മഹല്ലുകള്‍ സാമൂഹികക്ഷേമ കേന്ദ്രങ്ങളാക്കാന്‍ പദ്ധതി
text_fieldsകൊച്ചി: മുസ്ലിം പള്ളികളുടെയും മഹല്ല് ജമാഅത്തുകള്‍ക്ക് കീഴിലെ മറ്റ് സ ്ഥാപനങ്ങളുടെയും സൗകര്യങ്ങള്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും ഉപകാരപ്പെടുന്ന രീതിയില്‍ വിനിയോഗിക്കാന്‍ പദ്ധതി. പ്രാരംഭഘട്ടത്തില്‍ എറണാകുളം ജില്ലയിലാണ് പദ്ധതി നടപ്പാക്കുക. വിശദാംശങ്ങള്‍ക്ക് രൂപംനല്‍കാന്‍ കഴിഞ്ഞദിവസം എറണാകുളത്ത് ചേര്‍ന്ന ആലോചനാ യോഗത്തില്‍ ജില്ലയിലെ നൂറിലധികം മഹല്ലുകളുടെ ഭാരവാഹികള്‍ പങ്കെടുത്തു.
‘ഫോറം ഫോര്‍ ഇന്‍റലക്ച്വല്‍ ഡയലോഗ്’ ആണ് യോഗം സംഘടിപ്പിച്ചത്. പാണക്കാട് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ യോഗം ഉദ്ഘാടനം ചെയ്തു. ബഹുസ്വര സമൂഹത്തില്‍ ജനങ്ങളോട് ഇടപെട്ട് പ്രവാചകന്‍ കാണിച്ചുതന്ന ജീവിതമാതൃക പകര്‍ത്താന്‍ മുസ്ലിം സമുദായം തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു. സമുദായ ധ്രുവീകരണം ശക്തമാകുന്ന ഈ കാലഘട്ടത്തില്‍ മതേതര ചിന്ത എല്ലാവരിലും വളര്‍ത്തിയെടുക്കേണ്ട ഉത്തരവാദിത്തം പണ്ഡിതന്മാര്‍ക്കും മഹല്ല് നേതാക്കള്‍ക്കുമുണ്ടെന്നും മുനവ്വര്‍ അലി ചൂണ്ടിക്കാട്ടി.
റിട്ട. ജസ്റ്റിസ് പി.കെ. ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ‘മഹല്ലുകള്‍ സാമൂഹിക നന്മക്ക്’ എന്ന വിഷയം സി.എച്ച്. മുസ്തഫ മൗലവി അവതരിപ്പിച്ചു. മഹല്ലുകളില്‍ നടപ്പാക്കാനുള്ള പദ്ധതിയുടെ കരടുരേഖ ഹുസൈന്‍ ബദരി അവതരിപ്പിച്ചു. പള്ളി പരിസരത്തെ സ്ഥലവും അംഗശുദ്ധി വരുത്തിയ ശേഷം പാഴാക്കുന്ന വെള്ളവും ഉപയോഗപ്പെടുത്തി ജൈവരീതിയില്‍ പച്ചക്കറി കൃഷി ചെയ്യുക, മഹല്ലുകളില്‍ ന്യായവില സ്റ്റോറുകള്‍ തുറക്കുക, കാന വൃത്തിയാക്കല്‍, വഴി ഗതാഗത യോഗ്യമാക്കല്‍ തുടങ്ങി നാടിന്‍െറ ആവശ്യങ്ങള്‍ മഹല്ല് കമ്മിറ്റി ഏറ്റെടുത്തു നടത്തുക, മഹല്ല് കമ്മിറ്റികള്‍ ഏര്‍പ്പെടുത്തുന്ന സഹായ പദ്ധതികളും സാമൂഹിക സുരക്ഷാ പദ്ധതികളും പ്രദേശത്തെ അര്‍ഹരായ എല്ലാവര്‍ക്കും ലഭ്യമാക്കുക തുടങ്ങിയ 30 നിര്‍ദേശങ്ങളാണ് കരടുരേഖയില്‍ ഉള്ളത്.
ഏവര്‍ക്കും യോജിക്കാവുന്ന മേഖലകള്‍ കണ്ടത്തെി ജാതി മത വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും സേവനം ചെയ്യുമെന്ന പ്രതിജ്ഞ ഏറ്റുചൊല്ലിയാണ് മഹല്ല് ഭാരവാഹികള്‍ പിരിഞ്ഞത്. ഡോ. കെ.കെ. ഉസ്മാന്‍, ഡോ. എന്‍.എം. ഷറഫുദ്ദീന്‍, കബീര്‍ ഹുസൈന്‍, അഡ്വ. ടി.കെ. ഹുസൈന്‍, അഡ്വ. ടി.പി.എം. ഇബ്രാഹിം ഖാന്‍, വി.കെ. അബ്ദുല്‍ അസീസ്, പി.എച്ച്. ഷാജഹാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.