ബി.ജെ.പിയിതര കക്ഷികൾ കരുത്തുകാട്ടും; ദേശീയ ചിത്രം മാറ്റുമോ?
text_fieldsന്യൂഡൽഹി: ജനസംഖ്യയുടെ അഞ്ചിലൊന്ന് ഉൾക്കൊള്ളുന്ന അഞ്ചിടങ്ങളിൽ നിന്ന് ഞായറാഴ്ച പുറത്തുവരുന്ന നിയമസഭ തെരഞ്ഞെടപ്പു ഫലം ദേശീയ രാഷ്ട്രീയത്തിൽ നിർണായക വഴിത്തിരിവ് സൃഷ്ടിക്കും.
ബി.ജെ.പിയെ നേരിടാൻ ബി.ജെ.പിയിതര പാർട്ടികൾക്കുള്ള കെൽപ് വിളിച്ചു പറയുന്നതാവും വോട്ടെണ്ണൽ ഫലം. ഏതു മഹാകെടുതിക്കു മുന്നിലും ജനപിന്തുണ ഉറപ്പിച്ചുനിർത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുളള കഴിവ് മാറ്റുരക്കപ്പെടുന്നു. അതേസമയം, പ്രാദേശിക പാർട്ടികളുടെ കോട്ടകളിൽ അവർ കരുത്തും ആധിപത്യവും നിലനിർത്തിയാൽ മോദിയും ബി.ജെ.പിയും ഭാവിയിൽ നേരിടേണ്ട വെല്ലുവിളിയെക്കുറിച്ച താക്കീതാവും ഫലം. പ്രാദേശിക പാർട്ടികളുടെ മുന്നേറ്റം ദേശീയതലത്തിൽ ബി.ജെ.പിക്കെതിരായ പുതിയ ധ്രുവീകരണങ്ങളിലേക്ക് നയിക്കുമെന്നാണ് വിലയിരുത്തൽ.
എല്ലാ പാർട്ടികൾക്കും ഈ തെരഞ്ഞെടുപ്പ് നിലനിൽപിെൻറ പോരാട്ടം കൂടിയാണ്. മമത ബാനർജിയെ തറപറ്റിച്ച് പശ്ചിമ ബംഗാൾ കൈവെള്ളയിൽ ഒതുക്കാനുള്ള ഭ്രാന്തമായ വികാരത്തോടെയാണ് ബി.ജെ.പി തുടക്കം മുതൽ ആ സംസ്ഥാനത്ത് അടവുകളും തന്ത്രങ്ങളും പയറ്റിയത്. എന്നാൽ, മമതയെ അധികാരത്തിൽനിന്ന് പുറത്താക്കാൻ തക്ക പിന്തുണ ബി.ജെ.പിക്ക് കിട്ടിയിട്ടില്ലെന്നതാണ് നിരീക്ഷകർ വിലയിരുത്തുന്നത്. 10 വർഷം അധികാരത്തിലിരുന്ന മമത മൂന്നാമൂഴത്തിലേക്ക് നടന്നാൽ ബി.ജെ.പിക്ക് ഉണ്ടാവുന്ന മാനഹാനി ഒട്ടും ചെറുതല്ല.
തൃണമൂൽ കോൺഗ്രസിനെപ്പോലെ തന്നെ തമിഴ്നാട്ടിൽ ഡി.എം.കെ കരുത്തു നേടുന്നതും പ്രാദേശിക പാർട്ടികളുടെ ചേരിയെ ശക്തിപ്പെടുത്തും. കേരളത്തിലാകട്ടെ, സി.പി.എം ജയിച്ചാലും കോൺഗ്രസ് ജയിച്ചാലും പരിക്ക് ബി.ജെ.പിക്ക് തന്നെ. അതല്ലാതെ മറ്റൊന്നും സംഭവിക്കാനുമില്ല. കേരള കോൺഗ്രസ് മുതൽ വിവിധ പ്രാദേശിക പാർട്ടികളുടെ നിലനിൽപിൽ നിർണായകവുമാണ് തെരഞ്ഞെടുപ്പു ഫലം. പശ്ചിമ ബംഗാളിലെന്ന പോലെ അസമിലും നിയമസഭ തെരഞ്ഞെടുപ്പു ഫലം ബി.ജെ.പിക്ക് പ്രധാനമാണ്. കോൺഗ്രസും എ.ഐ.യു.ഡി.എഫുമായുള്ള സഖ്യം മുന്നേറ്റമുണ്ടാക്കുമെന്ന് വ്യക്തമാണ്. അതിർത്തി സംസ്ഥാനത്തെ വിഭാഗീയ അജണ്ടകൾ ബി.ജെ.പിയെ എത്രത്തോളം പിന്തുണച്ചുവെന്ന ചിത്രം കൂടിയാവും ഞായറാഴ്ച പുറത്തുവരുന്നത്. പുതുച്ചേരിയിലേത് താരതമ്യേന കൊച്ചു വിജയമാണെങ്കിൽപോലും, അവിടം പിടിച്ചടക്കാനും ബി.ജെ.പി തീവ്രശ്രമം നടത്തുന്നതായിരുന്നു കാഴ്ച.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.