ഖസാക്കായി കോഴിക്കോട്
text_fieldsകോഴിക്കോട്: ഇതിഹാസ കഥാകാരന്‍ അക്ഷരങ്ങളിലൂടെ കാണിച്ചുതന്ന ഖസാക്കിലെ ജീവിതങ്ങള്‍ തിയറ്റര്‍ ചരിത്രമേറെയുള്ള കോഴിക്കോടിന്‍െറ മണ്ണിലും നാടകമായി അവതരിച്ചു. ചെതലി മലയുടെ മുകളില്‍നിന്ന് ഒ.വി. വിജയന്‍ നമുക്കു കാണിച്ചുതന്ന ഖസാക്കിന്‍െറ ഇതിഹാസം ദീപന്‍ ശിവരാമനിലൂടെ നാടകമായി അരങ്ങിലത്തെിയപ്പോള്‍ അത് കോഴിക്കോട്ടുകാരും ഹൃദയത്തിലേറ്റി. കുട്ടാടന്‍ പൂശാരിയും അള്ളാപ്പിച്ച മൊല്ലാക്കയും രവിയും അപ്പുക്കിളിയും നൈസാമലിയും മൈമൂനയും നാട്ടിടവഴികളിലൂടെ നടന്നപ്പോള്‍ കോഴിക്കോട് ഖസാക്കായി മാറുകയായിരുന്നു. വൈകീട്ട് ഏഴുമണിയോടത്തെന്നെ മെഡിക്കല്‍ കോളജ് ഗ്രൗണ്ടിലെ നാടകവേദിയിലെ ഗാലറികള്‍ നിറഞ്ഞു. കൃത്യം 7.30ന് തീപ്പന്തവുമേന്തി കഥാപാത്രങ്ങള്‍ ‘ഖസാക്കി’ലത്തെിയതോടെ നാടകം ആരംഭിച്ചു.
പിന്നീടങ്ങോട്ട് കാണികളുടെ നെഞ്ചിടിപ്പിക്കുന്ന പശ്ചാത്തല സംഗീതവും കുതിരക്കുളമ്പടിയും ബാങ്കുവിളിയുമെല്ലാമായി നാടകം അരങ്ങുതകര്‍ത്തു. ഖസാക്കിലെ സോഡാ വില്‍പനക്കാരനില്‍നിന്ന് സോഡാ കുടിച്ചും മൊല്ലാക്കയുടെ വീട്ടിലെ ബിരിയാണിയുടെ മണം ആസ്വദിച്ചും ചത്തെുകാരന്‍െറ നര്‍മത്തില്‍ ഊറിച്ചിരിച്ചും അപ്പുക്കിളിയുടെ തമാശകള്‍ കേട്ടും കാണികള്‍ ഖസാക്കിലെ കഥാപാത്രങ്ങള്‍ക്കൊപ്പമായി. വെളിച്ചവും സംഗീതവും ദൃശ്യങ്ങളുമെല്ലാം നാടകങ്ങളില്‍ സാധാരണമാണെങ്കിലും ഭക്ഷണത്തിന്‍െറയും പൗഡറിന്‍െറയുമൊക്കെ ഗന്ധം പോലും കാണികളിലേക്കത്തെിക്കുന്ന റിയലിസ്റ്റ് അനുഭവമാണ് നാടകം നല്‍കിയത്. രവിയുടെ രൂപത്തില്‍ ഖസാക്കില്‍ ആധുനികതയുടെ ആസക്തിയും പാപബോധങ്ങളും കടന്നത്തെും മുമ്പ്, ഖസാക്കിലെ ജീവിതം എന്തായിരുന്നുവെന്ന് നാടകം അന്വേഷിക്കുന്നു. ഖസാക്ക് ഇത്രകാലം വായിക്കപ്പെട്ടത് രവിയിലൂടെയായിരുന്നു.
എന്നാല്‍, ഖസാക്കിന്‍െറ കഥയാണ് നാടകം. അള്ളാപ്പിച്ച മൊല്ലാക്കയുടെയും ഖാളിയാരുടെയും കഥ. ചെതലി മലയുടെയും കൂമന്‍ കാവിന്‍െറയും കഥ. മൈമൂനയുടെയും കുപ്പുവച്ചന്‍െറയും കഥ. കുട്ടന്‍ പൂശാരിയുടെയും ഇന്‍സ്പെക്ടറുടെയും കഥ. പത്മയുടെ കഥ. അപ്പുക്കിളിയുടെയും കിളി പിടിച്ച തുമ്പികളുടെയും കഥ. കിളികളുടെ, കാറ്റിന്‍െറ, കാറ്റില്‍ ഒഴുകി വരുന്ന കുതിരക്കുളമ്പടികളുടെ, പൂക്കളുടെ, പുഴുവിന്‍െറ, മണ്ണിന്‍െറ, മഴയുടെയെല്ലാം ഖസാക്ക്. അവിടത്തെ ജീവിതങ്ങളെ ദൃശ്യപ്പെടുത്തിയ അതിശയകരമായ അനുഭവമാണ് ദീപന്‍ ശിവരാമന്‍െറ സംവിധാനത്തിലുള്ള നാടകം നല്‍കുന്നത്. നാടകത്തില്‍ രവിയെ വിട്ട് നൈസാം അലി കേന്ദ്രകഥാപാത്രമാകുന്നു. തൃക്കരിപ്പൂരിലെ കെ.എം.കെ. കലാസമിതിയാണ് ഖസാക്കിന്‍െറ ഇതിഹാസത്തിന് നാടകാവിഷ്കാരം ഒരുക്കിയത്.
നേരത്തേ തൃക്കരിപ്പൂര്‍, കൊടുങ്ങല്ലൂര്‍, ബംഗളൂരു എന്നിവിടങ്ങളില്‍ അവതരിപ്പിച്ച നാടകമാണ് തിങ്കളാഴ്ച മുതല്‍ കോഴിക്കോട് അരങ്ങേറുന്നത്. റാസ്ബെറിയും കോഴിക്കോട് മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി യൂനിയനും ചേര്‍ന്നാണ് മേയ് 25 വരെ ഖസാക്ക് ദിനങ്ങളായി (ഖസാഖ ്@കോഴിക്കോട്) പരിപാടി സംഘടിപ്പിക്കുന്നത്. മൂന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള നാടകം ബുധനാഴ്ച വരെ രാത്രി ഏഴുമണിക്കാണ് അരങ്ങേറുക.
മന്ദാരങ്ങളുടെ ഇലകള്‍കൊണ്ട് തുന്നിയ ജനിമൃതികളുടെ കൂടുവിട്ട് ഖസാഖ് ഇനിയുള്ള രണ്ടു ദിവസംകൂടി കോഴിക്കോട്ടുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.