സ്വാശ്രയ മെഡിക്കൽ: മുഴുവൻ സീറ്റിലും പ്രവേശം നടത്താനുള്ള സർക്കാർ നീക്കത്തിന് തിരിച്ചടി
text_fieldsകൊച്ചി: സംസ്ഥാനത്തെ സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ മുഴുവന്‍ എം.ബി.ബി.എസ്, ഡെന്‍റല്‍ സീറ്റുകളിലേക്കും നേരിട്ട് അലോട്മെന്‍റ് നടത്താനുള്ള സര്‍ക്കാര്‍ ഉത്തരവിന് ഹൈകോടതിയുടെ സ്റ്റേ. മാനേജ്മെന്‍റുകള്‍ക്ക് ഉപാധികളോടെ പ്രവേശം നടത്താമെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസുമാരായ കെ. സുരേന്ദ്രമോഹന്‍, മേരി ജോസഫ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്‍െറ ഉത്തരവ്. സുതാര്യവും ചൂഷണരഹിതവുമായ തരത്തില്‍ വിദ്യാര്‍ഥി പ്രവേശം ഉറപ്പുവരുത്തണമെന്ന് കോടതി നിര്‍ദേശിച്ചു. സര്‍ക്കാര്‍ നടപടിക്കെതിരെ സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്‍റുകള്‍ നല്‍കിയ ഹരജിയാണ് ബെഞ്ച് പരിഗണിച്ചത്.
2016ലെ നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തില്‍ വേണം എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിലേക്ക് മാനേജ്മെന്‍റുകള്‍ പ്രവേശം നടത്താനെന് കോടതി നിര്‍ദേശിച്ചു. നീറ്റില്‍ ലഭിച്ച റാങ്കാണ് ഇക്കാര്യത്തില്‍ മാനദണ്ഡമാക്കേണ്ടത്. അപേക്ഷകള്‍ ഓണ്‍ലൈന്‍ മുഖേന സ്വീകരിക്കുകയും ലഭിച്ച അപേക്ഷകളുടെ വിശദാംശങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും വേണം. ഇവ പ്രവേശമേല്‍നോട്ടസമിതിയുടെ പരിശോധനക്ക് വിധേയമാക്കണം. മെഡിക്കല്‍ മാനേജ്മെന്‍റുകള്‍ പ്രവേശമേല്‍നോട്ടസമിതിയില്‍നിന്ന് പ്രോസ്പെക്ടസിന് അംഗീകാരം തേടണം. അംഗീകാരത്തിന് പ്രോസ്പെക്ടസ് സമര്‍പ്പിച്ചാല്‍ മൂന്ന് മാസത്തിനകം ഇക്കാര്യത്തില്‍ സമിതി നടപടി പൂര്‍ത്തിയാക്കണം.
ക്രിസ്ത്യന്‍ മാനേജ്മെന്‍റുകള്‍ ഒഴികെ മറ്റ് മാനേജ്മെന്‍റുകളിലേറെയും സ്വമേധയാ പ്രോസ്പെക്ടസ് പ്രസിദ്ധീകരിക്കുകയാണ് ചെയ്തത്. പ്രവേശമേല്‍നോട്ടസമിതിയുടെ അംഗീകാരമില്ലാതെയാണ് ചില മാനേജ്മെന്‍റുകള്‍ പ്രോസ്പെക്ടസ് പ്രസിദ്ധീകരിച്ചതെന്ന് സമിതിയുടെ അഭിഭാഷക കോടതിയില്‍ ബോധിപ്പിക്കുകയും ചെയ്തു. വിദ്യാര്‍ഥി പ്രവേശകാര്യത്തില്‍ സുപ്രീം കോടതിയുടെ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുക മാത്രമാണ് സര്‍ക്കാറിന്‍െറ ഉത്തരവാദിത്തമെന്ന് കോടതി വിലയിരുത്തി.
ടി.എം.എ. പൈ, ഇനാംദാര്‍ കേസുകളിലെ സുപ്രീം കോടതി വിധികള്‍ പ്രകാരം സ്വന്തം നിലയില്‍ വിദ്യാര്‍ഥിപ്രവേശം നടത്താന്‍ സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്‍റുകള്‍ക്ക് അധികാരമുണ്ട്. മെഡിക്കല്‍ സീറ്റുകള്‍ ഏറ്റെടുത്തുള്ള സര്‍ക്കാര്‍ ഉത്തരവ് ഈ വിധികള്‍ക്ക് വിരുദ്ധവും മാനേജ്മെന്‍റുകളുടെ അധികാരത്തിലുള്ള കടന്നുകയറ്റവുമാണ്. സ്വാശ്രയ കോളജുകളില്‍ വിദ്യാര്‍ഥിപ്രവേശം നടത്താന്‍ പൊതുപ്രവേശ കമീഷണര്‍ക്ക് എന്ത് അധികാരമാണുള്ളതെന്ന് കോടതി വാദത്തിനിടെ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.