കേരളം തീ തിന്ന 20 മണിക്കൂറുകൾ; ഒടുവിൽ ആശ്വാസ വാർത്ത
text_fieldsകൊല്ലം: ഇന്നലെ രാത്രി മനസ്സമാധാനത്തോടെ ഒരു മലയാളി പോലും ഉറങ്ങാൻ കിടന്നിട്ടുണ്ടാകില്ല. കൊല്ലം ഓയൂർ മരുതമൺപള്ളിയിൽ നിന്ന് ആറുവയസ്സുകാരിയെ പട്ടാപ്പകൽ കാറിൽ തട്ടിക്കൊണ്ടുപോയി എന്ന വാർത്തയറിഞ്ഞതു മുതൽ ഉള്ളിൽ തീയായിരുന്നു എല്ലാവരുടെയും. ആശങ്കകളുടെ 20 മണിക്കൂറുകൾ പിന്നിടുമ്പോൾ, കുഞ്ഞിനെ തിരികെ കിട്ടിയെന്ന വിവരം ലഭിക്കുമ്പോൾ വലിയൊരു ഹൃദയഭാരം ഇറക്കിവെച്ച ആശ്വാസത്തിലാണ് ഓരോ കേരളീയനും.
അബിഗേൽ സാറ റെജിയുടെ വീട്ടിൽ ആനന്ദക്കണ്ണീരിന്‍റെ നിമിഷങ്ങളായിരുന്നു കുഞ്ഞിനെ കണ്ടെത്തിയ വിവരമറിഞ്ഞതോടെ. നെഞ്ചിൽ തീയെരിച്ചുനിന്ന അമ്മ സിജി പൊട്ടിക്കരയുകയായിരുന്നു. തന്‍റെ കൈപിടിച്ചു നടന്ന കുഞ്ഞുപെങ്ങളെ കൺമുന്നിൽ നിന്ന് തട്ടിയെടുത്തതിന്‍റെ ഞെട്ടലിലാണ് ഒമ്പതുവയസുകാരനായ ജൊനാഥൻ. അനിയത്തി ഏതാനും സമയത്തിനകം തന്‍റെയടുത്തെത്തുമെന്നത് കേട്ടതോടെ ജൊനാഥനും ഏറെ സന്തോഷം. ഒരു നാടാകെ കുഞ്ഞിനെ തിരിച്ചുകിട്ടിയതിന്‍റെ സന്തോഷത്തിലായി. അബിഗേൽ വീട്ടിലേക്കെത്തുന്നതും കാത്തിരിക്കുകയാണ് നാട്ടുകാരും ബന്ധുക്കളും.
ഇന്നലെ വൈകീട്ട് അബിഗേൽ ജൊനാഥനൊപ്പം സ്കൂൾവിട്ട് വീട്ടിലെത്തിയശേഷം ഭക്ഷണം കഴിഞ്ഞ് ട്യൂഷന് പോകാനായി വീട്ടിൽനിന്ന് ഇറങ്ങിയപ്പോഴാണ് തട്ടിക്കൊണ്ടുപോയത്. ഓയൂർ പൂയപ്പള്ളി മരുതമൺ പള്ളിയിലെ റോഡിലിറങ്ങിയതോടെ കാറിൽ കാത്തുനിന്നവർ ഇരുവരെയും ബലമായി പിടിച്ച് കാറിൽ കയറ്റി. അമ്മക്ക് കൊടുക്കാനെന്ന് പറഞ്ഞ് പേപ്പർ നീട്ടിയാണ് കുട്ടികളെ കാറിനടുത്തേക്ക് വിളിച്ചത്. കാറിന്‍റെ വാതിൽ അടക്കുന്നതിനിടെ ജൊനാഥൻ ചാടി രക്ഷപ്പെടുകയായിരുന്നു.
കുട്ടി സുരക്ഷിതയാണെന്ന് പൊലീസ് അറിയിച്ചു. വൈദ്യപരിശോധനക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറും. അതേസമയം, കുട്ടിയെ തട്ടിക്കൊണ്ടുപോയവർക്ക് വേണ്ടി തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. തട്ടിക്കൊണ്ടുപോയവർ കൊല്ലത്തുതന്നെയുണ്ടെന്ന വിവരം ലഭിച്ചത് അന്വേഷണത്തിന് സഹായകമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.