'അവർ ഞങ്ങൾക്ക് വോട്ട് ചെയ്യില്ലെന്നറിയാം': മുസ്ലിംകളുടെ അടുത്ത് പ്രചാരണത്തിന് പോകേണ്ടതില്ലെന്ന് ബംഗാൾ ബി.ജെ.പി
text_fieldsകൊൽക്കത്ത: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ ആധിപത്യമുള്ള പ്രദേശങ്ങളിൽ പ്രചരണത്തിന് പോകേണ്ടതില്ലെന്ന് ബംഗാൾ ബി.ജെ.പി ഘടകം. 'കൃഷക് സുരക്ഷാ അഭിയാൻ' എന്ന പേരിൽ കാർഷിക നിയമങ്ങൾ പരിചയപ്പെടുത്തുന്ന പ്രചരണ പരിപാടി ബംഗാളിൽ നടത്താൻ ബി.ജെ.പി തീരുമാനിച്ചിരുന്നു. 40,000 ഗ്രാമങ്ങളാണ് വീടുവീടാന്തരമുള്ള പ്രചരണത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിൽ നിന്നാണ് മുസ്‌ലിം ഭൂരിപക്ഷ മേഖലകൾ ഒഴിവാക്കുന്നത്.
'ബംഗാളിലെ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വോട്ടർമാരെ മാറ്റിവെച്ചുകൊണ്ടാണ് ഞങ്ങൾ വോട്ട് വിഹിതം കണക്കാക്കുന്നത്. അവർ ബിജെപിക്ക് വോട്ട് ചെയ്യില്ലെന്ന് ഞങ്ങൾക്കറിയാം. അതിനാൽ ന്യൂനപക്ഷ ആധിപത്യമുള്ള പോക്കറ്റുകളിൽ പ്രചരണം നടത്താൻ ഊർജ്ജവും സമയവും പാഴാക്കുന്നതിൽ അർഥമില്ല' -കൊൽക്കത്തയിലെ മുതിർന്ന ബിജെപി നേതാവ് പറഞ്ഞു. മുസ്‌ലിം വോട്ടർമാർക്ക് ബംഗാളിൽ ശക്തമായ സാന്നിധ്യമുണ്ട്. കുറഞ്ഞത് 85 നിയമസഭാ മണ്ഡലങ്ങളിലെങ്കിലും ന്യൂനപക്ഷ സമൂഹം മൊത്തം വോട്ടർമാരിൽ 30 ശതമാനം വരും.
2011ൽ ബംഗാൾ മുസ്‌ലിംകൾ തൃണമൂൽ കോൺഗ്രസിന് അനുകൂലമായി വോട്ട് ചെയ്തിരുന്നു. മമതയുടെ വിജയത്തിൽ നിർണായകമായ ഒരുഘടകം അതായിരുന്നു. ബി.ജെ.പിയെ കർഷക വിരുദ്ധ പാർട്ടിയായി ഉയർത്തിക്കാട്ടുന്ന മമതയുടെ ആക്രമണത്തെ ചെറുക്കാനാണ് പുതിയ പ്രചരണ പരിപാടി ആരംഭിച്ചത്. പാർട്ടി ദേശീയ പ്രസിഡന്‍റ് ജെ.പി.നദ്ദ കഴിഞ്ഞയാഴ്ച ഈസ്റ്റ് ബർദ്വാൻ ജില്ലയിലെ അഞ്ച് കർഷക കുടുംബങ്ങളിൽ നിന്ന് അരി ശേഖരിച്ചാണ് പ്രചരണം ആരംഭിച്ചത്. കാർഷിക മേഖലയെ നേരിട്ട് ആശ്രയിക്കുന്ന 72 ലക്ഷം കുടുംബങ്ങളാണ് പശ്ചിമ ബംഗാളിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.