വഖഫ് ജെ.പി.സി കരട് റിപ്പോർട്ടായി; അന്തിമ റിപ്പോർട്ട് 29ന് സമർപ്പിക്കണമെന്ന് സ്പീക്കർ
text_fieldsന്യൂഡൽഹി: വിവാദ വഖഫ് ബില്ലിന്മേലുള്ള സംയുക്ത പാർലമെന്ററി സമിതി (ജെ.പി.സി) കരട് റിപ്പോർട്ട് തയാറായി. സമിതി അന്തിമ റിപ്പോർട്ട് ഈ മാസം 29ന് റിപ്പോർട്ട് സമർപ്പിക്കണമെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർള നിർദേശവും നൽകി. കൊറിയറായും മെയിലായും 95.86 ലക്ഷം പേർ അഭിപ്രായങ്ങളും നിർദേശങ്ങളും സമർപ്പിച്ചുവെന്നും 48 സിറ്റിംഗുകൾ ഇതുവരെ നടന്നുവെന്നും ജെ.പി.സി ചെയർപേഴ്സണും ബി.ജെ.പി നേതാവുമായ ജഗദാംബികാ പാൽ അറിയിച്ചു.
വ്യാഴാഴ്ച പാർലമെന്റ് അനക്സിൽ ചേർന്ന സമിതിയുടെ അവസാന ഹിയറിംഗിന് ശേഷമാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്. എന്നാൽ നടപടികൾ പൂർത്തിയാക്കാനും ന്യൂനപക്ഷ മന്ത്രാലയത്തിനോട് ചോദ്യങ്ങൾ ഉന്നയിക്കാനും മതിയായ അവസരം കിട്ടാൻ സമിതിയുടെ സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ സ്പീക്കറെ കാണും.
ജെ.പി.സി റിപ്പോർട്ടിന്റെ കരട് തയാറായതായി ചെയർപേഴ്സൺ വ്യാഴാഴ്ച പറഞ്ഞു. വഖഫ് നിയമത്തിൽ കേന്ദ്ര സർക്കാർ ആഗ്രഹിക്കുന്ന ഭോഗതികൾ നിലനിർത്തിയാണ് കരട് തയാറാക്കിയതെന്നാണ് സൂചന. ഓഗസ്റ്റ് ഒമ്പതിനാണ് ജെ.പി.സിക്ക് രൂപം നൽകിയതെന്ന് ജഗദാംബികാ പാൽ ‘‘മാധ്യമ’ത്തോട് പറഞ്ഞു.
അതേ മാസം 22ന് ആദ്യയോഗം ചേർന്നു. 48 തവണ സമിതി സിറ്റിംഗ് നടന്നു 195 സംഘടനകൾ ബില്ലിന്മേൽ അഭിപ്രായമറിയിക്കാൻ സമയം തേടി സമിതിയെ സമീപിച്ചു. അതിൽ 146 സംഘടനകൾ ഹിയറിംഗിനെത്തി. അതിന് പുറമെയാണ് അനുകൂലിച്ചും പ്രതികൂലിച്ചും 95.86 ലക്ഷം നിർദേശങ്ങൾ എത്തിയത്. അവയുടെയെല്ലാം പരിശോധന സമിതി സെക്രട്ടേറിയേറ്റ് പൂർത്തിയാക്കിയെന്നും ജഗദാംബികാ പാൽ പറഞ്ഞു. റിപ്പോർട്ട് 29ന് സമർപ്പിക്കാനാണ് സ്പീക്കർ ആവശ്യപ്പെട്ടത്. എന്നാൽ അത് പോരെന്നും സമയപരിധി നീട്ടണമെന്നുമാണ് പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടതെന്ന് പാൽ പറഞ്ഞു.
വ്യാഴാഴ്ചത്തെ അവസാന ഹിയറിങ്ങിൽ കേന്ദ്ര സർക്കാർ ബില്ലിൽ കൊണ്ടുവന്ന 44 ഭേദഗതികളുമോരോന്നായി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ സമിതിയിൽ വിശദീകരിച്ചു. എന്നാൽ അവസാന ഹിയറിംഗാണെന്ന് പറഞ്ഞിട്ടും അവരോട് തിരികെ ചോദ്യങ്ങൾ ചോദിക്കാൻ അവസരം നൽകിയില്ലെന്നും പ്രതിപക്ഷ അംഗങ്ങളായ എ. രാജ, സഞ്ജയ് സിങ്ങ്, മുഹീബുല്ല നദ്‍വി, അസദുദ്ദീൻ ഉവൈസി, നദീമുൽഹഖ് എന്നിവർ പരാതിപ്പെട്ടു. അതേസമയം വൈകീട്ട് അഞ്ച് മണിക്ക് ശേഷം സമിതി നടപടികളുമായി മുന്നോട്ടുപോകാൻ പ്രതിപക്ഷം തയാറായില്ലെന്ന് ബി.ജെ.പി അംഗം അപരാജിതയും ആരോപിച്ചു.
ജെ.പി.സി അന്തിമ റിപ്പോർട്ട് 29ന് സമർപ്പിക്കാൻ ആവശ്യപ്പെട്ട സ്പീക്കറെ ഉച്ചയോടെ ഫോണിൽ വിളിച്ച തൃണമൂൽ കോൺഗ്രസ് നേതാവ് കല്യാൺ ബാനർജി സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും സ്പീക്കർ തയാറായില്ല. തുടർന്നാണ് ഈ ആവശ്യവുമായി തിങ്കളാഴ്ച രാവിലെ 10.30ന് സ്പീക്കറെ കാണാൻ പ്രതിപക്ഷ എം.പിമാർ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.