പ്രിന്‍സിപ്പലിനെ ‘ശവമടക്കി’ അവഹേളിച്ചെന്ന്; നാല് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
text_fieldsപാലക്കാട്: ഗവ. വിക്ടോറിയ കോളജ് പ്രിന്‍സിപ്പല്‍ ടി.എന്‍. സരസുവിനെ റിട്ടയര്‍മെന്‍റ് ദിവസം കാമ്പസില്‍ ശവകുടീരമുണ്ടാക്കി അപമാനിച്ചുവെന്ന പരാതിയില്‍ കോളജ് യൂനിയന്‍ ജന. സെക്രട്ടറി ഉള്‍പ്പെടെ നാലു എസ്.എഫ്.ഐ പ്രവര്‍ത്തകരെ പാലക്കാട് ടൗണ്‍ നോര്‍ത് പൊലീസ് അറസ്റ്റ് ചെയ്തു. യൂനിയന്‍ ജന. സെക്രട്ടറി പി.എ. അഭിജിത്ത്, കെ. ആദിത്യന്‍, വി.വി. നിവിന്‍, എം. മഹേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടത്. സംഭവത്തില്‍ ഇവരടക്കം കണ്ടാലറിയുന്ന 15 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
കഴിഞ്ഞ മാര്‍ച്ച് 31നാണ് കേസിനാസ്പദമായ സംഭവം. പ്രിന്‍സിപ്പല്‍ സര്‍വിസില്‍നിന്ന് വിരമിക്കുന്ന ദിവസം കോളജ് കാമ്പസില്‍ ശവകുടീരമുണ്ടാക്കി പ്രതീകാത്മകമായി ശവമടക്കിയായിരുന്നു അവഹേളനം. പൂക്കളും റീത്തും വെച്ച് 26 വര്‍ഷത്തെ പഴമ്പുരാണത്തിന് എരിതീ, നാണക്കേടോ, നിന്‍െറ പേരോ സരസൂ എന്ന വാചകമെഴുതിയ കുറിപ്പും വെച്ചാണ് ശവകുടീരം തയാറാക്കിയത്. വൈകീട്ട് ചില വിദ്യാര്‍ഥികള്‍ പടക്കം പൊട്ടിച്ചതായും ആരോപണമുണ്ട്. സംഭവം തനിക്ക് മാനഹാനി വരുത്തിയെന്ന് കാണിച്ച് പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
അതേസമയം, സംഭവത്തിന് പിന്നില്‍ എസ്.എഫ്.ഐ ആണെന്ന ആരോപണം ഭാരവാഹികള്‍ നിഷേധിച്ചു. സംഘ്പരിവാറാണ് സംഭവത്തിന് പിന്നിലെന്ന് സംശയമുണ്ടെന്നും പ്രിന്‍സിപ്പലിന് സംഘ്പരിവാര്‍ ബന്ധമുണ്ടെന്നും എസ്.എഫ്.ഐ യൂനിറ്റ് ഭാരവാഹികളായ ശൈഖ് നഫാസ്, ആനന്ദ് ജയന്‍, ബി. ഹാഷിര്‍, എ. സുല്‍ഫിക്കര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. സംഭവത്തില്‍ പ്രതികളായ മുഴുവന്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ടൗണ്‍ നോര്‍ത് പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.