ഷിൻഡെയോ ഫഡ്നാവിസോ? മഹാരാഷ്ട്രയിൽ ആരാകും മുഖ്യമന്ത്രി
text_fieldsമുംബൈ: ഭരണത്തുടർച്ച പ്രവചിച്ച എക്സിറ്റ് പോളുകളെയും കടത്തിവെട്ടി മൃഗീയ ഭൂരുപക്ഷമാണ് മഹാരാഷ്ട്രയിൽ മഹായുതി സഖ്യം നേടിയത്. ആകെയുള്ള 288ൽ 230 സീറ്റും മഹായുതി മുന്നേറുമ്പോൾ പ്രതിപക്ഷ മുന്നണിയായ മഹാവികാസ് അഘാഡി 53 സീറ്റുകളിൽ മാത്രമാണ് ലീഡുയർത്തുന്നത്. മത്സരിച്ച 149ൽ 124 സീറ്റിലും മുന്നേറിയ ബി.ജെ.പി ഇത്തവണയും ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും. ഭരണത്തുടർച്ച ഉറപ്പായതോടെ സംസ്ഥാനത്ത് ആരാകും പുതിയ മുഖ്യമന്ത്രിയെന്ന ചർച്ചയും സജീവമാണ്. നിലവിലെ മുഖ്യമന്ത്രി ശിവസേനയുടെ ഏക്നാഥ് ഷിൻഡേ പദവിയിൽ തുടരുമോ അതോ നിലവിലെ ഉപമുഖ്യമന്ത്രിയും മുൻ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫട്നാവിസ് സർക്കാറിന്‍റെ തലപ്പത്ത് എത്തുമോ എന്നതാണ് പ്രധാന ചോദ്യം.
വിജയമുറപ്പിച്ചതിനു പിന്നാലെ മുഖ്യമന്ത്രി ഷിൻഡേയോട് മാധ്യമപ്രവർത്തകർ ഈ ചോദ്യമുയർത്തിയിരുന്നു. എന്നാൽ വ്യക്തമായ മറുപടി നൽകാൻ ഷിൻഡെ തയാറായിട്ടില്ല. അന്തിമഫലം വരട്ടെയെന്നും തെരഞ്ഞെടുപ്പിനെ നേരിട്ടതുപോലെ സഖ്യകക്ഷികൾ ഒരുമിച്ചിരുന്ന് കൂടിയാലോചിച്ച് ഇക്കാര്യത്തിൽ തീരുമാനം സ്വീകരിക്കും എന്നുമായിരുന്നു ഷിൻഡെയുടെ മറുപടി. ഉപമുഖ്യമന്ത്രി ഫഡ്നാവിസും നേരത്തെ നൽകിയ മറുപടി ഇതുതന്നെയാണ്.
“ആരാകണം മുഖ്യമന്ത്രി എന്നതിനെ ചൊല്ലി മുന്നണിയിൽ തർക്കമില്ല. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന ദിവസം മുതൽ ഇതിനായുള്ള ചർച്ച നടക്കും. മൂന്ന് പാർട്ടിയിലെയും നേതാക്കൾ ഒരുമിച്ചിരുന്ന് ആലോചിക്കും. എല്ലാവർക്കും സ്വീകാര്യമായ തീരുമാനം തന്നെയാകും സ്വീകരിക്കുക” -ഫഡ്നാവിസ് പറഞ്ഞു. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ നയിക്കുന്ന ശിവസേന, ബി.ജെ.പി എന്നിവക്കു പുറമെ അജിത് പവാർ വിഭാഗം എൻ.സി.പിയും ഉൾപ്പെടുന്നതാണ് മഹായുതി സഖ്യം. മുന്നണിക്കുള്ളിൽ ഭിന്നത രൂക്ഷമാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഫഡ്നാവിസ് പ്രതികരിച്ചത്.
നേരത്തെ ശിവസേന എം.എൽ.എയും പാർട്ടി വക്താവുമായ സഞ്ജയ് ഷിർസാത് ഷിൻഡെ തന്നെ അടുത്ത മുഖ്യമന്ത്രിയാകണമെന്ന അഭിപ്രായവുമായി രംഗത്തുവന്നിരുന്നു. എന്നാൽ ഫഡ്നാവിസാണ് മുഖ്യമന്ത്രി സ്ഥാനത്തിന് യോജിച്ചയാൾ എന്ന വാദവുമായി ബി.ജെ.പി നേതാവ് പ്രവീൺ ദരേകറും രംഗത്ത് വരികയുണ്ടായി. ഇതിനു പിന്നാലെയാണ് മുന്നണിയിൽ ഭിന്നതയുണ്ടെന്ന അഭ്യൂഹം ശക്തമായത്. എന്നാൽ ഇതിനെ തള്ളുന്ന നിലപാടാണ് നേതൃത്വം സ്വീകരിച്ചത്.
2019ലും ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പിക്ക് പക്ഷേ ഒറ്റക്ക് സർക്കാർ രൂപവത്കരിക്കാവുന്ന സ്ഥിതിയായിരുന്നില്ല. തുടക്കത്തിൽ, അന്ന് ഉദ്ധവ് താക്കറെ നയിച്ച ശിവസേന ബി.ജെ.പിക്ക് പിന്തുണ നൽകാമെന്ന് സമ്മതിച്ചെങ്കിലും, മുഖ്യമന്ത്രിപദം ലഭിക്കില്ലെന്ന് ഉറപ്പായതോടെ പിന്മാറുകയായിരുന്നു. പിന്നീട് ശിവസേന-എൻ.സി.പി-കോൺഗ്രസ് സഖ്യമായ മഹാവികാസ് അഖാഡി സംസ്ഥാനത്തിൽ അധികാരത്തിൽ വന്നു. എന്നാൽ സേന പിളർത്തി ഷിൻഡെയും എൻ.സി.പി പിളർത്തി അജിത് പവാറും ബി.ജെ.പിക്കൊപ്പം ചേർന്നതോടെ മഹായുതി സഖ്യം അധികാരത്തിൽവന്നു.
സഖ്യമില്ലാതെ ബി.ജെ.പിക്ക് ഇത്തവണയും സംസ്ഥാനം ഒറ്റക്ക് ഭരിക്കാനാകില്ല. അതിനാൽ ഷിൻഡെ പദവിയിൽ തുടരാനുള്ള സാധ്യതയും തള്ളാനാകില്ല. എന്നാൽ സേന പിളർത്തി മറുപക്ഷത്ത് എത്തിയ നാൾ മുതൽ മുഖ്യമന്ത്രിയായ ഷിൻഡെ ഫഡ്നാവിസിന് പദവി വിട്ടുനൽകാൻ തയാറാകുമോ എന്ന കാര്യം കണ്ടറിയണം. വരുംമണിക്കൂറുകളിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും. ബി.ജെ.പി നേതാക്കൾ കൂടി എത്തിയാകും ചർച്ച നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.