ബംഗാൾ ഉപതെരഞ്ഞെടുപ്പ്; തൃണമൂൽ കോൺഗ്രസുകാർ വളഞ്ഞിട്ട് തല്ലുന്നെന്ന് ബി.ജെ.പി
text_fieldsഅസൻസോൾ ഉപതെരഞ്ഞെടുപ്പിനിടെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ തങ്ങളുടെ പ്രവർത്തകരെയും നേതാക്കളെയും വളഞ്ഞിട്ട് തല്ലുന്നതായി ബി.ജെ.പിയുടെ പരാതി. അസൻസോൾ ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി അഗ്നിമിത്ര പോളിനെ ടി.എം.സി പ്രവർത്തകർ ആക്രമിച്ചുവെന്നും കാറുകൾക്ക് നേരെ കല്ലേറുണ്ടായെന്നും ബി.ജെ.പി ആരോപിച്ചു.
ടി.എം.സി പ്രവർത്തകർ ആക്രമിച്ചതായി ഏപ്രിൽ 12 ചൊവ്വാഴ്ചയാണ് ഭാരതീയ ജനതാ പാർട്ടി പരാതിപ്പെട്ടത്. നേതാക്കളുടെ കാറുകൾക്ക് നേരെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ കല്ലെറിഞ്ഞതായും പാർട്ടി ആരോപിച്ചു.
ടി.എം.സി പ്രവർത്തകർ ഞങ്ങളുടെ സുരക്ഷാ ഉദ്യോഗസ്ഥരെ മുളവടികൊണ്ട് മർദ്ദിച്ചു. മമത ബാനർജി എത്ര ശ്രമിച്ചാലും ബി.ജെ.പി ഇവിടെ ഉണ്ടാകുമെന്ന് ഉപതെരഞ്ഞെടുപ്പിൽ ടി.എം.സിയുടെ ശത്രുഘ്നൻ സിൻഹക്കെതിരെ മത്സരിക്കുന്ന അഗ്നിമിത്ര പോൾ പറഞ്ഞു.
ഏപ്രിൽ 12 ചൊവ്വാഴ്ച അസൻസോളിലെ ബാരാബോണിക്ക് കീഴിലുള്ള 175, 176 ബൂത്തിൽ വോട്ടെടുപ്പിനിടെ സംഘർഷാവസ്ഥ ഉടലെടുത്തിരുന്നു. ബി.ജെ.പി സ്ഥാനാർത്ഥി അഗ്നിമിത്ര പോളിനോട് ബൂത്തുകളിൽ നിന്ന് പുറത്തുപോകാൻ ആവശ്യപ്പെട്ടു. അവിടെ കൂടിയിരുന്ന ചിലർ ബി.ജെ.പിയുടെ പ്രാദേശിക നേതാവ് അരിജിത് റോയ് അവർക്കൊപ്പം ഉണ്ടായിരുന്നത് ചോദ്യം ചെയ്തു. താമസിയാതെ ഏറ്റുമുട്ടലായി മാറി.
അസൻസോൾ ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ എട്ട് സ്ഥാനാർത്ഥികൾ രംഗത്തുണ്ടെങ്കിലും പ്രധാന പോരാട്ടം തൃണമൂൽ കോൺഗ്രസും ബി.ജെ.പിയും തമ്മിലാണ്. നേരത്തെ ബി.ജെ.പിക്കൊപ്പമുണ്ടായിരുന്ന ശത്രുഘ്‌നൻ സിൻഹയാണ് ടി.എം.സി സ്ഥാനാർഥി.
ബി.ജെ.പി വിട്ട് ടി.എം.സിയിൽ ചേർന്നതിന് പിന്നാലെ ബാബുൽ സുപ്രിയോ അസൻസോൾ എം.പി സ്ഥാനം രാജിവെച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ബാലിഗഞ്ച് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർത്ഥി സൈറ ഹലീം ഷാക്കെതിരെയാണ് ബാബുൽ സുപ്രിയോ മത്സരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.