ബിഹാറിൽ വി.ഐ.പി മദ്യപാനികൾക്ക് പ്രത്യേകം ജയിൽ; പ്രതിഷേധം
text_fieldsപട്ന: മദ്യനിരോധനം ഏർപ്പെടുത്തിയ ബിഹാറിൽ പൊതുസ്ഥലങ്ങളിൽ മദ്യപിച്ചതിന് അറസ്റ്റിലാവുന്ന വി.ഐ.പികൾക്കായി പ്രത്യേക സെല്ലുകൾ നിർമിച്ച് എക്സൈസ് വകുപ്പ്. സമസ്തിപൂരിലാണ് രണ്ട് കിടക്കകളും സോഫസെറ്റും എ.സിയുമുൾപ്പെടെ നിരവധി സൗകര്യങ്ങളുള്ള വി.ഐ.പി സെല്ലുകൾ ഒരുക്കിയിരിക്കുന്നത്. ജയിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പുള്ള 24 മണിക്കൂർ വി.ഐ.പികളെ താമസിപ്പിക്കാനാണ് ഇവയെന്ന് അധികൃതർ അറിയിച്ചു.
മദ്യപിച്ചതിന് അറസ്റ്റിലാവുന്ന സർക്കാർ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, സമൂഹത്തിലെ ഉന്നത സ്ഥാനങ്ങളിലുള്ളവർ എന്നിവരെ താമസിപ്പിക്കാനാണ് പുതിയ സെല്ലുകൾ നിർമിച്ചിരിക്കുന്നത്. വി.ഐ.പികളുടെ സംരക്ഷണത്തിനായി പരിശീലനം ലഭിച്ച നായകളെ കാവൽ നിർത്തുമെന്നും എക്സൈസ് സൂപ്രണ്ട് എസ്.കെ ചൗദരി പറഞ്ഞു.
അതേസമയം, അറസ്റ്റിലാവുന്ന സാധാരണക്കാരായ മദ്യപാനികൾക്ക് ഈ സൗകര്യം ലഭ്യമാവില്ല. 2016 ഏപ്രിൽ ആറിനാണ് നിതീഷ് കുമാർ സർക്കാർ ബിഹാറിൽ മദ്യം നിരോധിച്ചത്. എന്നാൽ മദ്യനിരോധനം നിലവിലുള്ള സംസ്ഥാനത്ത് മദ്യപാനികളായ വി.ഐ.പികൾക്കായി പ്രത്യേകസെല്ലുകൾ ഒരുക്കിയ എക്സൈസ് വകുപ്പിന്‍റെ നടപടിയിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.