ഈ പ്രചാരണത്തിൽ വീണു പോകരുത്, മഞ്ഞളും വേപ്പിലയും കഴിച്ചാൽ അർബുദം മാറില്ല; നവജ്യോത് സിങ് സിധുവിനെതിരെ വിദഗ്ധ ഡോക്ടർമാർ
text_fieldsനാലാംസ്റ്റേജിലെത്തിയ അർബുദം ഭേദമാക്കാൻ സാധിച്ചത് ഭാര്യ കൃത്യമായ ഭക്ഷണക്രമം പാലിച്ചിട്ടാണെന്ന നവ്ജ്യോത് സിങ് സിധുവിന്റെ അവകാശവാദം തള്ളി വിദഗ്ധ ഡോക്ടർമാരുടെ സംഘം. വ്യാഴാഴ് സ്വന്തം വീട്ടിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് ഭാര്യ മഞ്ഞളും വേപ്പിലയും നാരങ്ങാനീരുമടങ്ങുന്ന പ്രത്യേക ഭക്ഷണക്രമം പിന്തുടർന്നതിനാൽ അർബുദം ഭേദമായി എന്ന് സിധു അവകാശപ്പെട്ടത്. സിധുവിനെതിരെ മുംബൈ ടാറ്റാ മെമ്മോറിയൽ ആശുപത്രിയിലെ 262 ഓങ്കോളജിസ്റ്റുമാരുടെ സംഘമാണ് രംഗത്തുവന്നത്. മഞ്ഞളും വേപ്പിലയും കഴിച്ചാൽ അർബുദം ഭേദമാകുന്നുവെന്നതിനെ സാധൂകരിക്കുന്ന ഒരു തെളിവുമില്ലെന്നും ഡോക്ടർമാർ കത്തിൽ ചൂണ്ടിക്കാട്ടി. ഇത്തരം കാര്യങ്ങളിൽ ഗവേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ഇതെല്ലാം അർബുദം തടയാൻ പര്യാപ്തമാണെന്നതിന് ക്ലിനിക്കൽ തെളിവുകളില്ലെന്നും ഡോക്ടർമാർ വിശദീകരിച്ചു.
കാൻസർ പ്രതിരോധിക്കാൻ ഉപവാസം സഹായകമാണെന്നും കാർബോഹൈഡ്രേറ്റും രക്തത്തിലെ പഞ്ചസാര ലെവലും കുറക്കാൻ സാധിച്ചാൽ കാൻസർ സെല്ലുകളെ ഇല്ലാതാക്കാൻ കഴിയുമെന്നും സിധു അവകാശപ്പെട്ടിരുന്നു.
അർബുദ ബാധിതയായപ്പോൾ നാരങ്ങ വെള്ളത്തില്‍ പച്ചമഞ്ഞളും ആപ്പിള്‍ സിഡെര്‍ വിനെഗറും ചേര്‍ത്ത് കുടിച്ചാണ് ഭാര്യയുടെ ഒരു ദിനം ആരംഭിക്കുന്നതെന്നാണ് സിധു പറഞ്ഞത്. അരമണിക്കൂറിന് ശേഷം പത്ത് മുതല്‍ 12വരെ വേപ്പില കഴിക്കും. പുളിപ്പുള്ള പഴങ്ങളും മത്തങ്ങ, മാതളനാരങ്ങ, കാരറ്റ്, അംല, ബീറ്റ്‌റൂട്ട്, വാല്‍നട്ട് എന്നിവയുടെ ജ്യൂസുകളും നവജ്യോത് കൗറിന്റെ ഭക്ഷണത്തിലെ അവിഭാജ്യ ഘടകങ്ങളായിരുന്നു. ബെറികള്‍ ക്യാന്‍സറിനുള്ള മികച്ച ഔഷധമാണെന്നും സിധു പറഞ്ഞു. പി.എച്ച് ലെവൽ 7 ഉള്ള വെള്ളം മാത്രമേ ഭാര്യ കുടിച്ചിരുന്നുള്ളൂവെന്നും സിധു പറയുകയുണ്ടായി.
എന്നാൽ, ഇതിനെല്ലാം യാതൊരു അടിസ്ഥാനവുമില്ലെന്നും അർബുദ രോഗികൾ ലക്ഷണങ്ങൾ കണ്ടാൽ എത്രയും പെട്ടെന്ന് ചികിത്സ തേടണമെന്നും ഡോക്ടർമാർ തുറന്ന കത്തിൽ ആവശ്യപ്പെട്ടു. നേരത്തേ കണ്ടെത്താൻ സാധിച്ചാൽ ഭൂരിഭാഗം അർബുദങ്ങളും ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കുമെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടി.
ടാറ്റാ മെമ്മോറിയൽ ആശുപത്രിയിലെ തൊറാസിസ് സർജൻ സി.എസ്. പ്രമേഷ് ആണ് ഡോക്ടർമാരുടെ കത്ത് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്. തെറ്റിദ്ധാരണ പരത്തുന്ന സന്ദേശങ്ങൾക്കെതിരെ പ്രതികരിക്കേണ്ടത് ഡോക്ടർമാരെന്ന നിലയിൽ തങ്ങളുടെ ബാധ്യതയാണെന്നും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.