കുതിരവട്ടത്തുനിന്ന് നസീമ വീണ്ടും രക്ഷപ്പെട്ടു; സ്റ്റാന്‍ഡില്‍നിന്ന് പൊലീസ് പിടിച്ചു
text_fieldsകോഴിക്കോട്: നിരവധി കേസുകളില്‍ പ്രതിയായി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയ യുവതി വീണ്ടും തടവുചാടി. പരപ്പനങ്ങാടി തെക്കേകത്ത് നസീമ (27) ആണ് വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചാം വാര്‍ഡിലെ സിംഗ്ള്‍ സെല്ലില്‍നിന്ന് രക്ഷപ്പെട്ടത്. രാവിലെ ഒമ്പതരയോടെ മൊഫ്യൂസില്‍ ബസ്സ്റ്റാന്‍ഡില്‍ ബസ് കാത്തുനില്‍ക്കവെ സംശയം തോന്നിയ പൊലീസുകാരന്‍ വിവരം നല്‍കിയതിനെ ത്തുടര്‍ന്ന് നടക്കാവ് പൊലീസത്തെി ഇവരെ പിടികൂടി.
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്ന് കനത്ത സുരക്ഷാ വലയങ്ങള്‍ ഭേദിച്ച് രണ്ടാം തവണയാണ് ഇവര്‍ തടവുചാടുന്നത്. സെല്ലിലെ ഗ്രില്ലിലെ ദ്രവിച്ച കമ്പി വളച്ചാണ് നസീമ പുറത്തുകടന്നത്. അവിടെനിന്നും ഷാളുകള്‍ കൂട്ടിക്കെട്ടി ചുറ്റുമതിലിലെ വേലിക്കമ്പിയില്‍ കൊളുത്തി അതുവഴി സാഹസികമായി മതില്‍ ചാടിയാണ് രക്ഷപ്പെട്ടതെന്ന് പൊലീസ് പറയുന്നു.
കവര്‍ച്ച, വഞ്ചന, ആള്‍മാറാട്ടം തുടങ്ങി 12 ഓളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ നസീമയെ നേരത്തെ 2015 ജൂണ്‍ 16ന് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നു.
മലപ്പുറം കോടതിയുടെ നിര്‍ദേശപ്രകാരമായിരുന്നു അത്. അന്ന് രണ്ടുമാസത്തോളം ചികിത്സതേടിയ നസീമ ആഗസ്റ്റ് 15ന് പുലര്‍ച്ചെ സെല്ലിന്‍െറ ചുമരുതുരന്ന് രക്ഷപ്പെട്ടു. രക്ഷപ്പെട്ട് ഒരു മാസത്തിനുശേഷം സെപ്റ്റംബറില്‍ കൊച്ചിയിലെ ഫ്ളാറ്റില്‍നിന്ന് മെഡിക്കല്‍ കോളജ് പൊലീസ് പിടികൂടി കോഴിക്കോട് വനിതാ ജയിലിലേക്ക് അയക്കുകയായിരുന്നു. അവിടെനിന്ന് വീണ്ടും മനോരോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനാല്‍ ചൊവ്വാഴ്ച കുതിരവട്ടത്തേക്ക് മാറ്റുകയായിരുന്നു. തടവുചാടാന്‍ വേണ്ടി മാനസികരോഗം അഭിനയിക്കുകയായിരുന്നെന്നാണ് നേരത്തെ ഇവര്‍ പൊലീസിന് മൊഴിനല്‍കിയത്. കൊല്ലം ഈസ്റ്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇവര്‍ അറസ്റ്റിലാവുന്നത്. രക്ഷപ്പെടാന്‍ നസീമക്ക് പുറത്തുനിന്ന് സഹായം ലഭിച്ചതായി ആരോപണമുയര്‍ന്നെങ്കിലും സുരക്ഷാവീഴ്ചയാണെന്നായിരുന്നു ഡി.എം.ഒ നേരത്തെ ഉന്നതാധികാരികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ വാര്‍ഡില്‍ ഏതാനും ജീവനക്കാരെ പരസ്പരം മാറ്റിയതല്ലാതെ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കാത്തതാണ് വീണ്ടും രക്ഷപ്പെടാന്‍ സഹായകമായത്. മൂന്നു പൊലീസുകാര്‍ കാവല്‍നില്‍ക്കെയാണ് രണ്ടാം തവണയും നസീമ തടവുചാടിയത്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡി.എം.ഒ തലത്തില്‍ ഡെപ്യൂട്ടി ഡി.എം.ഒ ഡോ. എം.പി. ബീജയുടെ നേതൃത്വത്തില്‍ മൂന്നംഗ കമ്മിറ്റിയെ നിയമിച്ചിട്ടുണ്ട്. കമ്മിറ്റി വെള്ളിയാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പൊലീസ് അന്വേഷണവും നടക്കുന്നുണ്ട്. നസീമയെ കുന്ദമംഗലം കോടതി റിമാന്‍ഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.