വയല്‍ നികത്തല്‍: ക്രമപ്പെടുത്തലിനെതിരായ ഹരജി ഡിവിഷന്‍ ബെഞ്ചിനുവിട്ടു
text_fieldsകൊച്ചി: 2008നുമുമ്പ് നികത്തിയ നെല്‍വയലുകള്‍ ക്രമപ്പെടുത്താന്‍ റവന്യൂവകുപ്പ് ഇറക്കിയ വിവാദ ചട്ടഭേദഗതിക്കെതിരായ ഹരജി ഹൈകോടതി സിംഗിള്‍ ബെഞ്ച് ഡിവിഷന്‍ ബെഞ്ചിന്‍െറ പരിഗണനക്കുവിട്ടു. ഭൂവിനിയോഗ ഓര്‍ഡര്‍ നിലനില്‍ക്കേ ചട്ടം ലംഘിച്ച് വന്‍തോതില്‍ വയല്‍ നികത്തിയവര്‍ക്ക് പണം വാങ്ങി നിയമലംഘനം സാധൂകരിച്ചുനല്‍കുന്നതാണ് 2015 ജൂലൈ 29ലെ വിജ്ഞാപനമെന്ന് ചൂണ്ടിക്കാട്ടി കര്‍ഷകനായ കണ്ണൂര്‍ പത്തന്‍പാറ സ്വദേശി തോമസ് നല്‍കിയ ഹരജിയാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് പരിഗണിച്ചത്. സമാനമായ മറ്റൊരു ഹരജി ഡിവിഷന്‍ ബെഞ്ചിന്‍െറ പരിഗണനയിലുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷക അറിയിച്ചപ്പോഴാണ് ഈ കേസ് കൂടി ഡിവിഷന്‍ ബെഞ്ചിന്‍െറ പരിഗണനക്കുവിട്ട് കോടതി ഉത്തരവായത്. 2008നുമുമ്പ് കേരള ഭൂവിനിയോഗ ഓര്‍ഡര്‍ പ്രകാരം അഞ്ച് സെന്‍റിന് മുകളിലുള്ള വയല്‍ നികത്താന്‍ അനുവാദമില്ലാത്തതാണെന്ന് ഹരജിയില്‍ പറയുന്നു. എന്നാല്‍, നിലവിലെ നിയമങ്ങള്‍ പാലിക്കാതെ തന്നെ 2008നുമുമ്പ് വയല്‍ നികത്തിയിട്ടുണ്ടെങ്കിലും റവന്യൂ അധികൃതര്‍ നിശ്ചയിക്കുന്ന ന്യായവിലയുടെ 25 ശതമാനം അടച്ചാല്‍ ഈ നിയമലംഘനം ബന്ധപ്പെട്ട ജില്ലാ കലക്ടര്‍ക്ക് സാധൂകരിക്കാമെന്ന് രീതിയിലാണ് വകുപ്പില്‍ ഭേദഗതി വരുത്തിയിരിക്കുന്നതെന്നും ഇത് നിയമവിരുദ്ധമാണെന്നുമാണ് ഹരജിയിലെ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.