14 വേദികൾ, 200 സൃഷ്ടികള്‍; കൊച്ചി ബിനാലെ തുടങ്ങി
text_fieldsമട്ടാഞ്ചേരി: വൈവിധ്യങ്ങളെ തച്ചുടച്ച് ഒരൊറ്റ വംശം, ഒരൊറ്റ ഭാഷ, ഒരൊറ്റ വേഷം എന്നിങ്ങനെ പ്രതിലോമകരമായ ആശയങ്ങള്‍ നടപ്പാക്കാനുള്ള നീക്കത്തിനെതിരെ ബിനാലെപോലുള്ള കലാമേളകൾ കരുത്ത് പകരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചി മുസ്രിസ് ബിനാലെയുടെ അഞ്ചാം പതിപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ഫോര്‍ട്ട്കൊച്ചി പരേഡ് ഗ്രൗണ്ടില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. 14 വേദിയിലായാകും ബിനാലെ നടക്കുന്നത്. വിവിധ രാജ്യങ്ങളില്‍നിന്നുള്ള 90 കലാകാരന്മാരുടെ 200 സൃഷ്ടികള്‍ പ്രദര്‍ശനത്തിനുണ്ടാകും.
'നമ്മുടെ സിരകളില്‍ ഒഴുകുന്നത് മഷിയും തീയും' പ്രമേയത്തിലാണ് ഇത്തവണത്തെ ബിനാലെ. അനീതിക്കെതിരെയുള്ള പോരാട്ടവും ഇതിൽ സ്പഷ്ടമാണ്. കലാമികവ് പ്രകടിപ്പിക്കാന്‍ എല്ലാവിഭാഗം ജനങ്ങള്‍ക്കും അവസരമൊരുക്കുന്ന ജനാധിപത്യപരമായ സമീപനമാണ് ബിനാലെക്കുള്ളത്. അന്താരാഷ്ട്രതലത്തിലേക്ക് അഭിമാനകരമായി വളര്‍ന്ന ബിനാലെയുടെ സാംസ്കാരിക പ്രാധാന്യം ഉള്‍ക്കൊണ്ടാണ് ഇത്തവണ മേളക്ക് ധനസഹായമായി ഏഴു കോടി നല്‍കിയത്. ഇന്ത്യയിലെ ഒരു സാംസ്കാരിക പരിപാടിക്ക് നല്കുന്ന ഏറ്റവും വലിയ സര്‍ക്കാര്‍ സഹായമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, പി. രാജീവ്, പി.എ. മുഹമ്മദ് റിയാസ്, കൊച്ചി മേയര്‍ അഡ്വ. എം. അനില്‍കുമാര്‍, ഹൈബി ഈഡന് എം.പി, എം.എല്‍.എമാരായ കെ.ജെ. മാക്സി, ടി.ജെ. വിനോദ്, ഉണ്ണികൃഷ്ണൻ, ബിനാലെ ഫൗണ്ടേഷന് പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി, മുന്‍ കേന്ദ്രമന്ത്രി കെ.വി. തോമസ്, ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡര്‍ ഇമ്മാനുവേല്‍ ലെനെയിന്‍, കോസ്റ്റ് ഗാര്‍ഡ് കമാന്‍ഡര്‍ എന്‍. രവി, കൊച്ചി ബിനാലെ ഫൗണ്ടേഷന് ട്രസ്റ്റി കൂടിയായ ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ് എം.ഡി അദീബ് അഹമ്മദ് സംബന്ധിച്ചു.
ഏപ്രില്‍ 10വരെയാണ് ബിനാലെ. സ്റ്റുഡന്റ്സ് ബിനാലെ, ആര്‍ട്ട് ബൈ ചില്‍ഡ്രന്‍ എന്നിവ ബിനാലെ 2022ന്റെ ഭാഗമായുണ്ട്. ഫോര്‍ട്ട്കൊച്ചി ആസ്പിന്‍വാള്‍ ഹൗസ്, പെപ്പര്‍ ഹൗസ്, ആനന്ദ് വെയര്‍ഹൗസ് എന്നീ പ്രധാന വേദികള്‍ക്കു പുറമെ ടി.കെ.എം വെയര്‍ഹൗസ്, ഡച്ച് വെയര്‍ഹൗസ്, കാശി ടൗണ്‍ഹൗസ്, ഡേവിഡ് ഹാള്‍, കാശി ആര്‍ട്ട് കഫേ എന്നിടങ്ങളിലുമാണ് പശ്ചിമകൊച്ചിയില്‍ പ്രദര്‍ശനം. ഡര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറിയില്‍ കേരളത്തിലെ മികച്ച 34 കലാകാരന്മാരുടെ നൂറ്റമ്പതോളം സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.