തുടങ്ങിവെച്ച പദ്ധതികൾ ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രിയായി തിരിച്ചെത്തും -ഫഡ്നാവിസ്
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി കസേരയിലേക്ക് വീണ്ടും എത്തുമെന്ന് മുൻമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ്. മഹാരാഷ്ട്ര നിയമസഭയിലാണ് ബി.ജെ.പി തിരിച്ചുവരുമെന്ന് ഫഡ്നാവിസ് ആവർത്തിച്ചത്.
പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട ഫഡ്നാവിസിനെ അഭിനന്ദിച്ചുകൊണ്ട് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രമേയം അവതരിപ്പിച്ചതിന് പിന്നാലെയായിരുന്നു ഫഡ്നാവിസിന്റെ പ്രതികരണം. താൻ തന്നെ മുഖ്യമന്ത്രി ആവുമെന്ന തരത്തിൽ തെരഞ്ഞെടുപ്പിന് മുമ്പ് ഫഡ്നാവിസ് നടത്തിയ പ്രസ്താവനയെ നിയമസഭയിൽ ഭരണപക്ഷാംഗങ്ങൾ പരിഹസിച്ചിരുന്നു. ഇതേ തുടർന്നാണ് ഫഡ്നാവിസ് താൻ മുഖ്യമന്ത്രി കസേരയിൽ തിരിച്ചെത്തുമെന്ന് ആവർത്തിച്ചത്.
‘‘ഞാൻ തിരിച്ചെത്തുമെന്ന് പറഞ്ഞിരുന്നു. പക്ഷെ അതിനുള്ള സമയ പട്ടിക നൽകാൻ മറന്നു. എന്നാൽ ഒരുകാര്യത്തിൽ എനിക്ക് ഉറപ്പു തരാൻ സാധിക്കും. നിങ്ങൾ അൽപം കൂടി കാത്തിരിക്കൂ, ഞാൻ കഴിഞ്ഞ അഞ്ച് വർഷം നിരവധി പദ്ധതികൾ പ്രഖ്യാപിക്കുക മാത്രമല്ല ചെയ്തത്. അതിെൻറ ജോലി നല്ല നിലയിൽ തുടങ്ങുകയും ചെയ്തിരുന്നു. അത് ഉദ്ഘാടനം ചെയ്യാൻ ഞാൻ മടങ്ങി വന്നേക്കാം.’’ ഫഡ്നാവിസ് പറഞ്ഞു.
ബി.ജെ.പിക്ക് ജനവിധി ലഭിച്ചതുകൊണ്ടാണ് ഞങ്ങൾ ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. ഒക്ടോബർ 21ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 70ശതമാനം മാർക്കാണ് ഞങ്ങൾക്ക്. എന്നാൽ രാഷ്ട്രീയ ഗണിതം അർഹതയെ മറികടന്നുവെന്നും തെരഞ്ഞെടുപ്പിൽ 40ശതമാനം മാർക്ക് ലഭിച്ചവർ സർക്കാർ രൂപീകരിച്ചുവെന്നും ഫഡ്നാവിസ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.