ഈജിപ്തില്‍ ആളുകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുന്നതായി ആംനസ്റ്റി
text_fieldsകൈറോ: സര്‍ക്കാര്‍ വിരുദ്ധരെന്നാരോപിച്ച് 2015ല്‍ നൂറുകണക്കിനു ആളുകളെ സുരക്ഷാസേനകള്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചതായി ആംനസ്റ്റി ഇന്‍റര്‍നാഷനല്‍. 14 വയസ്സുള്ള കുട്ടികളുള്‍പ്പെടെ സര്‍ക്കാര്‍ നയങ്ങളെ എതിര്‍ക്കുന്ന വിദ്യാര്‍ഥികള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍ എന്നിവരെയാണ് സുരക്ഷാവിഭാഗം തട്ടിക്കൊണ്ടുപോയതെന്ന് ബ്രിട്ടന്‍ ആസ്ഥാനമായുള്ള ആംനസ്റ്റി ഇന്‍റര്‍നാഷനല്‍ ബുധനാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
എതിര്‍ക്കുന്നവരെ ബലം പ്രയോഗിച്ച് രാജ്യത്തുനിന്ന് ഒഴിവാക്കുന്നത് ഈജിപ്ഷ്യന്‍ സര്‍ക്കാറിന്‍െറ നയമാണ്. അതിനെതിരെ ശബ്ദിക്കാന്‍ ആര്‍ക്കും ധൈര്യവുമില്ളെന്ന് ആംനസ്റ്റി മിഡില്‍ ഈസ്റ്റ് ആന്‍ഡ് നോര്‍ത് ആഫ്രിക്ക ഡയറക്ടര്‍ ഫിലിപ് റൂഥര്‍ പറയുന്നു. എന്നാല്‍, ആംനസ്റ്റി റിപ്പോര്‍ട്ട് ഈജിപ്ഷ്യന്‍ വിദേശകാര്യ മന്ത്രാലയം തള്ളിക്കളഞ്ഞു.
രാഷ്ട്രീയലക്ഷ്യംവെച്ച് പക്ഷപാതപരമായ റിപ്പോര്‍ട്ടുകള്‍ പടച്ചുവിടുകയാണ് ആംനസ്റ്റിയെന്ന് മന്ത്രാലയം ഒൗദ്യോഗിക ഫേസ്ബുക്കില്‍ കുറിച്ചു. എന്നാല്‍, ഇത്തരത്തിലുള്ള ഒറ്റപ്പെട്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും കുറ്റക്കാരെ ശിക്ഷിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. പ്രതിദിനം മൂന്നോ നാലോ പേര്‍ ഇങ്ങനെ അപ്രത്യക്ഷരാകുന്നുണ്ടെന്നാണ് സര്‍ക്കാറിതര സംഘടനകളുടെ റിപ്പോര്‍ട്ടുകള്‍ ആധാരമാക്കിയുള്ള ആംനസ്റ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. മാര്‍ച്ചിനും ഏപ്രിലിനുമിടെ രാജ്യത്തുനിന്ന് ഇത്തരത്തില്‍ കാണാതായിട്ടുള്ളത് 266 പേരെയാണെന്ന് നാഷനല്‍ കൗണ്‍സില്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് പറയുന്നു. രാജ്യത്തെ മനുഷ്യാവകാശ സംഘടനകളെയും സര്‍ക്കാര്‍ നോട്ടമിട്ടതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഈജിപ്തിലെ മിക്കവാറും മനുഷ്യാവകാശ സംഘടനകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്ന സര്‍ക്കാര്‍ അവയുടെ സ്വത്ത് കണ്ടുകെട്ടുകയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തു.
സംഘടനകളില്‍ ചേരുന്നതില്‍നിന്ന് ആളുകളെ തടയുകയും ചെയ്തു. തടഞ്ഞുനിര്‍ത്തുന്നവരുടെ ഫോണ്‍ നമ്പര്‍ വാങ്ങുകയും ഫേസ്ബുക് അക്കൗണ്ട് പരിശോധിച്ച് സര്‍ക്കാര്‍വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നുണോ എന്ന് നിരീക്ഷിക്കുകയും ചെയ്യുന്നു. സര്‍ക്കാറിനെ എതിര്‍ക്കുന്ന പോസ്റ്റുകളോ ഫോട്ടോകളോ പോസ്റ്റ് ചെയ്യുന്നവരെ അറസ്റ്റ് ചെയ്യുന്നു. ഏതാനും മാസങ്ങള്‍ക്കിടെ അഞ്ചുകുട്ടികള്‍ക്കെതിരായ കേസുകളുള്‍പ്പെടെ 17 എണ്ണമാണ് ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്തത്.
ഭീകരമായ പീഡനങ്ങളാണ് അവരെ ജയിലുകളില്‍ കാത്തിരിക്കുന്നത്. കണ്ണും കൈയും കെട്ടി ക്രൂരമായി മര്‍ദിക്കുന്നു. നഗ്നരായി നിര്‍ത്തി കെട്ടിയിട്ട് കണങ്കാലിലും കൈകളിലും മണിക്കൂറുകളോളം ഷോക്കടിപ്പിക്കുന്നു.2013ല്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് മുര്‍സിയെ അട്ടിമറിച്ച് അബ്ദുല്‍ ഫത്താഹ് അല്‍സീസി അധികാരം പിടിച്ചെടുത്തതോടെയാണ് രാജ്യത്ത് ജനജീവിതം ദുസ്സഹമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.