അടച്ചിട്ട വീട്ടിൽനിന്ന് ഏഴു കോടിയുടെ കള്ളനോട്ട് പിടിച്ച കേസ് ക്രൈംബ്രാഞ്ചിന്
text_fieldsകാഞ്ഞങ്ങാട്: അമ്പലത്തറ ഗുരുപുരത്ത് അടച്ചിട്ട വീട്ടിൽനിന്ന് കണ്ടെത്തിയത് 2000 രൂപയുടെ കള്ളനോട്ടുകളെന്ന് പൊലീസ്. ഈ കേസിൽ തുടരന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറും. 24 മണിക്കൂർ കഴിഞ്ഞിട്ടും പൊലീസിന് നടപടിക്രമങ്ങൾ പൂർത്തിയാക്കാനായിട്ടില്ല. ഒരു രാത്രിയും പകലും പിന്നിട്ട ശേഷവും നടപടികൾ വ്യാഴാഴ്ച രാത്രിയിലും തുടരുകയാണ്. ഇതിനിടയിൽ ക്രൈംബ്രാഞ്ച് സംഘം കള്ളനോട്ട് കണ്ടെത്തിയ വീട്ടിലെത്തി പ്രാഥമിക അന്വേഷണം നടത്തി.
ബുധനാഴ്ച സന്ധ്യയോടെ ഗുരുപുരം പെട്രോൾ പമ്പിന് പിറകിലെ അമ്പലത്തറ സ്വദേശി ബാബുരാജ് വാടകക്ക് നൽകിയ വീട്ടിൽനിന്നാണ് ഏഴു കോടിയിലധികം വരുന്ന നോട്ടുകൾ പൊലീസ് കണ്ടെത്തിയത്. അബ്ദുറസാക്ക് എന്നയാളാണ് ഇവിടെ വാടകക്ക് താമസിക്കുന്നത്. ചൊവ്വാഴ്ച ഉച്ചവരെ അബ്ദുറസാക്ക് ഇവിടെയുണ്ടായിരുന്നു. പിന്നീട് സ്ഥലംവിട്ടതായി സംശയിക്കുന്നു. പൊലീസിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് വീടും പരിസരവും കഴിഞ്ഞ ഒരാഴ്ചയായി നിരീക്ഷണത്തിലായിരുന്നു.
വ്യാഴാഴ്ച ഇവിടെ ഇൻസ്പെക്ടർ പ്രജീഷിന്റെ നേതൃത്വത്തിലെത്തിയ സംഘം നോട്ടുകെട്ടുകൾ സൂക്ഷിച്ച കാര്യം ഉറപ്പാക്കിയശേഷം ഉടമയുടെ സഹായത്തോടെ വീട് തുറക്കുകയായിരുന്നു. പൂജാമുറിയിലാണ് നോട്ടുകെട്ടുകൾ സൂക്ഷിച്ചനിലയിൽ കണ്ടത്. നോട്ടുകെട്ടുകൾ കണ്ടെത്തിയ പൊലീസ് സംഘത്തിന് വ്യാഴാഴ്ച രാത്രി എട്ടുവരെയും എണ്ണിത്തീർക്കാനായില്ല.
ബുധനാഴ്ച രാത്രി എട്ടരമുതലാണ് 15ലേറെ പൊലീസുകാർ നോട്ടുകൾ എണ്ണാൻ തുടങ്ങിയത്. വിപണിയിൽനിന്ന് പിൻവലിച്ച 2000 രൂപയുടെ കള്ളനോട്ടുകൾ എന്തിനാണ് സൂക്ഷിച്ചുവെച്ചതെന്നും വ്യക്തമാകുന്നില്ല. അബ്ദുറസാക്ക് ഗുരുപുരത്തെ വ്യാപാരിയിൽനിന്ന് കാർ വാങ്ങിയിരുന്നു. ഇതിന്റെ പൈസ നൽകിയില്ല.
ഈ കാറുമായാണ് അബ്ദുറസാക്ക് കഴിഞ്ഞദിവസം പോയതെന്നാണ് നാട്ടുകാർ പറയുന്നത്. ഒരുമാസം മുമ്പുതന്നെ ബേക്കൽ, അമ്പലത്തറ ഭാഗങ്ങളിൽ വ്യാജനോട്ടുകൾ സംബന്ധിച്ച് വിവരമുണ്ടായിരുന്നു.
ഗുരുപുരത്തെ വീട്ടിൽ മാസങ്ങൾക്കു മുമ്പുതന്നെ നോട്ടുകെട്ടുകൾ സൂക്ഷിച്ചതായാണ് വിവരം. കോടതിയിൽ ഹാജരാക്കുമ്പോൾ ഓരോ നോട്ടുകളുടെയും നമ്പർ കൃത്യമായി രേഖപ്പെടുത്തേണ്ടതിനാലാണ് നടപടികൾ നീളുന്നത്. മൊത്തം സംഖ്യ എത്രയാണെന്ന് തിട്ടപ്പെടുത്താത്തതിനാൽ പ്രഥമ വിവര റിപ്പോർട്ടും വ്യാഴാഴ്ച രാത്രിയിലും തയാറാക്കാനായില്ല.
വെള്ളിയാഴ്ചയോടെ നടപടി പൂർത്തിയാക്കി നോട്ടുകൾ കോടതിയിൽ ഹാജരാക്കാമെന്നാണ് പൊലീസ് കരുതുന്നത്. വിപണിയിൽനിന്ന് പിൻവലിച്ചശേഷം ഇത്രയധികം കള്ളനോട്ടുകൾ സൂക്ഷിച്ചതെന്തിനെന്നത് സംബന്ധിച്ച് പൊലീസിന് ഒരു രൂപവുമില്ല. കള്ളനോട്ട് കേസുകൾ കൗണ്ടർ ഫിറ്റ് സ്ക്വാഡാണ് പൊലീസിൽനിന്ന് ഏറ്റെടുക്കാറുള്ളത്. കോടിക്കണക്കിന് രൂപയുടെ കള്ളനോട്ടുകൾ കണ്ടെത്തിയ കേസിന്റെ ഗൗരവം കണക്കിലെടുത്താണ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.