സ്വാതന്ത്ര്യദിനത്തിൽ ഗോഡ്സെയുടെ ചിത്രവുമായി തിരംഗ യാത്ര
text_fieldsമുസഫർ നഗർ: സ്വാതന്ത്ര്യദിനത്തിൽ മഹാത്മാഗാന്ധി ഘാതകൻ നാഥുറാം ഗോഡ്സെയുടെ ചിത്രവുമായി ഹിന്ദുമഹാസഭയുടെ തിരംഗ യാത്ര. ഉത്തർ പ്രദേശിലെ മുസഫർനഗറിലാണ് സ്വാതന്ത്ര്യ ദിനത്തിൽ അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ ഘോഷയാത്ര. ഇതിന്റെ വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ വൻ വിമർശനമാണ് ഉയർന്നിരിക്കുന്നത്.
മഹാത്മാഗാന്ധിയുടെ ഘാതകനായ ഗോഡ്‌സെയുടെ ചിത്രം ത്രിവർണപതാക യാത്രയിൽ വഹിക്കുകയെന്നതാണ് സംഘടനയുടെ ആദർശമെന്ന് സംഘടന ജില്ല ചെയർമാൻ ലോകേഷ് സൈനി പറഞ്ഞു. ഘോഷയാത്രയിൽ ഉൾപ്പെടുത്തിയ നിരവധി വിപ്ലവകാരികളുടെ ചിത്രങ്ങളിൽ ഒന്ന് മാത്രമാണ് ഗോഡ്സെയുടേതെന്ന് ഹിന്ദു മഹാസഭ നേതാവ് യോഗേന്ദ്ര വർമ വാർത്ത ഏജൻസിയോട് പ്രതികരിച്ചു.
''സ്വാതന്ത്ര്യ ദിനത്തിൽ ഞങ്ങൾ സംഘടിപ്പിച്ച തിരംഗ യാത്ര ജില്ലയിലുടനീളം പ്രയാണം നടത്തി. പ്രമുഖ ഹിന്ദു നേതാക്കൾ അതിൽ പങ്കാളികളായി. നിരവധി വിപ്ലവകാരികളുടെ ചിത്രങ്ങൾ അതിൽ ഉപയോഗിച്ചു. അതിലൊന്നായിരുന്നു ഗോഡ്സെയുടേതും. മഹാത്മാഗാന്ധിയെ വധിക്കാൻ ഗോഡ്‌സെ നിർബന്ധിതനായത് അദ്ദേഹത്തിന്റെ നയനിലപാടുകൾ മൂലമാണ്. ഗോഡ്‌സെ സ്വയം കേസ് നടത്തുകയായിരുന്നു. കോടതിയിൽ അദ്ദേഹം പറഞ്ഞതെല്ലാം സർക്കാർ പരസ്യമാക്കണം. എന്തിനാണ് ഗാന്ധിയെ കൊലപ്പെടുത്തിയതെന്ന് ജനങ്ങൾ അറിയാൻ സർക്കാർ ആഗ്രഹിക്കുന്നില്ല. ഗാന്ധിയുടെ ചില നയങ്ങൾ ഹിന്ദു വിരുദ്ധമായിരുന്നു. വിഭജന സമയത്ത് 30 ലക്ഷം ഹിന്ദുക്കളും മുസ്‌ലിംകളും കൊല്ലപ്പെട്ടു. ഇതിന് ഉത്തരവാദി ഗാന്ധിയാണ്. ഗാന്ധി തങ്ങൾക്ക് പ്രചോദനമാണെന്ന് ചിലർ വിശ്വസിക്കുന്നു. അതേ വിശ്വാസമാണ് ഗോഡ്സെയുടെ കാര്യത്തിൽ ഞങ്ങൾക്കുള്ളതും" യോഗേന്ദ്ര വർമ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.