മുനമ്പത്തുനിന്ന് 2013ലും മനുഷ്യക്കടത്ത്; ഇത്തവണ കടന്നവർ എവിടെയെന്ന് ഇനിയും വ്യക്തമല്ല
text_fieldsകൊച്ചി: മുനമ്പത്തുനിന്ന് 2013ലും മനുഷ്യക്കടത്ത് നടന്നത് സംബന്ധിച്ച നിർണായക വിവ രങ്ങൾ പൊലീസിന് ലഭിച്ചതായി സൂചന. ഇൗ മാസം 12ന് മുനമ്പത്തുനിന്ന് നൂറിലധികംപേർ വിദേശത്തേക്ക് കടന്ന സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലുള്ള പ്രഭു ദണ്ഡപാണിയെ ചോദ്യംചെയ്തതിൽ നിന്നാണ് ഇതുസംബന്ധിച്ച വിവരങ്ങൾ ലഭിച്ചത്. 2013ൽ മുനമ്പത്തുനിന്ന് 70 പേർ ആസ്ട്രേലിയയിലെ ക്രിസ്മസ് ദ്വീപിലേക്ക് കടന്നെന്നാണ് പ്രഭു നൽകിയ മൊഴി. ഇതോടെ, മുമ്പ് നടന്ന സമാന സംഭവങ്ങളെക്കുറിച്ചും അന്വേഷിക്കാനുള്ള നീക്കത്തിലാണ് പൊലീസ്.
ഡൽഹിയിലെ അംബേദ്കർ കോളനിയിൽനിന്നാണ് പ്രഭുവിനെ കസ്റ്റഡിയിലെടുത്തത്. 2013ൽ മുനമ്പത്തുനിന്ന് പോയ സംഘത്തിൽ പ്രഭുവും ഉണ്ടായിരുന്നു. രണ്ടുവർഷം അവിടെ ജോലിചെയ്തു. എന്നാൽ, അനധികൃത കുടിയേറ്റമാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് താൽക്കാലിക പാസ്പോർട്ട് നൽകി തിരിച്ചയച്ചു. ഡൽഹിയിൽ പ്രഭുവിെൻറ താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ ഇൗ പാസ്പോർട്ടും മറ്റ് യാത്രരേഖകളും പൊലീസ് കണ്ടെടുത്തു. ഇത്തവണയും പ്രഭു മുനമ്പത്തുനിന്ന് പോകാനിരുന്നതാണ്.
എന്നാൽ, പണം തികയാത്തതിനാൽ കുടുംബത്തെ മാത്രം അയച്ച് ഇയാൾ യാത്ര മാറ്റിവെക്കുകയായിരുന്നു. മുൻവർഷങ്ങളിൽ പലപ്പോഴും ആസൂത്രിതമായി ആളുകളെ വിദേശ രാജ്യങ്ങളിലേക്ക് മുനമ്പംവഴി കൊണ്ടുപോയിട്ടുണ്ടാകാമെന്നാണ് പൊലീസ് നിഗമനം. ഉപേക്ഷിക്കപ്പെട്ട ബാഗുകൾ കണ്ടെത്തിയതാണ് ഇത്തവണ മനുഷ്യക്കടത്തിെൻറ ചുരുളഴിയാൻ കാരണം.
ഇതിനിടെ, ഇത്തവണ മുനമ്പംവഴി കടന്നവർ എവിടേക്കാണ് പോയതെന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല. ആസ്ട്രേലിയയിലെ ക്രിസ്മസ് ദ്വീപിലേക്കോ ന്യൂസിലൻഡിലേക്കോ ആകാമെന്നാണ് സംശയിക്കുന്നത്. എത്തിയാൽ ഇവരെ തിരിച്ചയക്കാനുള്ള നടപടി ആസ്ട്രേലിയയിലെയും ന്യൂസിലൻഡിലെയും അധികൃതരുമായി ബന്ധപ്പെട്ട് പൊലീസ് ആലോചിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.