കലാ സാംസ്കാരിക സഹകരണത്തിന് കൈകോർത്ത് അബൂദബിയും കേരളവും
text_fieldsകൊച്ചി: കലകളുടെയും കലാകാരൻമാരുടേയും ഉന്നമനത്തിന് വേണ്ടി അബൂദബി ആസ്ഥാനമായി പ്രവർത്തിക്കുന്ന റിസ്ക്ക് ആർട്ട് ഇനിഷ്യേറ്റീവും (ആർ.എ.ഐ) കേരള ലളിതകലാ അക്കാദമിയും കൈകോർക്കുന്നു. കേരള ലളിത കലാ അക്കാദമിക്ക് കീഴിലെ കലാകാരൻമാരുടെ കലാസൃഷ്ടികൾക്ക് അബൂദബിയിൽ പ്രദർശനവും വിപണനവും നടത്തുന്നതിന് റിസ്ക്ക് ആർട്ട് ഇനീഷ്യേറ്റീവ് മുൻകൈയെടുക്കും.
അബൂദബിയിലെ കലാസൃഷ്ടികൾ കേരളത്തിലും പ്രദർശിപ്പിക്കും. ഇതിന് വേണ്ടിയുള്ള ധാരണാപത്രം കൊച്ചിയിലെ ഗ്രാന്റ് ഹയാത്ത് ഹോട്ടലിൽ നടന്ന ചടങ്ങിൽ അബൂദബിയിലെ റിസ്ക്ക് ആർട്ട് ഇനീഷ്യേറ്റീവ് ഫൗണ്ടറും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഷഫീന യൂസഫ് അലിയുടെയും ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്തിന്റേയും സാന്നിധ്യത്തിൽ റിസ്ക്ക് ആർട്ട് ഇനീഷ്യേറ്റീവ് ചീഫ് ക്യൂരിയേറ്ററും ക്രിയേറ്റീവ് ഡയറക്ടറുമായ മീന വാരിയും ലളിതകലാ അക്കാദമി സെക്രട്ടറി എൻ. ബാലമുരളിയും ഒപ്പു വെച്ചു.
കേരളത്തിലെ കലാകാരന്മാരുടെ സൃഷ്ടികൾ ലോകത്തെ അറിയിക്കുകയെന്ന ഉത്തരവാദിത്തമാണ് റിസ്ക്ക് ആർട്ട് ഇനിഷ്യേറ്റീവ് ഏറ്റെടുക്കുന്നതെന്ന് റിസ്ക്ക് ആർട്ട് ഇനീഷ്യേറ്റീവ് എക്സിക്യൂട്ടീവ് ഡയറക്ടർ ഷഫീന യൂസഫിലും ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്തും നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിൽ ഷഫീന യൂസഫ് അലി പറഞ്ഞു. കലാപരമായും, സാംസ്കാരികപരമായും കേരളവും അറബ് രാജ്യങ്ങളും തമ്മിൽ വളരെയേറെ സാമ്യമുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇത്തരമൊരു സംരഭവുമായി റിസ്ക്ക് ആർട്ട് ഇനിഷേറ്റീവ് മുന്നിട്ടിറങ്ങിയത്.
പ്രശസ്ത കലാകാരൻ ആറ്റിങ്ങൽ രാമചന്ദ്രന്റെ സൃഷ്ടി ഷഫീന യൂസഫ് അലി പ്രദർശിപ്പിച്ച്കൊണ്ടാണ് അബൂദബി - കേരള സംരംഭത്തിന് തുടക്കമായത്. കേരളത്തിലെ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നത് റിസ്ക്ക് ആർട്ട് ഇനിഷ്യേറ്റിവ് നൽകുന്ന രണ്ട് ലക്ഷം രൂപയുടെ ഫെലോഷിപ്പ് കേരളത്തിൽ നിന്നുള്ള കലാകാരന്മാരായ മിബിൻ ഭാസ്കർ, മുഹമ്മദ് യാസിർ എന്നിവർക്ക് ചടങ്ങിൽ ഷഫീന യൂസഫ് അലി കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.