ഹൈകോടതിയില്‍ മാധ്യമങ്ങള്‍ക്ക് ഭാഗിക നിയന്ത്രണം
text_fieldsകൊച്ചി: മീഡിയ റൂം അടച്ചുപൂട്ടിയതിനുപിന്നാലെ ഹൈകോടതിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഭാഗിക നിയന്ത്രണവും. ജഡ്ജിമാരുടെ ചേംബറുകളിലേക്കും സ്റ്റെനോ പൂളുകളിലേക്കും മാധ്യമപ്രവര്‍ത്തകര്‍ പ്രവേശിക്കുന്നത് താല്‍ക്കാലികമായി തടഞ്ഞാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ജഡ്ജിമാരുടെ ചേംബറുകളിലും സ്റ്റെനോപൂളുകളിലും കയറുന്നത് തല്‍ക്കാലം നിര്‍ത്തിവെക്കണമെന്ന് ഹൈകോടതിയിലെ പബ്ളിക് റിലേഷന്‍സ് ഓഫിസില്‍നിന്ന് ചൊവ്വാഴ്ച ഉച്ചയോടെ മാധ്യമപ്രവര്‍ത്തകരെ ഫോണില്‍ അറിയിക്കുകയായിരുന്നു. കോടതിമുറികളിലെ നിയമനടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തടസ്സമില്ളെന്നും അറിയിച്ചു.
നിയന്ത്രണം എത്ര ദിവസത്തേക്കാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. ജഡ്ജിമാര്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ ജഡ്ജിയുടെ ചേംബറിലെ സ്റ്റെനോഗ്രാഫര്‍മാരാണ് കുറിച്ചെടുക്കുന്നത്. ചിലപ്പോള്‍ സ്റ്റെനോപൂളില്‍നിന്നുള്ളവരാവും എത്തുക. ഇത് പിന്നീട് ചേംബറിലത്തെി കമ്പ്യൂട്ടറില്‍ തയാറാക്കുകയാണ് ചെയ്യുന്നത്.
മിക്കവാറും പ്രധാന ഉത്തരവുകള്‍ക്ക് ചേംബറുകളെയാണ് ആശ്രയിക്കുക. തുറന്ന കോടതികളിലെ ഉത്തരവുകള്‍ നേരിട്ട് കേട്ടാലും സംശയങ്ങള്‍ ദൂരീകരിക്കുന്നത് മാധ്യമലേഖകര്‍ ചേംബറുകളിലത്തെി ഉത്തരവ് പരിശോധിച്ചാണ്. അഭിഭാഷകരുമായി ബന്ധപ്പെട്ട സംഘര്‍ഷാവസ്ഥക്ക് തൊട്ടുമുമ്പുവരെ ചേംബറുകളില്‍ എത്തി വിധിന്യായങ്ങള്‍ വായിച്ചുനോക്കാനും പ്രധാന വസ്തുതകള്‍ കുറിച്ചെടുക്കാനും മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുമതി ഉണ്ടായിരുന്നു.
2008ലാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഹൈകോടതി ഇത്തരമൊരു സൗകര്യം അനുവദിച്ച് ഉത്തരവുണ്ടായത്. ഈ ഉത്തരവ് നിലനില്‍ക്കെയാണ് ഇപ്പോഴത്തെ ഭാഗിക നിയന്ത്രണം. ഇതോടെ കോടതി ഉത്തരവുകള്‍ വാര്‍ത്തയായി ജനങ്ങളിലേക്കത്തെിക്കാന്‍ സൗകര്യമില്ലാതായി. ഉത്തരവുകള്‍ അതാത് ദിവസംതന്നെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന രീതി ഹൈകോടതിയിലില്ല. ഇടക്കാല വിധികള്‍ വെബ്സൈറ്റില്‍ നല്‍കാറുമില്ല.
അഭിഭാഷകരുടെ ആവശ്യത്തെ തുടര്‍ന്ന് മീഡിയ റൂം പൂട്ടിയതിനുപിന്നാലെയാണ് അവരുടെ മറ്റൊരാവശ്യം അംഗീകരിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്. അതേസമയം, അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷാവസ്ഥക്ക് അയവുവരുന്നതുവരെ മാത്രമുള്ള താല്‍ക്കാലിക നിയന്ത്രണം മാത്രമാണിതെന്ന് രജിസ്ട്രാര്‍ ജനറല്‍ അറിയിച്ചു. തിങ്കളാഴ്ച വൈകുന്നേരം ജഡ്ജിമാര്‍ പങ്കെടുത്ത ഫുള്‍കോര്‍ട്ട് യോഗം നടന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.