എസ്.എഫ്.ഐയിൽ പ്രായവിവാദം: ആനാവൂരിനെ കുരുക്കി നേതാവിന്റെ ശബ്ദരേഖ
text_fieldsതിരുവനന്തപുരം: സി.പി.എം തിരുവനന്തപുരം ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പനെ കുരുക്കിലാക്കി അച്ചടക്ക നടപടിക്ക് വിധേയനായ എസ്.എഫ്.ഐ മുൻ ജില്ല സെക്രട്ടറി ജെ.ജെ. അഭിജിത്തിന്റെ ശബ്ദരേഖ പുറത്ത്. പിന്നാലെ അഭിജിത്തിനെ സി.പി.എം സസ്പെൻഡ് ചെയ്തു. ലഹരി വിരുദ്ധ പ്രചാരണത്തിനിടെ ബാറിൽ കയറി മദ്യപിക്കുകയും സഹപ്രവർത്തകയോട് മോശമായി ഫോണിൽ സംസാരിക്കുകയും ചെയ്തതിന് ഡി.വൈ.എഫ്.ഐയും സി.പി.എമ്മും നടപടിയെടുത്ത അഭിജിത്ത് താൻ എസ്.എഫ്.ഐ ഭാരവാഹിയായി തുടർന്നത് വയസ്സിൽ കൃത്രിമം കാട്ടിയാണെന്ന് പറയുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. അതിന് സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉപദേശിച്ചെന്നും സംഭാഷണത്തിൽ അവകാശപ്പെട്ടു.
നേതാവായി തുടരാൻ പ്രായം കുറച്ച് പറഞ്ഞെന്നും അതിനായി ഉപദേശിച്ചത് ആനാവൂര്‍ നാഗപ്പനാണെന്നും ജില്ലയിലെ മറ്റൊരു നേതാവ് പ്രദീപിനും ഇക്കാര്യം അറിയാമായിരുന്നെന്നുമാണ് അഭിജിത്തിന്റെ വെളിപ്പെടുത്തൽ. എന്നാൽ, പ്രായം കുറച്ച് കാണിക്കാൻ താൻ ആരെയും ഉപദേശിച്ചിട്ടില്ലെന്നും തന്റെ ജോലി അതല്ലെന്നും ആനാവൂർ പ്രതികരിച്ചു. കോർപറേഷൻ മേയറുടെ കത്ത് വിഷയത്തിൽ ആരോപണവിധേയനായ ആനാവൂരിന്റെ നില കൂടുതൽ പരുങ്ങലിലാക്കുന്നതാണ് ഈ വിവാദം. തലസ്ഥാന ജില്ലയിലെ പ്രവർത്തകരെ നിയന്ത്രിക്കാൻ കഴിയുന്നില്ലെന്നും ഇത്തരക്കാരെ സംരക്ഷിക്കുന്നത് ജില്ല നേതൃത്വമാണെന്നുമുള്ള ആരോപണം സംസ്ഥാന സമിതിയിൽ ഉന്നയിക്കപ്പെട്ടതിന് പിന്നാലെയാണ് അഭിജിത്തിന്റെ ശബ്ദരേഖ പുറത്തുവരുന്നത്.
‘പല പ്രായത്തിലുള്ള സർട്ടിഫിക്കറ്റുകൾ എന്റെ കൈവശമുണ്ട്. പ്രായം കുറച്ച് പറയാൻ ഉപദേശിച്ചത് നാഗപ്പൻ സഖാവാണ്. ആരു ചോദിച്ചാലും 26 ആയെന്ന് പറയാൻ പറഞ്ഞു. 26 വയസ്സുവരെ മാത്രമേ എസ്.എഫ്.ഐയിൽ നിൽക്കാനാകൂ. എനിക്ക് 30 വയസ്സായി. ഞാൻ 1992ലാണ് ജനിച്ചത്. നിങ്ങളൊക്കെ പോയാലും ഞാൻ എസ്.എഫ്.ഐയിലുണ്ടാകും. പഴയതുപോലെ സംഘടനയിൽ വെട്ടിക്കളിക്കാൻ ആരുമില്ല’ -അഭിജിത്ത് ശബ്ദരേഖയിൽ പറയുന്നു.
ലഹരി വിരുദ്ധ കാമ്പയിനിൽ പങ്കെടുത്തശേഷം ബാറിൽ പോയി അഭിജിത്ത് മദ്യപിക്കുന്ന ദൃശ്യങ്ങൾ നേരത്തേ പുറത്തുവന്നിരുന്നു. പിന്നാലെ ജില്ല കമ്മിറ്റി അംഗമായ അഭിജിത്തിനെ ഡി.വൈ.എഫ്.ഐ പുറത്താക്കി. സി.പി.എം നേമം ഏരിയ കമ്മിറ്റി അംഗമായിരുന്ന അഭിജിത്തിനെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്താനും ഏരിയ കമ്മിറ്റി കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു. സഹപ്രവർത്തകയോട് മോശമായി ഫോണിൽ സംസാരിച്ചതിന്റെയും മദ്യപിച്ചതിന്റെയും പേരിലാണ് നടപടി. പരാതിക്കാരിയുടെ ഭർത്താവിനോട് അനുനയത്തിന് അഭിജിത്ത് ശ്രമിച്ചെന്ന പരാതി പരിശോധിക്കാൻ അന്വേഷണ കമീഷനെയും പാർട്ടി നിയോഗിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.