രാജസ്ഥാനിൽ ബി.ജെ.പി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; വസുന്ധര രാജെയും പട്ടികയിൽ
text_fieldsന്യൂഡൽഹി: രാജസ്ഥാനിൽ ബി.ജെ.പി മാറ്റി നിർത്തിയ മുൻ മുഖ്യമന്ത്രി വസുന്ധര രാജെക്കും അനുയായികൾക്കും ഒടുവിൽ സീറ്റ്. വസുന്ധരക്ക് സീറ്റ് നൽകാത്തത് പ്രതിപക്ഷം ബി.ജെ.പിക്കെതിരെ ആയുധമാക്കുന്നതിനിടയിലാണ് അവരോടൊപ്പം നിൽക്കുന്ന 12 നേതാക്കൾക്കും ബി.ജെ.പി 83 പേരുള്ള രണ്ടാം പട്ടികയിൽ സീറ്റ് നൽകിയത്. ആദ്യപട്ടികയിൽ സീറ്റ് നിഷേധിച്ച ഭൈറോൺ സിങ് ശെഖാവത്തിന്റെ മരുമകനും വസുന്ധരക്കൊപ്പം നിൽക്കുന്ന നേതാവുമായ നർപത് സിങ്ങ് രാജ്വിക്കും അണികളുടെ പ്രതിഷേധത്തെ തുടർന്ന് സീറ്റ് നൽകാൻ ബി.ജെ.പി നിർബന്ധിതമായി. രണ്ടു തവണ മുഖ്യമന്ത്രിയായ 70കാരിയായ വസുന്ധര രാജെ 2003 മുതൽ അവർ പ്രതിനിധീകരിക്കുന്ന ഝൽറാപാഠൻ നിയമസഭാ മണ്ഡലത്തിൽനിന്ന് മത്സരിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ വെള്ളിയാഴ്ച ഡൽഹിയിൽ ചേർന്ന ബി.ജെ.പിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗമാണ് ഒടുവിൽ വസുന്ധര രാജെക്കും ഒപ്പംനിൽക്കുന്ന ഏതാനും നേതാക്കൾക്കും സീറ്റ് നൽകാൻ തീരുമാനിച്ചത്. കേന്ദ്ര മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്തുമായി പോരടിച്ചു നിൽക്കുന്ന വസുന്ധരെയെ പിണക്കുന്നത് അബദ്ധമാകുമെന്ന തിരിച്ചറിവിലാണ് ബി.ജെ.പി തീരുമാനം. തന്നോട് സൗഹൃദമുണ്ടെന്ന് കരുതി സീറ്റ് നിഷേധിക്കരുതെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട് പരസ്യമായി പരിഹസിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വസുന്ധരെ പട്ടികയിലെത്തിയത്.
നർപത് സിങ് രാജ്വി, ശ്രീചന്ദ് കൃപലാനി, അശോക് ഡോഗ്ര, പ്രതാപ് സിങ് സിങ്വി, സിദ്ധി കുമാരി തുടങ്ങി വസുന്ധര ക്യാമ്പിലെ 12 നേതാക്കൾക്കാണ് രണ്ടാം പട്ടികയിൽ സ്ഥാനാർഥിത്വം ലഭിച്ചത്. ഏഴ് സിറ്റിങ് എം.എൽ.എമാർക്ക് രണ്ടാം പട്ടികയിൽ സീറ്റ് നിഷേധിച്ചു. അഞ്ചു തവണ എം.എൽ.എയായ രാജ്വി സീറ്റ് നിഷേധത്തിൽ രോഷാകുലനായി ബി.ജെ.പിക്കെതിരെ രംഗത്തുവന്നിരുന്നു. രാജ്വിയെ ഒഴിവാക്കി അദ്ദേഹത്തിന്റെ മണ്ഡലത്തിൽ ലോക്സഭാ എം.പി ദിയാ കുമാരിയെ ഇറക്കിയ ബി.ജെ.പി രാജകുടുംബാംഗമായ അവരെ വസുന്ധരെ രാജെക്ക് പകരം ഉയർത്തിക്കാട്ടാനുള്ള ശ്രമത്തിലായിരുന്നു. എന്നാൽ അണികളുടെ പ്രതിഷേധത്തെ തുടർന്ന് ബി.ജെ.പിയുടെ രണ്ട് നീക്കങ്ങളും പാളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.