ഇസ്ലാമോഫോബിയ വളര്‍ത്താനുള്ള സംഘ്പരിവാര്‍ ശ്രമങ്ങള്‍ക്കെതിരെ ജാഗരൂകരാകണം -എം.എ. ബേബി
text_fieldsതിരുവനന്തപുരം: ഐ.എസുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളുപയോഗിച്ച് നാട്ടില്‍ ഇസ്ലാമോഫോബിയ വളര്‍ത്താന്‍ സംഘ്പരിവാര്‍ ശ്രമിക്കുന്നുണ്ടെന്നും ഇതിനെതിരെ പുരോഗമനവാദികള്‍ ജാഗരൂകരായിരിക്കണമെന്നും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. കേരളത്തിലെ മുസ്ലിംകളിലെ ബഹുഭൂരിപക്ഷവും മതേതരവാദികളാണ്. മുസ്ലിംകളുടെ താല്‍പര്യത്തിനെതിരാണ് ഇസ്ലാമിക തീവ്രവാദം. അപകടകരമായ മുസ്ലിംപേടിയില്‍പെട്ടാവരുത് മുസ്ലിം വര്‍ഗീയതയെയും തീവ്രവാദത്തെയും നേരിടുന്നത്. ഈ മുസ്ലിംപേടി കേരളത്തിലെ സമാധാനകാംക്ഷികളായ മനുഷ്യര്‍ തമ്മില്‍ വിദ്വേഷമുണ്ടാക്കും.
ആഗോള ഇസ്ലാമിക രാഷ്ര്ട്രീയവും തീവ്രവാദവും ഇന്ന് ഇന്ത്യയിലെ ഹിന്ദുത്വവര്‍ഗീയതയും പടിഞ്ഞാറന്‍ നാടുകളിലെ ക്രിസ്ത്യന്‍ വംശീയതയും ശ്രീലങ്ക പോലുള്ളിടങ്ങളിലെ ബൗദ്ധവംശീയതയുമൊക്കെ പോലെ ഒരു യാഥാര്‍ഥ്യമാണ്. ഇവക്കെതിരെ അതിശക്തമായ നിലപാട് എടുക്കണം. വര്‍ഗീയതക്കെ തിരെയുള്ള നിലപാടില്‍ ന്യൂനപക്ഷ വര്‍ഗീയതയെ ഒഴിവാക്കാനാവില്ല. അപകടകരമായ രാഷ്ട്രീയം കൈയാളുന്നവരെ തുറന്നുകാട്ടണം. അവര്‍ക്കെതിരെ പ്രചാരണം നടത്തണം. വര്‍ഗീയതക്കും ജാതീയതക്കും കേരളം എതിരാണെന്ന ശക്തമായ സന്ദേശമാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലൂടെ കേരളത്തിലെ ജനങ്ങള്‍ നല്‍കിയിരിക്കുന്നത്. വര്‍ഗീയതയുടെയോ ജാതീയതയുടെയോ സ്പര്‍ശം പോലുമില്ലാത്ത ഒരു സര്‍ക്കാറാണ് കേരളത്തിലുണ്ടായിരിക്കുന്നത്.
കേരളത്തില്‍ പല സ്ഥലങ്ങളില്‍നിന്ന് ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഭീകരസംഘടനയില്‍ ചേരാന്‍ ചെറുപ്പക്കാര്‍ പോയതായി വാര്‍ത്ത വന്നിരിക്കുകയാണ്. വാര്‍ത്ത ശരിയാണെങ്കില്‍, ഇതില്‍ തീവ്രവാദികളും അവരുടെ സ്വാധീനത്തില്‍ പെട്ടുപോയ സാധുക്കളുമുണ്ടാവാം. ഇക്കാര്യം ഗൗരവമായി കണ്ട് അന്വേഷണം നടത്തണമെന്നും അദ്ദേഹം ഫേസ്ബുക് പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.