മുപ്പത്തിയഞ്ചോളം മോഷണ കേസുകളിലെ പ്രതി പിടിയിൽ
text_fieldsകിഴക്കമ്പലം: മുപ്പത്തിയഞ്ചോളം മോഷണക്കേസുകളിലെ പ്രതി പിടിയിൽ. തൃക്കാക്കര കുന്നത്ത്കൃഷ്ണപുരം വീട്ടിൽ വിഷ്ണു (36) നെയാണ് കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘം ചാലക്കുടിയിലെ ബാർ ഹോട്ടലിൽനിന്നാണ് ഇയാളെ പിടികൂടിയത്.
കിഴക്കമ്പലത്തെ മെഡിക്കൽ ഷോപ്പിൽ മരുന്ന് വാങ്ങാനെത്തിയ സ്ത്രീയുടെ രണ്ടരപ്പവന്റെ മല പൊട്ടിച്ച് കടന്നുകളഞ്ഞ കേസിന്റെ അന്വേഷണത്തിലാണ് ഇയാൾ പിടിയിലാകുന്നത്. തിരുവനന്തപുരത്ത്നിന്ന് മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്നാണ് ജില്ലയിൽ മാല പൊട്ടിക്കലുകൾ നടത്തിയത്.
പൊട്ടിക്കുന്നതിനിടയിൽ ആക്രമിക്കുകയും ചെയ്യും. മോഷണമുതൽ വിറ്റുകിട്ടുന്ന പണം ആർഭാട ജീവിതത്തിനുപയോഗിക്കുകയാണ് പതിവ്. പ്രതി മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ല. വിഷ്ണുവിനെ ചോദ്യം ചെയ്തതിൽ കളമശേരി, ചേരാനല്ലൂർ, തൃക്കാക്കര എന്നിവിടങ്ങളിൽ രണ്ട് കേസ് വീതവും പെരുമ്പാവൂർ, എടത്തല, കുന്നത്തുനാട്, കോയമ്പത്തൂർ പാലക്കാട് അതിർത്തി, വരാപ്പുഴ, പാലാരിവട്ടം എന്നിവിടങ്ങളിൽ ഓരോ മാല മോഷണക്കേസും തമ്പാനൂരിലെ ഒരു ബൈക്ക് മോഷണ കേസുമാണ് തെളിഞ്ഞത്.
പിടികൂടുന്നതിനിടയിൽ പൊലീസുകാരനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലും പ്രതിയാണ്. കുന്നത്തുനാട്നിന്ന് പൊട്ടിച്ചെടുത്ത മാല എറണാകുളത്ത് പഴയ സ്വർണം വാങ്ങുന്ന കടയിൽ വിറ്റ നിലയിൽ കണ്ടെത്തി. ഇൻസ്പെക്ടർ വി.പി. സുധീഷ്, എസ്.ഐമാരായ ടി.എസ്. സനീഷ്, എ.ബി. സതീഷ്, കെ.വി. നിസാർ, എ.എസ്.ഐ അബൂബക്കർ, സീനിയർ സി.പി.ഒമാരായ ടി.എ. അഫ്സൽ, വർഗീസ്.ടി. വേണാട്ട്, പി.എം. മുഹമ്മദ്, പി.എം. റിതേഷ്, ബിബിൻ രാജ്, അഭിലാഷ് കുമാർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.