കോൺഗ്രസിനോട് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടത് 3,567 കോടി രൂപ
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് പാർട്ടിയെ സാമ്പത്തികമായി തകർക്കാൻ കേന്ദ്ര സർക്കാർ നികുതി ഭീകരത നടപ്പാക്കുന്നുവെന്ന ആരോപണത്തിനിടെ ആദായനികുതി വകുപ്പിന്റെ ഏറ്റവും പുതിയ നോട്ടീസ് പ്രകാരം പിഴയായി കോൺഗ്രസ് അടക്കേണ്ടത് 3,567 കോടി രൂപ. 135 കോടി രൂപ പിടിച്ചെടുത്ത ആദായനികുതി വകുപ്പിന്റെ നടപടി ചോദ്യം ചെയ്ത് കോൺഗ്രസ് നൽകിയ ഹരജി തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് ആദായനികുതി വകുപ്പിൽനിന്ന് വീണ്ടും നോട്ടീസ് ലഭിക്കുന്നത്.
കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ 3,567.3 കോടി രൂപ അടക്കാൻ ആവശ്യപ്പെട്ടാണ് ആദായനികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചതെന്ന് കോൺഗ്രസിന്റെ നികുതി വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന രാജ്യസഭ അംഗം വിവേക് തൻഖ ‘എക്സ്’ പ്ലാറ്റ്ഫോമിൽ കുറിച്ചു. ‘കോൺഗ്രസ് മുക്ത ഭാരതം’ എന്ന ബി.ജെ.പിയുടെ ലക്ഷ്യത്തിനുവേണ്ടി പണിയെടുക്കുന്ന ആദായനികുതി വകുപ്പിലെ ഉദ്യോഗസ്ഥർക്ക് ബി.ജെ.പി നന്ദി പറയുകയും അഭിനന്ദിക്കുകയും വേണം. എന്നാൽ, ഇന്ത്യയിലെ ജനങ്ങളുടെ ബുദ്ധിശക്തിയെയും ബോധത്തെയും അവർ വിലയിരുത്തുന്നില്ല.
ഇന്ത്യൻ വോട്ടർമാർ ഒരിക്കലും ഏകാധിപത്യ പെരുമാറ്റത്തെ പിന്തുണച്ച ചരിത്രമില്ല. പ്രതിപക്ഷ പാർട്ടികളില്ലാതെ ഒരു ജനാധിപത്യവും സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ഏജൻസികളുടെ രാഷ്ട്രീയവേട്ടക്ക് അധികാരം മാറിയാൽ മറുപടി നൽകുമെന്ന് രാഹുൽ ഗാന്ധി കഴിഞ്ഞദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.