ക്രിമിനൽ, അഴിമതിക്കാരായ പൊലീസുകാരെ പഴുതടച്ച് പൂട്ടും
text_fieldsതിരുവനന്തപുരം: ക്രിമിനൽ, ഗുണ്ടാ ബന്ധമുള്ളവരും അഴിമതിക്കാരുമായ പൊലീസ് ഉദ്യോഗസ്ഥരെ പൂട്ടാൻ പഴുതടച്ച നടപടികളുമായി ആഭ്യന്തര വകുപ്പ്.
രഹസ്യാന്വേഷണ വിഭാഗത്തിൽനിന്നു തെറ്റായ വിവരങ്ങളാണ് ലഭിക്കുന്നതെന്നതിനാലാണ് പൊലീസിലെ വിവിധ വിഭാഗങ്ങളെ ഉപയോഗിച്ച് നേരിട്ടുള്ള നീക്കം. ഡി.ജി.പി അനിൽ കാന്ത് നേരിട്ട് വിവരശേഖരണം നടത്തുന്നതിന് പുറമെ, വർഷങ്ങളായി നിർജീവമായി കിടക്കുന്ന ആഭ്യന്തര വിജിലൻസ് സെല്ലും സജ്ജമാക്കി.
അനധികൃത സ്വത്ത് സമ്പാദനത്തിന് പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ അന്വേഷണങ്ങൾ വേഗം പൂർത്തിയാക്കാൻ വിജിലൻസും നടപടികൾ ശക്തമാക്കി.
ഗുണ്ടാബന്ധത്തിൽ കർശനനടപടികൾക്ക് ഉറപ്പിച്ചാണ് സർക്കാർ. അതിന്റെ ഭാഗമായാണ് ഗുരുതര കുറ്റകൃത്യങ്ങളില്‍പ്പെട്ട പൊലീസുകാരുടെ വിവരങ്ങള്‍ ഡി.ജി.പി ശേഖരിക്കുന്നത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിനകം റിപ്പോര്‍ട്ട് നല്‍കാനാണ് ജില്ല, യൂനിറ്റ് മേധാവികള്‍ക്കുള്ള നിര്‍ദേശം.
പോക്സോ, പീഡനം, തട്ടിപ്പ് കേസ് പ്രതികളുടെയും അന്വേഷണത്തില്‍ ഉള്‍പ്പെടെ ഗുരുതരവീഴ്ച വരുത്തിയിട്ടുമുള്ളവരുടെയും വിവരങ്ങളാണ് ഡി.ജി.പി ശേഖരിക്കുന്നത്. ഒരു മാസത്തിനിടെ ശിക്ഷാനടപടി നേരിട്ടവരുടെ വിവരങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കേണ്ടവരുടെ പട്ടിക പൊലീസ് ആസ്ഥാനത്തെ പ്രത്യേക സെല്ലിൽ തയാറാക്കും. ഇതിന് ഡി.ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി.
രഹസ്യാന്വേഷണ വിഭാഗത്തിലുള്ളവരിൽ ഏറെയും രാഷ്ട്രീയ നിയമനമാണെന്നും അവർ കൃത്യമായ വിവരങ്ങൾ കൈമാറുന്നില്ലെന്ന വിലയിരുത്തലിലാണ് ദൈനംദിന റിപ്പോർട്ടുകൾ കൈമാറാൻ ആഭ്യന്തര വിജിലൻസ് സംവിധാനം രൂപവത്കരിച്ചത്.
പുതിയ സെല്ലിൽ പ്രവർത്തിക്കുന്നവരുടെ വിശദാംശങ്ങൾ ഉന്നത ഉദ്യോഗസ്ഥരെ ഉൾപ്പെടെ അറിയിക്കാതെയാണ് നീക്കം. ക്രമസമാധാന ചുമതലയില്ലാത്ത സ്പെഷൽ യൂനിറ്റുകളിൽനിന്നുള്ള എസ്.പിമാർക്കാണ് ജില്ലകളിൽ സെല്ലിന്റെ ചുമതല.
കമീഷണറേറ്റ് സംവിധാനമുള്ള നഗരങ്ങളിൽ എസ്.പിയുടെ നേതൃത്വത്തിൽ 10 ഉദ്യോഗസ്ഥരും മറ്റു ജില്ലകളിൽ എസ്.പിയുടെ നേതൃത്വത്തിൽ അഞ്ച് ഉദ്യോഗസ്ഥരുമാണ് സെല്ലിലുള്ളത്. പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പിക്കാണ് എസ്.പിമാർ ദിവസേന റിപ്പോർട്ട് നൽകേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.