ദൈവങ്ങളുടെ കുത്തകാവകാശം ബി.ജെ.പിക്കല്ല; രാഹുൽ ഗാന്ധിയെ തടഞ്ഞത് വേദനാജനകമെന്ന് കെ.സി. വേണുഗോപാൽ
text_fieldsഗുവാഹത്തി: അസമിലെ വൈഷ്ണവ പണ്ഡിതനായ ശ്രീമന്ത ശങ്കർദേവയുടെ ജന്മസ്ഥലത്ത് പ്രണാമം അർപ്പിക്കാനെത്തിയ രാഹുൽ ഗാന്ധിക്ക് പ്രവേശനം നിഷേധിച്ച അസം സർക്കാരിന്റെയും പൊലീസിന്റെയും നടപടി നിർഭാഗ്യകരമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. അസം സർക്കാരിന്റെയും പൊലീസിന്റെയും നടപടി രാഷ്ട്രീയ പകപോക്കലും വേദനാജനകവുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിശ്വാസത്തെ ചൂഷണം ചെയ്യുന്ന ഏകാധിപത്യ നടപടിയാണ് ബി.ജെ.പിയുടേത്. മറ്റുള്ളവരുടെ വിശ്വാസത്തെ ഹനിക്കാനുള്ള ബി.ജെ.പിയുടെ ശ്രമം അപലപനീയമാണ്. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ ജനപങ്കാളിത്തം കണ്ട് വിറളി പൂണ്ടാണ് അസം സർക്കാർ പൊലീസിനെയും ഗുണ്ടകളെയും ഉപയോഗിച്ച് പ്രതിരോധം തീർക്കുന്നതെന്ന് വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.
ഭരണഘടന ഉറപ്പു നൽകുന്ന ഒരു പൗരന്റെ ആരാധനാ സ്വാതന്ത്ര്യത്തെയാണ് ബി.ജെ.പിയും നരേന്ദ്ര മോദിയും തടസപ്പെടുത്തുന്നത്. ഒരാൾ എപ്പോൾ ആരാധന നടത്തണമെന്ന് തീരുമാനിക്കേണ്ടത് നമോദിയും കേന്ദ്ര ഭരണകൂടവുമാണോയെന്ന് കെ.സി. വേണുഗോപാൽ ചോദിച്ചു. ബി.ജെ.പി ഭരണകൂടത്തിന്റെ നടപടി യഥാർഥ വിശ്വാസത്തെ കളങ്കപ്പെടുത്തുന്നതാണ്. വിശ്വാസത്തെ ചൂഷണം ചെയ്യുന്ന ഏകാധിപത്യ നടപടിയണ് ബി.ജെ.പി ഭരണകൂടത്തിന്‍റേതെന്ന് വേണുഗോപാൽ കൂട്ടിച്ചേർത്തു.
ഹൈന്ദവ ദൈവങ്ങളുടെ മൊത്തം കുത്തകാവകാശം ബി.ജെ.പി ഏറ്റെടുത്തിരിക്കുകയാണോയെന്നും ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാതിരിക്കാൻ രാഹുൽ ഗാന്ധിക്ക് എന്ത് അയോഗ്യതയാണ് ബി.ജെ.പി കൽപ്പിക്കുന്നതന്നെും കെ.സി. വേണുഗോപാൽ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.