പശുക്കടത്ത് ആരോപിച്ച് ത്രിപുരയില്‍ വീണ്ടും ആള്‍ക്കൂട്ട മര്‍ദനം
text_fieldsഅഗര്‍ത്തല: ത്രിപുരയില്‍ പശുക്കടത്ത് ആരോപിച്ച് മൂന്ന് യുവാക്കളെ മര്‍ദിച്ച് കൊലപ്പെടുത്തിയതിന്റെ ഞെട്ടല്‍ മാറുംമുമ്പേ വീണ്ടും ആള്‍ക്കൂട്ട മര്‍ദനം. സോനാമുറയിലാണ് പശുക്കടത്ത് ആരോപിച്ച് രണ്ട് യുവാക്കളെ ജനക്കൂട്ടം മര്‍ദിച്ചത്. പൊലീസ് എത്തിയാണ് ഇരുവരെയും അക്രമികളില്‍ നിന്ന് രക്ഷിച്ചത്.
ചൊവ്വാഴ്ചയാണ് സംഭവം. പശുക്കളുമായി പോകുകയായിരുന്ന ലിട്ടണ്‍ ബര്‍മന്‍, പര്‍വേസ് അലി എന്നീ യുവാക്കള്‍ക്കാണ് മര്‍ദനമേറ്റത്. ഇരുവര്‍ക്കും സാരമായി പരിക്കേറ്റു. പശുക്കളെ ഉടമയുടെ നിര്‍ദേശ പ്രകാരം ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് എത്തിക്കുകയായിരുന്നു തങ്ങളെന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍, ഇരുവരും പശുമോഷ്ടാക്കളാണെന്ന് പിന്നീട് അന്വേഷണത്തില്‍ തെളിഞ്ഞതായി നോര്‍ത്ത് ഈസ്റ്റ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ ദിവസം ഖൊവായ് ജില്ലയില്‍ കാലിക്കടത്ത് ആരോപിച്ച് മൂന്ന് മുസ്ലിം യുവാക്കളെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദിച്ചു കൊന്നിരുന്നു. ഞായറാഴ് പുലര്‍ച്ചെയാണ് ജായസ് ഹുസൈൻ (30), ബില്ലാൽ മിയ (28), സൈഫുൽ ഇസ്ലാം (18) എന്നിവരെ പശുക്കടത്ത് ആരോപിച്ച് ജനക്കൂട്ടം ക്രൂരമായി മര്‍ദിച്ച് കൊലചെയ്തത്. രണ്ട് ദിവസം പിന്നിട്ടിട്ടും പ്രതികളെ കണ്ടെത്താനായില്ലെന്നാണ് പൊലീസ് ഭാഷ്യം. അതേസമയം, കൊല്ലപ്പെട്ട യുവാക്കള്‍ക്കെതിരെ പശുമോഷണത്തിന് കേസെടുത്തിരിക്കുകയാണ്.
അഗർത്തലയിൽ നിന്ന് 46 കിലോമീറ്റർ അകലെയാണ് ഞായറാഴ്ച പുലർച്ചെ മൂന്ന് പേരെയും മർദിച്ചുകൊന്നത്. അഗർത്തലയിലേക്ക് അഞ്ച് കന്നുകാലികളുമായി പോയ ട്രക്ക് ആണ് ആക്രമിക്കപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. പിന്തുടർന്നെത്തിയ പ്രദേശവാസികളാണ് ട്രക്ക് തടഞ്ഞ് മൂന്നുപേർക്കു നേരെ ആയുധങ്ങളുപയോഗിച്ച് അക്രമം അഴിച്ചുവിട്ടത്. ഒരാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ആൾക്കൂട്ടം പിടികൂടി ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു.
ഇവിടെ നിന്ന് 50 കിലോമീറ്റർ അകലെ സെപാഹിജാല സ്വദേശികളാണ് കൊല്ലപ്പെട്ടവർ. 2019 ഡിസംബറിലും സെപാഹിജാല ജില്ലയിൽ പശുക്കടത്തിന്‍റെ പേരിൽ ഒരാളെ ആൾക്കൂട്ടം തല്ലിക്കൊന്നിരുന്നു. പശുക്കളെ മോഷ്ടിച്ചുവെന്നാരോപിച്ച് 29 കാരനെയാണ് അന്ന് കൊലപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.