ചോലനായ്ക്കരുടെ രക്തം കടത്തല്‍: സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: അട്ടപ്പാടി മേഖലയിലെ ആദിവാസി വിഭാഗമായ ചോലനായ്ക്കരുടെ രക്തം ശേഖരിച്ച് വിദേശ മരുന്നുകമ്പനിയിലേക്ക് കടത്തുന്നെന്ന ഹരജിയില്‍ ഹൈകോടതി സര്‍ക്കാറിന്‍െറ വിശദീകരണം തേടി. മാധ്യമ വാര്‍ത്തകളുടെയും മറ്റും പശ്ചാത്തലത്തില്‍ കോടതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ പി.ഡി. ജോസഫ് നല്‍കിയ ഹരജിയിലാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്‍െറ ഉത്തരവ്.
രക്തം കടത്തുന്നെന്ന ആരോപണത്തില്‍ മനുഷ്യാവകാശ കമീഷന്‍ അന്വേഷണത്തിന് നിര്‍ദേശിച്ചിരുന്നതായി ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി. ഈ റിപ്പോര്‍ട്ടും അട്ടപ്പാടിയിലെ ആദിവാസികള്‍ക്ക് അനുവദിച്ച ഫണ്ടിന്‍െറ ദുര്‍വിനിയോഗം സംബന്ധിച്ച വിജിലന്‍സ് അന്വേഷണത്തിന്‍െറ റിപ്പോര്‍ട്ടും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. രക്തം കടത്തല്‍ അന്വേഷിക്കാന്‍ചെന്ന ഐ.ജിയെപോലും വനപാലകര്‍ കയറ്റിവിട്ടില്ളെന്ന് ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി. ഹരജിയിലെ ആരോപണങ്ങളില്‍ ഇപ്പോള്‍ അഭിപ്രായം പറയുന്നില്ളെന്ന് വ്യക്തമാക്കിയ കോടതി, ആരോപണങ്ങളും വാര്‍ത്തകളും ശരിയാണോയെന്ന് സര്‍ക്കാര്‍ പരിശോധിച്ച് വിവരമറിയിക്കാന്‍ നിര്‍ദേശിച്ചു. ആഗസ്റ്റ് മൂന്നിനകം സത്യവാങ്മൂലമായി വിശദീകരണം നല്‍കാനാണ് നിര്‍ദേശം.
അട്ടപ്പാടിയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഇദ്ദേഹംതന്നെ നേരത്തേ നല്‍കിയ ഹരജികളും കോടതി പരിഗണിച്ചു. ആദിവാസി ക്ഷേമത്തിനായി വിവിധ വകുപ്പുകളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി ഏകോപനസമിതിക്ക് രൂപംനല്‍കാന്‍ തീരുമാനിച്ചതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഏകോപനസമിതി രൂപവത്കരണം സംബന്ധിച്ച് നിലപാടറിയിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളോട് കോടതി നേരത്തേ നിര്‍ദേശിച്ചിരുന്നു. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.