പ്രവേശം യോഗ്യതയുടെ അടിസ്ഥാനത്തിലാവും
text_fieldsകൊച്ചി: സ്വാശ്രയ മെഡിക്കല്‍ പ്രവേശ കാര്യത്തില്‍ സീറ്റുകള്‍ ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നിലപാട് തടസ്സപ്പെട്ടെങ്കിലും പ്രവേശം യോഗ്യതയുടെ അടിസ്ഥാനത്തില്‍ വേണമെന്ന ഉപാധി കോടതി ശക്തമായി മുന്നോട്ടുവെച്ചു. പ്രവേശ മേല്‍നോട്ട സമിതിയുടെ നിരീക്ഷണത്തില്‍ തന്നെ നടപടികള്‍ പൂര്‍ത്തീകരിക്കണമെന്ന നിര്‍ദേശത്തിലൂടെ സ്വമേധയാ പ്രോസ്പെക്ടസ് തയാറാക്കി പ്രവേശ നടപടികള്‍ പൂര്‍ത്തിയാക്കുന്ന മാനേജ്മെന്‍റ് നടപടിക്ക് തടയിടുകയുമാണ് കോടതി ചെയ്തത്. 2006ലെ സ്വാശ്രയ നിയമത്തിലെ വ്യവസ്ഥകള്‍ പുനര്‍ ആവിഷ്കരിക്കാനാണ് പുതിയ ഉത്തരവിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നായിരുന്നു ക്രിസ്ത്യന്‍ മാനേജ്മെന്‍റുകള്‍ മുന്നോട്ടുവെച്ച പ്രധാന വാദം.
സ്വാശ്രയ നിയമത്തിലെ മൂന്നാം വകുപ്പ് സുപ്രീംകോടതി ഭരണഘടനാവിരുദ്ധമാണെന്ന് കണ്ടത്തെി റദ്ദാക്കിയതാണ്. എന്നാല്‍, സമാന സാഹചര്യമാണ് വിദ്യാര്‍ഥി പ്രവേശകാര്യത്തില്‍ ഉത്തരവിലൂടെ ഇപ്പോള്‍ സംജാതമായിട്ടുള്ളതെന്ന് മാനേജ്മെന്‍റുകള്‍ ചൂണ്ടിക്കാട്ടി. സ്വാശ്രയ മെഡിക്കല്‍ സീറ്റുകള്‍ ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താനുള്ള ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശത്തിലുള്ള കടന്നുകയറ്റമാണെന്ന വാദവും ക്രിസ്ത്യന്‍ മാനേജ്മെന്‍റുകള്‍ ഉന്നയിച്ചു. സര്‍ക്കാറുമായി കരാറില്‍ ഏര്‍പ്പെടാത്ത മാനേജ്മെന്‍റുകളുമായി ബന്ധപ്പെട്ട വിദ്യാര്‍ഥി പ്രവേശകാര്യത്തില്‍ ഇടപെടാന്‍ സര്‍ക്കാറിന് അധികാരമില്ളെന്ന വാദം മറ്റ് സ്വാശ്രയ മാനേജ്മെന്‍റുകള്‍ ഉന്നയിച്ചു. കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച നീറ്റ് ഓര്‍ഡിനന്‍സാണ് ഈ വാദത്തിന് പശ്ചാത്തലമായി ഉയര്‍ത്തിക്കാണിച്ചത്. പൊതുപ്രവേശ പരീക്ഷാ കമീഷണര്‍ക്ക് മാനേജ്മെന്‍റ് സീറ്റുകളില്‍ പ്രവേശനം നടത്താന്‍ അധികാരമില്ളെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. അതേസമയം വിദ്യാര്‍ഥി പ്രവേശത്തില്‍ മെറിറ്റ് ഉറപ്പാക്കാനും തലവരിപ്പണം വാങ്ങുന്നത് ഒഴിവാക്കാനുമാണ് മെഡിക്കല്‍ പ്രവേശ കാര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചതെന്നായിരുന്നു സര്‍ക്കാറിന് വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറലിന്‍െറ വാദം. സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ വിദ്യാര്‍ഥി പ്രവേശം നീറ്റ് റാങ്ക് ലിസ്റ്റിന്‍െറ അടിസ്ഥാനത്തിലാകണമെന്നും ഉയര്‍ന്ന റാങ്കിന്‍െറ അടിസ്ഥാനത്തില്‍ പ്രവേശ പരീക്ഷാ കമീഷണര്‍ തയാറാക്കുന്ന പട്ടികയില്‍നിന്ന് മാനേജ്മെന്‍റുകള്‍ക്ക് വിദ്യാര്‍ഥി പ്രവേശം നടത്താമെന്നും എ.ജി കോടതിയില്‍ ബോധിപ്പിച്ചു. വിദ്യാര്‍ഥി പ്രവേശ കാര്യത്തില്‍ സ്വാശ്രയ മാനേജ്മെന്‍റുകളുമായി സമവായത്തിന് ശ്രമിച്ചെങ്കിലും അവര്‍ ഒത്തുതീര്‍പ്പിന് തയാറാകാത്തതിനാല്‍ പരാജയപ്പെട്ടെന്നും എ. ജി ബോധിപ്പിച്ചു. ഈ വാദങ്ങളെല്ലാം കേട്ടശേഷമാണ് കോടതി സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്തത്.
അതേസമയം, മാനേജ്മെന്‍റുകള്‍ പ്രവേശ സമിതിക്ക് സമര്‍പ്പിച്ച് പ്രോസ്പെക്ടസുകള്‍ക്ക് അംഗീകാരം നേടണമെന്ന കോടതിയുടെ നിര്‍ദേശം ക്രിസ്ത്യന്‍ പ്രഫഷനല്‍ കോളജ് മാനേജ്മെന്‍റ് ഫെഡറേഷന് കീഴിലെ കോളജുകള്‍ക്ക് ബാധകമാവില്ല. നേരത്തേ തന്നെ പ്രോസ്പെക്ടസിന് സമിതിയുടെ അംഗീകാരം തേടിയ പശ്ചാത്തലത്തിലാണിത്. സ്വാശ്രയ മെഡിക്കല്‍, ഡെന്‍റല്‍ സീറ്റുകള്‍ ഏറ്റെടുത്ത സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത് ക്രിസ്ത്യന്‍ പ്രഫഷനല്‍ കോളജ് മാനേജ്മെന്‍റ് ഫെഡറേഷനും അതിന് കീഴിലെ കോളജുകളും കണ്ണൂര്‍, കരുണ, എം.ഇ.എസ്. മാനേജ്മെന്‍റുകളും ചാലാക്ക എസ്.എന്‍. മെഡിക്കല്‍ കോളജുമാണ് കോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.