ്കാന്തിന് പ്രചാരണരംഗത്തിറങ്ങാൻ കഴിയില്ലെന്നതും അണ്ണാ ഡി.എം.കെ ചൂണ്ടിക്കാട്ടുന്നു. റോയൽപേട്ടയിലെ ആസ്ഥാനത്ത് തിങ്കളാഴ്ച ചേർന്ന അണ്ണാ ഡി.എം.കെ ഉന്നതതലയോഗം 234 സീറ്റിൽ 170- 180 സീറ്റുകളിൽ മത്സരിക്കാൻ തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.