ഏക സിവിൽ കോഡ്: കോൺഗ്രസിന് ജാഗ്രതക്കുറവ് ഉണ്ടായി -വേണുഗോപാൽ
text_fieldsന്യൂഡൽഹി: ഏക സിവിൽ കോഡ് സ്വകാര്യ ബിൽ രാജ്യസഭയിൽ എത്തിയപ്പോൾ കോൺഗ്രസ് അംഗങ്ങളുടെ മെച്ചപ്പെട്ട പ്രാതിനിധ്യം ഉറപ്പാക്കുന്നതിൽ ജാഗ്രതക്കുറവ് ഉണ്ടായെന്ന് സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.
കൂടുതൽ അംഗങ്ങൾ സഭയിൽ ഉണ്ടാകേണ്ടതായിരുന്നു. മുസ്ലിംലീഗ് എം.പി പി.വി അബ്ദുൽ വഹാബ് ഉന്നയിച്ച വിമർശനം ആ നിലക്ക് ശരിയാണ്. ആശങ്ക സ്വാഭാവികവുമാണ്. അപ്രതീക്ഷിതമായാണ് ബിൽ സഭയിൽ വന്നത്. ചില പരിപാടികളിൽ പങ്കെടുക്കാനുള്ളതുകൊണ്ട് എല്ലാ കോൺഗ്രസ് അംഗങ്ങൾക്കും എത്താനായില്ല. എന്നാൽ, ഏക സിവിൽ കോഡിന്റെ കാര്യത്തിൽ ശക്തമായ എതിർപ്പ് സഭയിൽ കോൺഗ്രസ് രേഖപ്പെടുത്തിയിട്ടുണ്ട്.
സാമുദായിക ധ്രുവീകരണത്തിനാണ് ബി.ജെ.പി ശ്രമിക്കുന്നത്. മുസ്ലിം ലീഗും കോൺഗ്രസുമായി പതിറ്റാണ്ടുകളുടെ ബന്ധമാണുള്ളതെന്ന് വേണുഗോപാൽ പറഞ്ഞു. മുന്നണി ബന്ധത്തിൽ ചെറിയ അസ്വാരസ്യങ്ങൾ സ്വാഭാവികമാണ്. ചില വിഷയങ്ങളിൽ ലീഗ് അവരുടെ ആശങ്ക പങ്കുവെക്കും. ജനങ്ങൾ സി.പി.എമ്മിന് എതിരായതിന്റെ അങ്കലാപ്പിലാണ് ലീഗിനെക്കുറിച്ച് പ്രസ്താവനകളെന്ന് കെ.സി. വേണുഗോപാൽ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.