രാജ്യത്ത് അരനൂറ്റാണ്ടിനിടെ ഉഷ്ണതരംഗം കവർന്നത് 17,000 ജീവൻ
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ 50വർഷത്തിനിടെ 17,000ലധികം പേർ ഉഷ്ണതരംഗത്തിെൻറ ഇരകളായി ജീവൻവെടിഞ്ഞുവെന്ന് റിപ്പോർട്ട്. രാജ്യത്തെ മുൻനിര കാലാവസ്ഥ നിരീക്ഷകർ ചേർന്ന് അടുത്തിടെ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തിലാണ് ഇക്കാര്യമുള്ളത്. 1971മുതൽ 2019 വരെയുള്ള 48 വർഷങ്ങൾക്കിടെ രാജ്യത്ത് 706 ഉഷ്ണതരംഗ ങ്ങളുണ്ടായെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി എം. രാജീവൻ, ശാസ്ത്രജ്ഞരായ കമൽജിത് റേ, എസ്.എസ്. റേ, ആർ.കെ. ഗിരി, എ.പി. ദിമ്രി എന്നിവർ ചേർന്നാണ് ഈ വർഷം ആദ്യത്തിൽ പ്രബന്ധം തയാറാക്കിയത്. അങ്ങേയറ്റത്തെ കാലാവസ്ഥ വ്യതിയാന സംഭവങ്ങളിലൊന്നാണ് 'ഹീറ്റ് വേവ്' അഥവ ഉഷ്ണ തരംഗം. ഈ കാലയളവിൽ ആന്ധ്രാപ്രദേശ്, തെലങ്കാന, ഒഡിഷ എന്നിവിടങ്ങളിലാണേത്ര ഏറ്റവും കൂടുതൽ മരണം നടന്നത്.
ഉഷ്ണതരംഗം കടുത്തതോതിൽ സംഭവിക്കുന്ന പ്രദേശങ്ങളെ കോർ ഹീറ്റ് വേവ് സോൺ (സി.എച്ച്.ഇസഡ്) എന്നു പറയുന്നു. പഞ്ചാബ്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഡൽഹി, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, ബിഹാർ, ഝാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഒഡിഷ, ആന്ധ്ര, തെലങ്കാന എന്നീ സംസ്ഥാനങ്ങളാണ് ഈ വിഭാഗത്തിൽ.
വടക്കെ അർധഗോളത്തിെൻറ വിവിധ ഭാഗങ്ങളിൽ അടുത്തിടെയുണ്ടായ ഉഷ്ണതരംഗങ്ങളുടെ പശ്ചാത്തലത്തിൽ ഈ പഠനം വലിയ പ്രാധാന്യം അർഹിക്കുന്നു. പോയവാരത്തിെൻറ തുടക്കത്തിൽ കാനഡയിലും യു.എസ്സിലും ഉണ്ടായ കഠിനമായ ചൂടിൽ നൂറുകണക്കിന് പേർ ഇതുവരെയായി മരണപ്പെട്ടു. 49 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ താപനിലയാണ് വാൻകൂവറിൽ രേഖപ്പെടുത്തിയത്.
രാജ്യത്ത് ഉത്തരേന്ത്യൻ സമതലങ്ങളിലും ഉയർന്ന പ്രദേശങ്ങളിലും കഠിന ചൂട് അനുഭവപ്പെടുന്നുണ്ട്. സമതലങ്ങളിൽ പല ഭാഗങ്ങളിലും താപനില 40 ഡിഗ്രി സെൽഷ്യസിനു മുകളിലെത്തി. രാജ്യത്തിെൻറ പല ഭാഗങ്ങളിലും ഉഷ്ണതരംഗങ്ങൾ ഉണ്ടാകുന്നുവെന്ന് പുതിയ പഠനങ്ങൾ പറയുന്നതായി ഭൗമശാസ്ത്ര മന്ത്രി ഹർഷ് വർധൻ കഴിഞ്ഞ വർഷം ജനുവരിയിൽ പാർലമെൻറിനെ അറിയിച്ചിരുന്നു. 2017ൽ രാജ്യത്ത് 30 ഉഷ്ണതരംഗങ്ങൾ ഉണ്ടായി. കേരളത്തിൽ ഇത് ആറു തവണ സംഭവിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.