നടി ആക്രമണ കേസ്; സമയം നീട്ടിച്ചോദിക്കുന്നതിൽ സർക്കാറിന് വിമർശനം
text_fieldsകൊച്ചി: നടി ആക്രമണ കേസിലെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിന്റെ ആദ്യ ക്ലോൺഡ് പകർപ്പും ഫോറൻസിക് ഇമേജും വിചാരണ കോടതിയിലെത്തിക്കാൻ ഹൈകോടതി ഉത്തരവ്. ഇവ രണ്ടും തിരുവനന്തപുരത്തെ ലാബിൽനിന്ന് വാങ്ങി മുദ്രവെച്ച കവറിൽ തിങ്കളാഴ്‌ച രാവിലെ വിചാരണ കോടതിയിലെത്തിക്കാനാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് അന്വേഷണ ഉദ്യോഗസ്ഥന് നിർദേശം നൽകിയത്.
വെള്ളിയാഴ്ചതന്നെ ഒരു പൊലീസ് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി ശനിയാഴ്ച ലാബിൽനിന്ന് അത് വാങ്ങണം. തുടരന്വേഷണം പൂർത്തിയാക്കാൻ മൂന്നാഴ്ച കൂടി ആവശ്യപ്പെട്ട് സർക്കാറും അന്വേഷണ സംഘവും നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ഹരജി വീണ്ടും തിങ്കളാഴ്ച ഉച്ചക്ക് 1.45ന് പരിഗണിക്കാൻ മാറ്റി.
മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂവിൽ 2021 ജൂലൈ 19ന് മാറ്റം വന്നുവെന്ന ഫോറൻസിക് ലാബ് റിപ്പോർട്ട് കഴിഞ്ഞ ദിവസം കോടതിയിൽ സമർപ്പിച്ചിരുന്നു. ഈ സാഹചര്യത്തിൽ കാർഡ് 2017 ഫെബ്രുവരി 25ന് അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയപ്പോഴുള്ള ഫോറൻസിക് ഇമേജും കാർഡിന്റെ ക്ലോൺഡ് പകർപ്പും ലാബിൽനിന്ന് വാങ്ങി വിചാരണ കോടതിയിൽ ഹാജരാക്കാൻ അനുവദിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു.
ഹാഷ് വാല്യൂവിലുണ്ടായ മാറ്റം വിചാരണയെ ബാധിക്കുമെന്ന ആശങ്കയുടെ ഭാഗമായാണ് ഈ ആവശ്യമുന്നയിച്ചത്. റിപ്പോർട്ട് തയാറാക്കിയ ഫോറൻസിക് വിദഗ്ധനെയും മുൻ ജയിൽ ഡി.ജി.പി ആർ. ശ്രീലേഖയെയും ചോദ്യം ചെയ്യണമെന്നും മൂന്നാഴ്ച കൂടി ഇതിനായി അനുവദിക്കണമെന്നുമായിരുന്നു ആവശ്യം.
ഓരോ തവണയും സർക്കാർ കൂടുതൽ സമയം തേടി വരുന്നതിനെ കോടതി കുറ്റപ്പെടുത്തി. ശ്രീലേഖയുടെ പ്രസ്താവനക്ക് അന്വേഷണവുമായി ബന്ധപ്പെട്ട പ്രസക്തി എന്താണെന്നും വാക്കാൽ ചോദിച്ചു.
ഫോൺ ഉടമയെ കണ്ടെത്താൻ ഊർജിത ശ്രമം
കൊച്ചി: നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് ഉപയോഗിച്ചെന്ന് കരുതുന്ന വിവോ ഫോണിന്റെ ഉടമയെ കണ്ടെത്താൻ ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതമാക്കി. സംശയമുള്ളവരുടെ ഫോൺരേഖകൾ പരിശോധിക്കാനാണ് തീരുമാനം. 2021 ജൂലൈ 19നാണ് മെമ്മറി കാർഡ് അവസാനം തുറന്നത്. അപ്പോൾ വിചാരണ കോടതിയുടെ കസ്റ്റഡിയിലായിരുന്നു.
സംശയിക്കുന്ന വ്യക്തികളിൽ ആരുടെയെങ്കിലും ഫോൺ വിചാരണ കോടതി സ്ഥിതിചെയ്യുന്ന പ്രദേശത്തെ ടവർ പരിധിയിലുണ്ടായിരുന്നോ എന്നാണ് പരിശോധിക്കുക. വാട്സ്ആപ്, ടെലഗ്രാം, ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള ആപ്പുകൾ പ്രവർത്തിച്ചിരുന്ന ഫോണിൽ പകൽ 12.19നും 12.54നും ഇടയിലാണ് മെമ്മറി കാർഡ് ഉപയോഗിച്ചത്. ഈ സമയത്തെ വിളികളാണ് പരിശോധിക്കുക. ഫോൺ തിരിച്ചറിഞ്ഞാലേ ദൃശ്യങ്ങൾ പുറത്തുപോയിട്ടുണ്ടോയെന്ന് കണ്ടെത്താനാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.