അടുത്ത അജണ്ട ഏക സിവിൽകോഡ് –മുസ്ലിം ലീഗ്
text_fieldsന്യൂഡല്‍ഹി: സംഘ്പരിവാര്‍ അജണ്ടയായ ഏക സിവില്‍കോഡ് നടപ്പാക്കാനായിരിക്കും കേന്ദ്ര സര്‍ക്കാറിെൻറ ഭാഗത്തുനിന്നുള്ള അടുത്ത നീക്കമെന്ന് ഇന്ത്യന്‍ യൂനിയന്‍ മുസ്ലിംലീഗ് ദേശീയ കമ്മിറ്റി ആശങ്ക പ്രകടിപ്പിച്ചു. എല്ലാ ജനാധിപത്യ-മതനിരപേക്ഷ കക്ഷികളും എതിരഭിപ്രായങ്ങള്‍ മാറ്റിവെച്ച് സര്‍ക്കാറിെൻറ ജനവിരുദ്ധ-ന്യൂനപക്ഷ വിരുദ്ധ നീക്കങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടായി ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
രണ്ടാം മോദി സര്‍ക്കാറിെൻറ ജനാധിപത്യവിരുദ്ധവും ജനവിരുദ്ധവുമായ നിയമനിര്‍മാണങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കാൻ തീരുമാനിച്ചതായി മുസ്ലിം ലീഗ് ദേശീയ ജനറല്‍ െസക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ഡല്‍ഹിയില്‍ പറഞ്ഞു. അധികാരത്തിെൻറ ബലത്തില്‍ എതിര്‍സ്വരങ്ങളെ ഇല്ലാതാക്കാമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കണക്കുകൂട്ടുന്നതെന്നും അതിനെതിരെ രാജ്യത്തെ ജനാധിപത്യ മതനിരപേക്ഷ വിശ്വാസികള്‍ ഒറ്റക്കെട്ടായി രംഗത്തുവരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജനാധിപത്യത്തെ അട്ടിമറിക്കുന്ന സര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ നിരന്തര പ്രക്ഷോഭങ്ങളും ബോധവത്കരണവും അത്യാവശ്യമാെണന്നും മുസ്ലിംലീഗ് ദേശീയ കമ്മിറ്റി വിലയിരുത്തി.
സര്‍ക്കാര്‍ നിലപാട് ജനാധിപത്യ മൂല്യങ്ങള്‍ക്ക് വിരുദ്ധം –ജമാഅത്തെ ഇസ്ലാമി
ന്യൂഡല്‍ഹി: ജമ്മു-കശ്മീരിനു മേല്‍ എന്‍.ഡി.എ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ജനാധിപത്യമൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ അധ്യക്ഷന്‍ സയ്യിദ് സആദത്തുല്ല ഹുസൈനി അഭിപ്രായപ്പെട്ടു. ജനങ്ങളുമായോ ജനപ്രതിനിധികളുമായോ ആവശ്യമായ സംവാദത്തിന് തയാറാവാതെ രാഷ്ട്രപതിയുടെ ഉത്തരവിലൂടെ കശ്മീരിന് ഭരണഘടന ഉറപ്പുനല്‍കുന്ന പ്രത്യേക പദവി എടുത്തുകളഞ്ഞ സര്‍ക്കാര്‍ നിലപാട് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുക.
ജനങ്ങളുടെ വികാരത്തെ മാനിക്കാന്‍ സര്‍ക്കാറിനായില്ല. കശ്മീര്‍ ജനതക്കുമേല്‍ അനാവശ്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഭീതി സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍. വന്‍തോതില്‍ സൈനിക വിന്യാസം നടത്തിയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചും ആശയവിനിമയ സൗകര്യങ്ങള്‍ നിഷേധിച്ചും നേതാക്കളെ ജയിലിലടച്ചും ആ ജനതയുടെ മൗലികാവകാശത്തെയാണ് സര്‍ക്കാര്‍ റദ്ദ് ചെയ്തിരിക്കുന്നതെന്നും ജമാഅത്ത് അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.
ജമ്മു-കശ്മീരിനെ വിഭജിക്കാനും പ്രത്യേകപദവി എടുത്തുകളയാനുമുള്ള തീരുമാനത്തില്‍നിന്ന് സര്‍ക്കാര്‍ ഉടന്‍ പിന്‍വാങ്ങണമെന്നും തടവിലിട്ട നേതാക്കളെ മോചിപ്പിക്കണമെന്നും ആശയവിനിമയ സൗകര്യങ്ങള്‍ എത്രയുംപെട്ടെന്ന് പുനഃസ്ഥാപിക്കണമെന്നും സആദത്തുല്ല ഹുസൈനി കേന്ദ്ര സര്‍ക്കാറിനോടാവശ്യപ്പെട്ടു.
പിന്തുണച്ച് ബി.എസ്.പി
ലഖ്നോ: ജമ്മു-കശ്മീര്‍ സംസ്ഥാനത്തെ വിഭജിക്കാനുള്ള മോദി സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് ബി.എസ്.പി അധ്യക്ഷ മായാവതി. ആര്‍ട്ടിക്കിള്‍ 370, 35എ വകുപ്പുകൾ ഒഴിവാക്കാനുള്ള കേന്ദ്രത്തിെൻറ നീക്കം ജമ്മു-കശ്മീരിലെ ജനത്തിന് ഗുണം ചെയ്യും. ജമ്മു-കശ്മീരിലെ ലഡാക്കിനെ പ്രത്യേക കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിച്ച നടപടിയിലൂടെ അവിടുത്തെ ബുദ്ധമത സമൂഹത്തിെൻറ വളരെക്കാലത്തെ ആവശ്യമാണ് നിറവേറ്റപ്പെട്ടത്. രാജ്യമെമ്പാടുമുള്ള ആളുകള്‍ പ്രത്യേകിച്ച് ബാബ സാഹേബ് ഭീംറാവു അംബേദ്കറുടെ ബുദ്ധ അനുയായികള്‍ കേന്ദ്ര തീരുമാനത്തില്‍ സന്തുഷ്ടരാണെന്നും മായാവതി പറഞ്ഞു.
എതിർത്ത് തൃണമൂൽ
കൊൽക്കത്ത: കശ്മീരിനെ വിഭജിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ പല്ലും നഖവുമുപയോഗിച്ച് എതിർക്കുമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കശ്മീർ ജനതയോടും രാഷ്ട്രീയ പാർട്ടികളോടും അഭിപ്രായം തേടാതെയുള്ള പുനഃസംഘടന ബില്ലിനെ പിന്തുണക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസിന് കഴിയില്ല. ജനാധിപത്യ വിരുദ്ധമാണിത്. ബിൽ പാസാക്കാനായുള്ള വോട്ടെടുപ്പ് സമയത്ത് ടി.എം.സി എം.പിമാർ രാജ്യസഭ ബഹിഷ്കരിച്ചത് ബിൽ പാസാകാൻ സാഹചര്യമൊരുക്കാനായിരുന്നില്ലെന്നും അവർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.