നെല്‍വയല്‍ സംരക്ഷണ നിയമം: ഡാറ്റ ബാങ്ക് പരിശോധിക്കാതെ നുമതി നല്‍കരുതെന്ന് ഹൈകോടതി
text_fieldsവ്യവസ്ഥകള്‍ പാലിക്കാന്‍ നിര്‍ദേശിച്ചും ലംഘിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി മുന്നറിയിപ്പ് നല്‍കിയും അടിയന്തര സര്‍ക്കുലര്‍ പുറപ്പെടുവിക്കണം
കൊച്ചി: നെല്‍വയല്‍ സംരക്ഷണ നിയമപ്രകാരം ഡാറ്റ ബാങ്ക് പരിശോധിച്ച് ഉറപ്പുവരുത്താതെ നികത്ത് ഭൂമിയില്‍ കെട്ടിടം നിര്‍മിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അനുമതി നല്‍കരുതെന്ന് ഹൈകോടതി. 2008ലെ നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണമെന്ന് തദ്ദേശ സ്വയംഭരണ സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കുന്ന സര്‍ക്കുലര്‍ അടിയന്തരമായി സര്‍ക്കാര്‍ പുറപ്പെടുവിക്കണമെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് ഉത്തരവിട്ടു.
ഡാറ്റ ബാങ്കിന്‍െറ അടിസ്ഥാനത്തിലല്ലാതെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കരുതെന്നും അനധികൃതമായി അനുമതി നല്‍കിയിട്ടുണ്ടെങ്കില്‍ ബന്ധപ്പെട്ട സെക്രട്ടറി വ്യക്തിപരമായി ഉത്തരവാദിയായിരിക്കുമെന്നും നടപടി നേരിടേണ്ടിവരുമെന്നും വ്യക്തമാക്കി സര്‍ക്കുലര്‍ പുറപ്പെടുവിക്കാനാണ് സിംഗിള്‍ ബെഞ്ച് നിര്‍ദേശം. നെല്‍വയല്‍ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ അട്ടിമറിക്കാന്‍ ബോധപൂര്‍വം ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതായും ഇക്കാര്യം അധികൃതര്‍ ശ്രദ്ധിക്കണമെന്നും കോടതി നിര്‍ദേശിച്ചു. നികത്ത് ഭൂമിയിലെ നിര്‍മാണവുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത വാഹനം വിട്ടുനല്‍കുന്നത് സംബന്ധിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്.
അഡീഷനല്‍ തഹസില്‍ദാറുടെ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് മരട് നഗരസഭ അനുമതി നല്‍കിയ ഭൂമിയില്‍നിന്ന് പിടിച്ചെടുത്ത വാഹനം വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് വാഹനം വാടകക്കെടുത്ത എം.എം. കുര്യാച്ചന്‍ നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. കെട്ടിടനിര്‍മാണ അനുമതിയുള്ള ഭൂമിയിലെ ജോലിക്കിടെ പിടിച്ചെടുത്ത വാഹനം വിട്ടുനല്‍കാന്‍ നേരത്തേ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് ഈ ഉത്തരവ് റദ്ദാക്കുകയും കേസ് വീണ്ടും പരിഗണിച്ച് തീര്‍പ്പാക്കാന്‍ നിര്‍ദേശിച്ച് സിംഗിള്‍ ബെഞ്ചിന് തിരിച്ചയക്കുകയുമായിരുന്നു.
2008ലെ നിയമപ്രകാരം പ്രാദേശികതല മോണിറ്ററിങ് സമിതിയില്‍നിന്ന് റിപ്പോര്‍ട്ട് തേടിയാണ് നികത്ത് ഭൂമിയില്‍ നിര്‍മാണപ്രവര്‍ത്തനത്തിന് അനുമതി നല്‍കേണ്ടിയിരുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. പാടം 2008നുമുമ്പേ നികത്തിയതാണെന്ന റിപ്പോര്‍ട്ടാണ് അഡീ. തഹസില്‍ദാര്‍ നല്‍കിയത്. ഡാറ്റ ബാങ്ക് വിവരങ്ങള്‍ പരിശോധിക്കാതെ എന്തടിസ്ഥാനത്തിലാണ് അഡീ. തഹസില്‍ദാര്‍ ഇത്തരമൊരു റിപ്പോര്‍ട്ട് നല്‍കിയതെന്ന് കോടതി ആരാഞ്ഞു. അതിനാല്‍, ഇക്കാര്യത്തില്‍ സ്ഥലമുടമകളെക്കാള്‍ വലിയ കുറ്റവാളികള്‍ നഗരസഭ, റവന്യൂ ഉദ്യോഗസ്ഥരാണെന്ന് കോടതി നിരീക്ഷിച്ചു. തുടര്‍ന്നാണ് നെല്‍വയല്‍-നീര്‍ത്തടസംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി കെട്ടിടനിര്‍മാണത്തിന് അനുമതി നല്‍കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതുള്‍പ്പെടെ വ്യക്തമാക്കി സര്‍ക്കുലര്‍ പുറപ്പെടുവിക്കാന്‍ തദ്ദേശ സ്വയംഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കോടതി നിര്‍ദേശം നല്‍കിയത്.
സര്‍ക്കുലറില്‍ വീഴ്ചവരുത്തുന്നവര്‍ക്കെതിരെ വിജിലന്‍സ് കേസെടുക്കുമെന്ന വിവരവും അറിയിക്കണം. ഹരജിക്കിടയാക്കിയ സംഭവത്തില്‍ എന്തടിസ്ഥാനത്തിലാണ് അഡീ. തഹസില്‍ദാര്‍ ഇത്തരമൊരു റിപ്പോര്‍ട്ട് നല്‍കിയതെന്ന് ജില്ലാ കലക്ടര്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണം. നിര്‍മാണ അനുമതി ലഭിച്ച സ്ഥലത്തിന്‍െറ ഉടമക്കെതിരെ സ്വീകരിച്ച നടപടികളും അറിയിക്കണം. അനധികൃതമായി നിര്‍മാണാനുമതി നല്‍കിയ സെക്രട്ടറിയുടെ പേര് നഗരസഭയും അനുകൂല റിപ്പോര്‍ട്ട് നല്‍കിയ അഡീ.
തഹസില്‍ദാറുടെ പേര് കലക്ടറും അറിയിക്കണം. കലക്ടര്‍ രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് നിര്‍ദേശിച്ച കോടതി, തദ്ദേശ സ്വയംഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ സ്വമേധയാ കക്ഷിചേര്‍ത്തു. കേസ് വീണ്ടും 21ന് പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.