രണ്ട് ദിവസത്തിനകം കരുവന്നൂരിൽ ഒറ്റത്തവണ തീർപ്പാക്കലിനെത്തിയത് 50 ലക്ഷത്തിന്റെ വായ്പ കുടിശ്ശിക
text_fieldsതൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ പ്രഖ്യാപിച്ച പ്രത്യേക ഇളവിനോട് മികച്ച പ്രതികരണം. ഒറ്റത്തവണ തീർപ്പാക്കലിന് അനുകൂലമായി കൂടുതൽ പേർ പ്രതികരിച്ചു. രണ്ടുദിവസത്തിനുള്ളിൽ 50 ലക്ഷത്തിലധികം രൂപയുടെ വായ്പ കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കലിനെത്തിയെന്ന് ബാങ്ക് അധികൃതർ പറഞ്ഞു.
പുനരധിവാസ പാക്കേജുമായി ബന്ധപ്പെട്ട് ഈ മാസം 16ന് യോഗം ചേരും. ജില്ല ജോ. രജിസ്ട്രാറുടെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുന്നത്. കരുവന്നൂരിനെ സഹായിക്കാൻ 50 കോടി രൂപ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ടാണ് യോഗം. കഴിഞ്ഞ ദിവസങ്ങളിലായി വീടുകളിൽ കയറിയുള്ള ബോധവത്കരണവും നിക്ഷേപകരെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തുകയും ചെയ്യുന്ന ഗൃഹസമ്പർക്ക പരിപാടിക്ക് പിന്നാലെയാണ് ഒറ്റത്തവണ തീർപ്പാക്കൽ പ്രഖ്യാപിച്ചത്. വീടുകളിൽ കയറിയുള്ള പ്രചാരണം സഹായകരമായെന്നും അതിന്റെ പ്രതിഫലനമാണ് കൂടുതൽ പേർ എത്തുന്നതെന്നുമാണ് ബാങ്കിന്റെ വിശദീകരണം.
രണ്ട് ദിവസത്തിനുള്ളിൽ അഞ്ചുമുതൽ 30 ലക്ഷം വരെ കുടിശ്ശികയുള്ള 25 വായ്പ ഇടപാടുകാർ ബാങ്കിലെത്തി കണക്കുകൾ പരിശോധിച്ചു. 16ന് യോഗം ചേർന്ന് തുകയും സമാഹരണവും പാക്കേജും തീരുമാനിച്ചാൽ അന്തിമ തീരുമാനത്തിനുശേഷം ഒരാഴ്ചക്കുള്ളിൽ തുക വിതരണം ചെയ്യാൻ കഴിയുമെന്നാണ് പറയുന്നത്. പുതിയ നിക്ഷേപം സ്വരൂപിക്കാൻ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയുടെയും സി.പി.എം പ്രവർത്തകരുടെയും നേതാക്കളുടെയും ശ്രമം നടക്കുന്നുണ്ട്. പ്രവാസി ഫണ്ടുകൾ സമാഹരിക്കാനും നീക്കം തുടങ്ങി.
ഡിസംബർ 30 വരെയുള്ള ഒറ്റത്തവണ തീർപ്പാക്കലിൽ 10 മുതൽ 50 ശതമാനം വരെ പലിശയിളവുണ്ട്. ഗുരുതര രോഗമുള്ളവരെയും മാതാപിതാക്കൾ മരിച്ചവരെയും മറ്റും പ്രത്യേകം പരിഗണിക്കും. പുനരുദ്ധാരണ നിധി, വിവിധയിടങ്ങളിലുള്ള നിക്ഷേപം പിൻവലിക്കൽ, പുതിയ നിക്ഷേപം എന്നിങ്ങനെയായി ബാങ്ക് നേരിടുന്ന പ്രതിസന്ധി ഉടൻ മറികടക്കാനാവുമെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.